സ്ത്രീകൾക്കും കുട്ടികൾക്കുമെതിരേയുള്ള അതിക്രമങ്ങൾ: ഉടൻ നടപടി വേണമെന്ന് ഡി.ജി.പി കേസന്വേഷണത്തിന് പുതിയ മാർഗരേഖ
തിരുവനന്തപുരം
സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായ അതിക്രമങ്ങൾ സംബന്ധിച്ച പരാതികളിൽ ഉടൻ നടപടി വേണമെന്ന് ഡി.ജി.പിയുടെ നിർദേശം. ഇന്നലെ എസ്.പിമാർ മുതൽ മുകളിലേക്കുള്ള ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചാണ് ഡി.ജി.പി കർശന നിർദേശം നൽകിയത്.
നിലവിലുളള കേസുകളിൽ ഈ മാസം 31നകം കുറ്റപത്രം നൽകണം. ഐ.ജിമാർക്കാണ് മേൽനോട്ടച്ചുമതല. ഗാർഹിക പീഡന പരാതികളിൽ ഉടൻ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തണം. പൊലിസുകാരുടെ പെരുമാറ്റത്തെക്കുറിച്ച് പരാതി വന്നാൽ എസ്.പിമാർ അന്വേഷിക്കണം. കേസന്വേഷണമുൾപ്പെടയുള്ള പൊലിസിൻ്റെ പ്രവർത്തനങ്ങൾക്കായി പുതിയ മാർഗരേഖയും ഡി.ജി.പി മുന്നോട്ടുവച്ചു.
സംസ്ഥാനത്ത് വിവിധ കോണുകളിൽനിന്ന് പൊലിസിനെതിരേ പരാതികൾ വ്യാപകമായ സാഹചര്യത്തിലാണ് ഡി.ജി.പി പൊലിസ് ആസ്ഥാനത്ത് ഉന്നതോദ്യോഗസ്ഥരുടെ യോഗം വിളിച്ചത്. കുട്ടികൾക്കെതിരായ അതിക്രമങ്ങൾ സംബന്ധിച്ച ആയിരത്തിലധികം കേസുകളിൽ കുറ്റപത്രം നൽകാനുണ്ട്. ഇതു കണക്കിലെടുത്താണ് കാലതാമസം ഒഴിവാക്കണമെന്ന കർശന നിർദേശം നൽകിയത്.
കൂടാതെ തീവ്ര സ്വഭാവമുള്ള സംഘടനകളുടെ പ്രവർത്തനം നിരീക്ഷിക്കണമെന്നും രഹസ്യവിവര ശേഖരണം ഊർജിതമാക്കണമെന്നും ഡി.ജി.പി നിർദേശിച്ചു. പൊതുജനങ്ങളോട് പൊലിസ് മാന്യമായി പെരുമാറണമെന്നും നിർദേശമുണ്ട്. സംസ്ഥാനത്തെ സുരക്ഷാ വെല്ലുവിളികൾ ഇൻ്റലിജൻസ് എ.ഡി.ജി.പി യോഗത്തിൽ റിപ്പോർട്ട് ചെയ്തു. രണ്ടു വർഷത്തിനു ശേഷമാണ് പൊലിസ് ആസ്ഥാനത്ത് ഉന്നതോദ്യോഗസ്ഥരുടെ യോഗം ചേർന്നത്. സംസ്ഥാനത്ത് ചില പൊലിസുദ്യോഗസ്ഥരുടെ പെരുമാറ്റം അതിരുവിടുന്നതായി യോഗത്തിൽ ചില ഉദ്യോഗസ്ഥർ വിമർശനമുന്നയിക്കുകയും ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."