മോഫിയ കേസിൽ പ്രതിഷേധിച്ചവർക്ക് തീവ്രവാദ ബന്ധമുണ്ടോയെന്ന് അന്വേഷിക്കണമെന്ന് പൊലിസ്
സ്വന്തം ലേഖകൻ
കൊച്ചി
ആലുവയിൽ നിയമവിദ്യാർഥി മോഫിയ പർവീണിന്റെ ആത്മഹത്യാക്കേസുമായി ബന്ധപ്പെട്ട് പ്രതിഷേധിച്ച കോൺഗ്രസ് നേതാക്കളെ തീവ്രവാദികളാക്കി മുദ്രകുത്തി പൊലിസ്.
കോടതിയിൽ സമർപ്പിച്ച കസ്റ്റഡി അപേക്ഷയിലാണ് സമരം ചെയ്ത ഒന്നാം പ്രതി കെ.എസ്.യു ആലുവ മണ്ഡലം പ്രസിഡന്റ് അൽ അമീൻ, നാലാം പ്രതി കോൺഗ്രസ് കീഴ്മാട് മണ്ഡലം പ്രസിഡന്റ് നജീബ്, അഞ്ചാം പ്രതി കീഴ്മാട് ബൂത്ത് വൈസ് പ്രസിഡന്റ് അനസ് എന്നിവർക്ക് തീവ്രവാദ ബന്ധമുണ്ടോ എന്ന് അന്വേഷിച്ച് അറിയണമെന്ന് പൊലിസ് രേഖപ്പെടുത്തിയിരിക്കുന്നത്.
പ്രതിഷേധത്തിനിടെ പ്രവർത്തകർ ജലപീരങ്കിയുടെ മുകളിൽ കയറി കൊടിനാട്ടി. ഇതിന്റെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തിട്ടുണ്ടെന്നും ഇത് ഏതെങ്കിലും തരത്തിലുള്ള തീവ്രവാദ ബന്ധത്തിന്റെ പേരിലാണോ ചെയ്തതെന്ന് കണ്ടെത്തേണ്ടതുണ്ടെന്നും റിപ്പോർട്ടിൽ പരാമർശിക്കുന്നു. ഇവരെ ജാമ്യത്തിൽ വിട്ടാൽ കലാപത്തിന് ആഹ്വാനം ചെയ്യാനുള്ള സാധ്യതയുണ്ടെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. ഭർതൃവീട്ടിലെ പീഡനത്തെ തുടർന്ന് ആത്മഹത്യ ചെയ്ത മോഫിയയ്ക്ക് നീതി തേടിയാണ് ആലുവ പൊലിസ് സ്റ്റേഷനു മുന്നിൽ കോൺഗ്രസ് നേതൃത്വത്തിൽ സമരം നടത്തിയത്. സമരത്തിനിടെയുണ്ടായ സംഘർഷത്തിൽ പൊതുമുതൽ നശിപ്പിച്ചതടക്കം കുറ്റംചുമത്തി 12 പേർക്കെതിരേ പൊലിസ് കേസെടുത്തിരുന്നു.
പേരും മതവുമാണോ
പ്രശ്‌നം?: കോൺഗ്രസ്
പൊലിസിന്റെ തീവ്രവാദ പരാമർശത്തിനെതിരേ പ്രതിഷേധവുമായി കോൺഗ്രസ്. മുസ്‌ലിം പേരുകൾ കേൾക്കുമ്പോൾ തീവ്രവാദി ബന്ധം ആരോപിക്കുന്ന സംഘ്പരിവാർ നിലവാരത്തിലേക്ക് മുഖ്യമന്ത്രി പിണറായി വിജയനും പൊലിസും തരംതാണിരിക്കുന്നുവെന്ന് ബെന്നി ബെഹനാൻ എം.പി ആരോപിച്ചു.
സമരം ചെയ്യുന്നവരെ തീവ്രവാദിയാക്കുന്ന പൊലിസ് നയം കേരളത്തിന് അപമാനമാണെന്ന് അൻവർ സാദത്ത് എം.എൽ.എ വ്യക്തമാക്കി.പ്രവർത്തകരുടെ പേരും മതവുമാണോ പൊലിസിന്റെ പ്രശ്‌നമെന്ന് വ്യക്തമാക്കണമെന്ന് ഡി.സി.സി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."