മറഡോണയുടെ വാച്ച് മോഷ്ടിച്ച് ഇന്ത്യയിലേക്ക് കടന്നു; ഒരാൾ അറസ്റ്റിൽ
ഗുവാഹത്തി: അന്തരിച്ച ഫുട്‌ബോൾ ഇതിഹാസം ഡീഗോ മറഡോണയുടെ വാച്ച് മോഷ്ടിച്ച് ഇന്ത്യയിലേക്ക് കടന്നയാളെ അസമിൽനിന്ന് അറസ്റ്റ് ചെയ്തു. അസമിലെ ശിവഗർ ജില്ലയിൽനിന്നാണ് വാച്ചോടുകൂടി വാസിദ് ഹുസൈൻ എന്നയാളെ അറസ്റ്റ് ചെയ്തത്. മറഡോണയുടെ വസ്തുവകകൾ സൂക്ഷിച്ചിരുന്ന ദുബൈയിലെ കമ്പനിയിൽ സുരക്ഷാ ജീവനക്കാരനായിരുന്നു ഇയാളെന്നാണ് പൊലീസ് നൽകുന്ന വിവരം.
ദുബൈയിലെത്തിയ ഇയാൾ ഈ കമ്പനിയിലാണ് ജോലി ചെയ്തിരുന്നത്. ഇക്കഴിഞ്ഞ ഓഗസ്റ്റിൽ നാട്ടിലേക്കു മടങ്ങിയിരുന്നു. പിതാവിനു സുഖമില്ലെന്ന് വ്യക്തമാക്കി അവധിയെടുത്തായിരുന്നു മടക്കം. ഇതിനിടെയാണ് മറഡോണയുടെ വസ്തുക്കൾ സൂക്ഷിച്ചിരുന്ന അലമാര കമ്പനിയിൽനിന്ന് മോഷണം പോയതായി കണ്ടെത്തിയത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഇയാൾക്കും മോഷണത്തിൽ പങ്കുണ്ടെന്ന് കണ്ടെത്തി.
മോഷണ മുതലുമായാണ് വാസിദ് ഹുസൈൻ ഇന്ത്യയിലെത്തിയതെന്ന് ദുബൈയ് പൊലിസ് അറിയിച്ചതു മുതൽ അസം പൊലിസ് അന്വേഷണത്തിലായിരുന്നു. ഇതിന്റെ തുടർച്ചയായാണ് അസമിലെ വീട്ടിൽനിന്ന് മോഷ്ടാവിനെ അറസ്റ്റ് ചെയ്തത്. തുടർന്ന് നടത്തിയ പരിശോധനയിൽ വാച്ചും കണ്ടെത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."