മുസ് ലിം ലീഗ് വഖഫ് സംരക്ഷണ റാലി നാളെ; ഒരുക്കങ്ങള്‍ പൂര്‍ണം
കോഴിക്കോട്: വഖഫ് ബോര്‍ഡ് നിയമനങ്ങള്‍ പി.എസ്.സിക്ക് വിട്ട സര്‍ക്കാര്‍ തീരുമാനം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് മുസ് ലിം ലീഗ് സംസ്ഥാന കമ്മിറ്റി സംഘടിപ്പിക്കുന്ന വഖഫ് സംരക്ഷണ റാലി നാളെ കോഴിക്കോട് കടപ്പുറത്ത് നടക്കും. വൈകീട്ട് മൂന്ന് മുതല്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായെത്തുന്ന പ്രവര്‍ത്തകര്‍ പ്രകടനമായി കോഴിക്കോട് കടപ്പുറത്ത് സംഗമിക്കും. ശേഷം നടക്കുന്ന പ്രതിഷേധ സംഗമത്തില്‍ മുസ് ലിം ലീഗ് സംസ്ഥാന നേതാക്കള്‍, എം.പിമാര്‍ എം.എല്‍.എമാര്‍ എന്നിവര്‍ സംസാരിക്കും.
തമിഴ്‌നാട് വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ അബ്ദുറഹ്മാന്‍ മുഖ്യാതിഥിയാവും. റാലിയിലേക്കെത്തുന്ന ജനസാഗരത്തെ വരവേല്‍ക്കാന്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി സംഘാടക സമിതി ചെയര്‍മാന്‍ ഡോ.എം.കെ മുനീര്‍ പറഞ്ഞു. റാലിയുടെ പ്രചാരണാര്‍ഥം സംസ്ഥാന വ്യാപകമായി ജില്ലാ, മണ്ഡലം, പഞ്ചായത്ത് കേന്ദ്രങ്ങളില്‍ വിളംബര റാലികളും സംഘടിപ്പിച്ചു.
അതേസമയം റാലി വിജയിപ്പിക്കണമെന്ന് പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ ആഹ്വാനം ചെയ്തു.
സര്‍ക്കാറിന്റെ തെറ്റായ നയങ്ങള്‍ തിരുത്തുന്നതിന് വേണ്ടിയാണ് റാലി സംഘടിപ്പിക്കുന്നത്. ഇടത് ഭരണത്തില്‍ പിന്നാക്ക ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് നീതി ലഭിക്കാത്ത സാഹചര്യമുണ്ട്. വിശ്വാസികള്‍ പരിപാലിക്കേണ്ട വഖഫ് ബോര്‍ഡിലേക്കുള്ള നിയമനങ്ങള്‍ പി.എസ്.സിക്ക് വിട്ട നടപടിയാണ് ഏറ്റവും ഒടുവിലുണ്ടായ നീതി നിഷേധം.
സച്ചാര്‍ റിപ്പോര്‍ട്ട് അട്ടിമറിച്ചും സംവരണ നയത്തില്‍ വെള്ളം ചേര്‍ത്തും പൗരത്വ പ്രക്ഷോഭകരെ വേട്ടയാടിയും സര്‍ക്കാര്‍ നിരന്തരമായ നീതി നിഷേധം തുടരുന്ന സാഹചര്യത്തിലാണ് മുസ് ലിം ലീഗ് ശക്തമായി സമരമുഖത്തേറിങ്ങുന്നത്. പിന്നോക്ക സമുദായത്തിന്റെ അഭിമാനവും അന്തസ്സും സംരക്ഷിക്കുന്നതിന് വേണ്ടിയുള്ള പോരാട്ടമാണിതെന്നു തങ്ങള്‍ പറഞ്ഞു. പിന്നോക്ക വിഭാഗങ്ങളുടെ അവകാശങ്ങളെ ഇല്ലാതാക്കാന്‍ ശ്രമിക്കുന്ന അധികാരത്തിന്റെ അഹങ്കാരത്തിനെതിരായ താക്കീതായി റാലി മാറുമെന്ന കാര്യം ഉറപ്പാണ്. അച്ചടക്കത്തോടെയും നേതാക്കളുടെ നിര്‍ദേശങ്ങള്‍ അനുസരിച്ചും പ്രവര്‍ത്തകര്‍ റാലിയെ വന്‍ വിജയമാക്കണമെന്ന് തങ്ങള്‍ അഭ്യര്‍ത്ഥിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."