ത്രിപുര തദ്ദേശ തെരഞ്ഞെടുപ്പ്: പഠിക്കാൻ പാഠങ്ങളേറെ
കരിയാടൻ
ഉത്തർപ്രദേശടക്കം അഞ്ചു സംസ്ഥാനങ്ങളിൽ ആറു മാസങ്ങൾക്കകം നിയമസഭാതെരഞ്ഞെടുപ്പ് നടക്കാനിരിക്കേ, ത്രിപുരയിൽ നടന്ന തദ്ദേശ തെരഞ്ഞെടുപ്പിന്റെ ഫലങ്ങൾ വലിയ ചോദ്യചിഹ്നങ്ങൾ ഉയർത്തുന്നു. 1949ൽ ഇന്ത്യയുമായി ലയിച്ച ഈ പഴയകാല നാട്ടുരാജ്യം, കേന്ദ്രഭണപ്രദേശമായാണ് അറിയപ്പെട്ടതെങ്കിലും 1972മുതൽ ഇതിനു പൂർണ സംസ്ഥാന പദവി ലഭിക്കുകയുണ്ടായി. മിക്കവാറും അന്നു മുതൽ മാർക്‌സിസ്റ്റ് കോട്ടയായാണ് ഈ വടക്ക് കിഴക്കൻ പ്രദേശം അറിയപ്പെട്ടത്. കേരളത്തിനും ബംഗാളിനും പുറമെ മാർക്‌സിസ്റ്റ് മുഖ്യമന്ത്രിമാരെ സംഭാവന ചെയ്ത സംസ്ഥാനം. എന്നാൽ ഇപ്പോഴത്തെ സംസ്ഥാന ഭരണം 43 ശതമാനം മാത്രം വോട്ട് നേടിയ ബി.ജെ.പിയുടെ കൈകളിലാണ്. മാർക്‌സിസ്റ്റ് പാർട്ടി 42 ശതമാനം വോട്ട് നേടിയിട്ടും അവിടെ രണ്ടാം സ്ഥാനത്തായിപ്പോയി. എന്നാൽ 42 ലക്ഷം ജനസംഖ്യമാത്രമുള്ള ഈ സംസ്ഥാനത്ത് ഇന്നു രണ്ടു എം.പിമാരും ബി.ജെ.പിക്കാരത്രെ.ഇരുവരും കഷ്ടിച്ചു അമ്പതു ശതമാനം വോട്ട് മാത്രമേ നേടിയിട്ടുള്ളുവെങ്കിലും.
സ്വാഭാവികമായും പ്രാദേശിക തെരഞ്ഞെടുപ്പിൽ മുൻതൂക്കം സംഘ്പരിവാറിനുതന്നെയെന്നു പലരും കണക്കുകൂട്ടിയിരിക്കണം. എന്നാൽ നവംബർ 27നു തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളിലേക്ക് നടന്ന ഈ വിധിയെഴുത്തിൽ ബി.ജെ.പി തൂത്തുവാരുന്നതാണ് കണ്ടത്. മൊത്തം 222 സീറ്റുകളിൽ 217ലും ബി.ജെ.പി ജയിച്ചു എന്നാണ് വാർത്ത വന്നത്. മാർക്‌സിസ്റ്റ്-കോൺഗ്രസ്- തൃണമൂൽകക്ഷികൾക്ക് ജയിക്കാൻ കഴിഞ്ഞത് അഞ്ചു സീറ്റിൽ മാത്രം എന്നത് തികച്ചും അവിശ്വസനീയം. ഇടത് മുന്നണിക്ക് മൂന്നു സീറ്റ്, തൃണമുൽ കോൺഗ്രസ്സിനും തിപ്‌റഹാ മുന്നണിക്കും ഓരോ സീറ്റ് മാത്രവും. പലയിടങ്ങളിലും പ്രതിപക്ഷം തന്നെ ഇല്ലാത്ത അവസ്ഥ. തെരഞ്ഞെടുപ്പ് പ്രചാരണവേളകളിൽ നടന്ന അക്രമങ്ങളെക്കുറിച്ചും വോട്ടെടുപ്പ് സമയങ്ങളിൽ നടന്ന കള്ളവോട്ടുകളെക്കുറിച്ചും പരാതിപ്പെട്ടിട്ട് തെരഞ്ഞെടുപ്പ് കമ്മിഷൻ തിരിഞ്ഞുനോക്കുകപോലും ചെയ്തില്ല. അഗർത്തലയിൽ മാർക്‌സിസ്റ്റ് പാർട്ടി ഓഫിസ് ആക്രമിച്ചതിൽ കേസും എടുത്തില്ല. ന്യൂനപക്ഷ വോട്ടർമാരെ ഭീഷണിപ്പെടുത്തിക്കൊണ്ട് ഒക്‌ടോബർ മധ്യത്തിൽ സൃഷ്ടിച്ച വർഗീയ സംഘർഷവും ആരോപണവിധേയമായിരുന്നു. തെരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്കിടയിൽ പൊലിസിന്റെ നിഷ്‌ക്രിയത്വം മുതലാക്കി സംഘ്പരിവാർ നടത്തിയ കലാപത്തെക്കുറിച്ചുള്ള അന്വേഷണം നടത്തണമെന്ന ഒരു അഭിഭാഷകന്റെ ഹരജി സുപ്രിംകോടതിയിൽ എത്തിനിൽക്കുകയുമാണ്. രാജ്യസഭയിൽ എളമരം കരീം അടിയന്തര പ്രമേയത്തിനു നോട്ടിസ് നൽകുകയുമുണ്ടായി. ഈ ആരോപണങ്ങൾ ശരിയാണെങ്കിൽ മാസങ്ങൾക്കകം ഉത്തർപ്രദേശിലും പഞ്ചാബ്, ഉത്തരാഖണ്ഡ്, മണിപ്പൂർ, ഗോവ എന്നിവിടങ്ങളിലും നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പിന്റെ ഗതി എന്തായിരിക്കുമെന്നു ഊഹിക്കാവുന്നതേയുള്ളു. സംഘ്പരിവാർ ഭരിക്കുന്ന ഉത്തർപ്രദേശിൽ ചീഫ് സെക്രട്ടറിയായി റിട്ടയർ ചെയ്ത അനൂപ്ചന്ദ്ര പാണ്ഡയെ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷണറായി നിയമിച്ചുകഴിഞ്ഞു.
ലോക്‌സഭയിൽ 542ൽ 303 സീറ്റ് നേടി നരേന്ദ്രമോദിയെ വീണ്ടും അധികാരത്തിലേറ്റിയ 2019ലെ പൊതുതെരഞ്ഞെടുപ്പിൽ ഉന്നയിക്കപ്പെട്ട ആരോപണങ്ങൾ തന്നെ ഇനിയും സർക്കാരോ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷനോ അർഥശങ്കക്കിടയില്ലാത്തവിധം നിഷേധിച്ചിട്ടില്ല. അറുപതിനായിരം കോടി രൂപ ചെലവഴിച്ച് നടത്തിയ ആ തെരഞ്ഞെടുപ്പിൽ പ്രധാനപ്പെട്ട ആരോപണം ലക്ഷക്കണക്കിനു വോട്ടിങ്ങ് യന്ത്രങ്ങൾ കാണാനില്ല എന്നതായിരുന്നു. ഈ യന്ത്രങ്ങൾ നിർമിച്ചുനൽകിയിരുന്ന ഹൈദരാബാദിലെ ഇലക്‌ട്രോണിക്ക് കോർപറേഷൻ ഓഫ് ഇന്ത്യയും ബംഗളൂരുവിലെ ഭാരത് ഇലക്ട്രോണിക്ക് കോർപറേഷനും പറയുന്നത് 18,94,219 യന്ത്രങ്ങൾ നിർമിച്ചുനൽകിയിരുന്നെന്നും അതിനുള്ള പണം കിട്ടിയിരുന്നുവെന്നുമാണ്. അതേസമയം, തെരഞ്ഞടുപ്പ് കമ്മിഷൻ പറയുന്നതാകട്ടെ 10,14,645 യന്ത്രങ്ങൾ വാങ്ങിയെന്നാണ്. അപ്പോൾ ബാക്കിയുള്ള ലക്ഷക്കണക്കിനു യന്ത്രങ്ങൾ എവിടെപ്പോയി?
ദ ക്വിന്റ് എന്ന ഓൺലൈൻ ന്യൂസ് വെബ്‌സൈറ്റ് ചൂണ്ടിക്കാണിച്ച മറ്റൊരു പരാമർശവുമുണ്ടായിരുന്നു. 377 ലോക്സഭാ മണ്ഡലങ്ങളിൽ പോൾ ചെയ്ത വോട്ടിന്റെയും എണ്ണിയ വോട്ടിന്റെയും കണക്കുകൾ തമ്മിൽ ഒരുപാട് പൊരുത്തക്കേടുകളും കാണുന്നു എന്നതായിരുന്നു അത്. ആരോപണങ്ങൾ ഒന്നിനു പിന്നാലെ മറ്റൊന്നായി ഉയർന്നപ്പോൾ കേന്ദ്രതെരഞ്ഞെടുപ്പ് കമ്മിഷനിൽ അംഗമായിരുന്ന അശോക് ലാവസ അന്വേഷണക്കമ്മിറ്റിയിൽനിന്നു മാറി നിൽക്കുകയും ചെയ്തിരുന്നു.
പാർലമെന്റ് തെരഞ്ഞെടുപ്പിനോട് ഒപ്പംതന്നെ വേണം നിയമസഭാ തെരഞ്ഞെടുപ്പും എന്ന വാദവും അതിനിടയിൽ കേന്ദ്ര ഭരണാധികാരികൾ ഉന്നയിക്കുകയുണ്ടായി. ചെലവ് കുറക്കാൻ കൂടിയുള്ള ശ്രമമെന്ന നിലയിൽ പറഞ്ഞുകേൾക്കുമ്പോൾ നല്ലത് എന്നു തോന്നുന്ന ഈ നിർദേശം പ്രതിപക്ഷകക്ഷികളൊന്നും സ്വീകരിച്ചിട്ടില്ല. നാൽപത് രാഷ്ട്രീയപ്പാർട്ടി പ്രതിനിധികളെ വിളിച്ചുചേർത്തപ്പോൾ 21 പാർട്ടികളും അതിൽ വരാനിരിക്കുന്ന ആപത്തുകളാണ് ചൂണ്ടിക്കാട്ടിയത്. കേന്ദ്രത്തിനും സംസ്ഥാനങ്ങൾക്കും വ്യത്യസ്ത ഉത്തരവാദിത്വങ്ങൾ നിർവഹിക്കാനുള്ള ഫെഡറൽ സമ്പ്രദായത്തിനു കത്തിവയ്ക്കലാണ് ഒരു നാട് ഒരു വോട്ട് എന്ന ഈ നീക്കം തന്നെയെന്നും പ്രതിപക്ഷ കക്ഷികൾ ചൂണ്ടിക്കാണിക്കുകയുണ്ടായി. കൂടാതെ, ലോക്‌സഭാ തെരഞ്ഞെടുപ്പിലും നിയമസഭാ തെരഞ്ഞെടുപ്പിലും രാഷ്ട്രീയ കക്ഷികൾ വ്യത്യസ്ത കാര്യങ്ങളാണല്ലോ വോട്ടിങ് വിഷയങ്ങളായി ഉന്നയിക്കാറുള്ളത്.
ബി.ജെ.പി നേതൃത്വത്തിലുള്ള എൻ.ഡി.എ മുന്നണി പ്രാദേശിക തെരഞ്ഞെടുപ്പ് മുതൽ തന്നെ കരുക്കൾ നീക്കുന്നു എന്നതാണ് നാം ത്രിപുരയിൽ കാണുന്നത്. ത്രിപുരയിലെ തദ്ദേശഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന്റെ ഫലം നൽകുന്ന സൂചനയും അതത്രെ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."