സി.പി.എം വിടുന്നവരുടെ കൂടാരമാകരുത് സി.പി.ഐ: മുഖ്യമന്ത്രി
സുരേഷ് മമ്പള്ളി
കണ്ണൂർ
പാർട്ടിയോട് വിയോജിച്ച് പുറത്തുപോകുന്നവരുടെ കൂടാരമായി സി.പി.ഐ മാറരുതെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. നിസാര പ്രശ്‌നങ്ങളുടെ പേരിൽ സി.പി.എമ്മുമായി അകലുന്നവർക്ക് വഴിയമ്പലം പോലെയാണ് കണ്ണൂരിലടക്കം കഴിഞ്ഞ കുറേനാളായി സി.പി.ഐയുടെ പ്രവർത്തനമെന്നും പിണറായി തുറന്നടിച്ചു.
തളിപ്പറമ്പ്, പേരാവൂർ, കണ്ണൂർ ടൗൺ എന്നിവിടങ്ങളിൽനിന്ന് നേതാക്കളടക്കം കൂട്ടത്തോടെ സി.പി.ഐയിലേക്ക് ഒഴുകിയതാണ് മുഖ്യമന്ത്രിയെ ചൊടിപ്പിച്ചത്. ഘടകകക്ഷി എന്ന നിലയിലുള്ള രാഷ്ട്രീയമര്യാദ സി.പി.ഐ പുലർത്തണമെന്നും അദ്ദേഹം ഓർമിപ്പിച്ചു. എരിപുരത്ത് സി.പി.എം കണ്ണൂർ ജില്ലാ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
പൊലിസ് സ്‌റ്റേഷനുകളിൽ സി.പി.എം പ്രവർത്തകരുടെ അനാവശ്യ ഇടപെടൽ വേണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. തദ്ദേശഭരണത്തിലും പാർട്ടിപ്രവർത്തകർ അനാവശ്യമായി കൈകടത്തേണ്ട.പൊലിസ് സ്റ്റേഷനുകളെ പാർട്ടി ഓഫിസുകളാക്കുന്നുവെന്ന വ്യാപക വിമർശനത്തെ തുടർന്നാണ് മുഖ്യമന്ത്രി പ്രവർത്തകരോട് സ്വരംകടുപ്പിച്ചത്.
തദ്ദേശ സ്ഥാപനങ്ങളിൽ ഒരു കാരണവശാലും പാർട്ടിപ്രവർത്തകർ അനാവശ്യ ഇടപെടൽ നടത്തരുത്. തദ്ദേശ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട് എന്തെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ അതതു പാർട്ടി ഘടകത്തിൽ അറിയിച്ച് വിവേകപൂർവം കൈകാര്യം ചെയ്യണമെന്നും മുഖ്യമന്ത്രി ഓർമിപ്പിച്ചു.
ഭരണത്തുടർച്ച കിട്ടിയ സംസ്ഥാനങ്ങളിൽ പ്രവർത്തകരുടെ അമിതാധികാര പ്രകടനങ്ങൾ പാർട്ടിക്ക് തിരിച്ചടിയായതുകൂടി ചൂണ്ടിക്കാട്ടിയായിരുന്നു പിണറായിയുടെ താക്കീത്.
സഹകരണ മേഖലയുടെ വിശ്വാസ്യത തകർക്കുന്ന പ്രവർത്തനങ്ങളും പാർട്ടി പ്രവർത്തകരുടെ ഭാഗത്തുനിന്ന് ഉണ്ടാകരുതെന്ന് മുഖ്യമന്ത്രി ഓർമിപ്പിച്ചു.
പേരാവൂരിലെ ചിട്ടി തട്ടിപ്പിൽ പ്രാദേശിക നേതൃത്വം ഉൾപ്പെട്ടതിന്റെ പശ്ചാത്തലത്തിലായിരുന്നു പിണറായിയുടെ പ്രതികരണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."