നാഗാലാന്‍ഡില്‍ 12 ഗ്രാമീണരെ സുരക്ഷാ സേന വെടിവെച്ചു കൊന്നു; അക്രമികളെന്ന് തെറ്റിദ്ധരിച്ച് വെടിയുതിര്‍ത്തതെന്ന് വിശദീകരണം
നാഗാലാന്‍ഡ്: നാഗാലാന്‍ഡില്‍ സുരക്ഷാസേനയുടെ വെടിയേറ്റ് 12 ഗ്രാമവാസികള്‍ കൊല്ലപ്പെട്ടു. മോണ്‍ ജില്ലയിലാണ് സംഭവം. അക്രമികളെന്ന് തെറ്റിദ്ധരിച്ച് വെടിവെച്ചതാണെന്നാണ് വിശദജീകരണം. നാഗാലാന്‍ഡ് മുഖ്യമന്ത്രി ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ടു.
കല്‍ക്കരി ഖനിയിലെ തൊഴിലാളികളാണ് കൊല്ലപ്പെട്ടത്. ഇന്നലെ വൈകുന്നേരം കല്‍ക്കരി ഖനിയില്‍ നിന്ന് പിക്കപ്പ് ട്രക്കില്‍ വീട്ടിലേക്ക് മടങ്ങുമ്പോഴാണ് സംഭവം. സംഭവത്തെ കുറിച്ച് ജില്ലാ കലക്ടറോ മുതിര്‍ന്ന പൊലിസ് ഉദ്യോഗസ്ഥരോ പ്രതികരിച്ചിട്ടില്ല. ആറ് പേര് സംഭവ സ്ഥലത്തുവെച്ചും ആറ് പേര് ആശുപത്രിയില്‍ വെച്ചുമാണ് മരിച്ചത്. 11 പേര്‍ക്ക് പരുക്കേറ്റു.
'കുറ്റവാളികളായ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കണം. നീതി ലഭിച്ചില്ലെങ്കില്‍ കുടുംബങ്ങള്‍ മൃതദേഹങ്ങള്‍ ഏറ്റുവാങ്ങില്ല. ഞങ്ങള്‍ ദേശീയ, അന്തര്‍ ദേശീയ മനുഷ്യാവകാശ സംഘടനകളെ സമീപിക്കും' കൊന്യാക് നേതാക്കള്‍ പറഞ്ഞു.
കൊല്ലപ്പെട്ടവരുടെ ഗ്രാമത്തില്‍ നിന്ന് 15 കിലോമീറ്റര്‍ അകലെയാണ് കല്‍ക്കരി ഖനി. അവര്‍ എല്ലാ ശനിയാഴ്ചയും വീട്ടില്‍ വരും, ഞായറാഴ്ച കുടുംബാംഗങ്ങള്‍ക്കൊപ്പം ചെലവഴിച്ച് തിങ്കളാഴ്ച തിരികെ പോവുകയാണ് ചെയ്തിരുന്നത്. വീട്ടിലേക്ക് മടങ്ങുമ്പോഴാണ് കൊല്ലപ്പെട്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."