HOME
DETAILS

രാമസിംഹനും ത്യാഗിയും കാഴ്ചവയ്ക്കുന്ന മാതൃക

  
backup
December 12 2021 | 21:12 PM

452-4563543

കാണാപ്പുറം

എ. റശീദുദ്ദീൻ


ഇസ്‌ലാം മതം ഉപേക്ഷിച്ച സംഘ്പരിവാറിന്റെ സനാതന ഹിന്ദുത്വ ധര്‍മം സ്വീകരിച്ച രണ്ടു മാന്യന്‍മാര്‍ കഴിഞ്ഞ ദിവസങ്ങളില്‍ വാര്‍ത്തകളില്‍ നിറഞ്ഞു. മലയാളി മുസ്‌ലിംകളുടെ കൂട്ടത്തിലെ ഏറ്റവും വലിയ മുസ്‌ലിം വിരുദ്ധനെന്ന് വിശേഷിപ്പിക്കാനാവുന്ന സിനിമാ സവിധായകന്‍ അലി അക്ബറാണ് ഒരാള്‍. അദ്ദേഹത്തെ പലമടങ്ങ് കടത്തിവെട്ടുന്ന ഉത്തരേന്ത്യന്‍ പതിപ്പും ശിയാ വഖ്ഫ് ബോര്‍ഡ് ചെയര്‍മാനുമായ വസീം റിസ്‌വിയാണ് രണ്ടാമന്‍. രണ്ടുപേരും യഥാര്‍ഥത്തില്‍ എന്തെങ്കിലും ഉപേക്ഷിച്ചതിന് തെളിവൊന്നുമില്ലെങ്കിലും കഴിഞ്ഞ കുറേക്കാലമായി ഇവര്‍ കൊണ്ടുനടന്ന ഇസ്‌ലാം വിരുദ്ധ നിലപാടുകളോട് ഏറെ വൈകിയെങ്കിലും രാഷ്ട്രീയമായി സത്യസന്ധത പുലര്‍ത്തുകയാണ് ചെയ്തത്. അതുകൊണ്ടുതന്നെ അവരുടെ പ്രഖ്യാപനങ്ങള്‍ ഹൃദയപൂര്‍വ്വം സ്വാഗതം ചെയ്യപ്പെടേണ്ടതുണ്ട്. അലി അക്ബര്‍ ഇനി മുതല്‍ തന്റെ പേര് രാമസിംഹന്‍ എന്നായിരിക്കുമെന്ന് വ്യക്തമാക്കിയപ്പോള്‍ റിസ്‌വി സ്വീകരിച്ച പേരിന് ഒരു സവിശേഷതയുണ്ടായിരുന്നു. ജിതേന്ദ്ര നാരായണ്‍ സിംഗ് എന്ന പേരിനൊപ്പം ത്യാഗി എന്ന ബ്രാഹ്മണ ഗോത്ര നാമം കൂടി റിസ്‌വിക്ക് കൂട്ടിച്ചേര്‍ക്കാനായി. ജന്മം കൊണ്ടല്ലാതെ ഇന്നോളം ആരും നേടിയിട്ടില്ലാത്ത ജാതിയുടെ ഏറ്റവും വിശേഷപ്പെട്ട പട്ടങ്ങളിലൊന്ന് ചെറിയൊരു പൂജയിലൂടെയാണ് ഗാസിയാബാദിലെ ദസ്‌നാ ദവി ക്ഷേത്രത്തിന്റെ മുഖ്യ പൂജാരി റിസ്‌വിക്ക് ചേര്‍ത്തു കൊടുത്തത്. അലിഅക്ബറിൻ്റേത് സ്വയം പ്രഖ്യാപിത മതംമാറ്റമായതു കൊണ്ട് അദ്ദേഹത്തെ സ്വീകരിക്കാനോ പേരിടാനോ ഒന്നും ആരും ഉണ്ടായിരുന്നില്ല.


ഡല്‍ഹിയിലെ മാധ്യമ പ്രവര്‍ത്തകര്‍ക്ക് വളരെക്കാലമായി പരിചയമുള്ള ഈ വസീം റിസ്‌വി കഴിഞ്ഞ കുറെക്കാലമായി മുസ്‌ലിം വിരുദ്ധതയുടെ രാഷ്ട്രീയം കളിച്ചു കൊണ്ടിരുന്നയാളാണ്. വിശുദ്ധ ഖുര്‍ആനില്‍ നിന്നും 26 വരികള്‍ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ ഈയിടെ അദ്ദേഹം ഹരജി നല്‍കിയിരുന്നു. റിസ്‌വി സുപ്രീംകോടതിയില്‍ എഴുതി നല്‍കിയ സൂക്തങ്ങള്‍ ഖുര്‍ആനില്‍ ഉണ്ടെന്ന് തന്നെ തെളിയിക്കാന്‍ അദ്ദേഹത്തിന് കഴിയാതിരുന്നപ്പോഴാണ് 50,000 രൂപ പിഴ അടച്ച് കോടതിയുടെ ശാസന ഏറ്റു വാങ്ങി പരിഹാസ്യനായി ഇദ്ദേഹം മടങ്ങിയത്. നന്നെ ചുരുങ്ങിയത് ഖുര്‍ആനില്‍ എന്തുണ്ട് എന്തില്ല എന്നതെങ്കിലും ശരാശരി മുസ്‌ലിമിന് ധാരണയുണ്ടാവണമല്ലോ. അതുപോലും മുസ്‌ലിം വിരുദ്ധരില്‍ നിന്നും എഴുതി വാങ്ങി കോടതിയില്‍ പോയ, സ്വന്തം നിലയില്‍ ഖുര്‍ആന്‍ ഒരാവര്‍ത്തി വായിച്ചു നോക്കി ഉറപ്പുവരുത്തണമെന്ന സാമാന്യ വിവരം പോലുമില്ലാത്ത 'മുസ്‌ലിം' ആയിരുന്നു വസീം റിസ്‌വി. പക്ഷെ യു.പി രാഷ്ട്രീയത്തിന്റെ സവിശേഷമായ പഴുതുകള്‍ ഉപയോഗപ്പെടുത്തി ശിയാ സമൂഹത്തിനകത്ത് സ്വന്തമായ വോട്ട്ബാങ്ക് അദ്ദേഹം സൃഷ്ടിച്ചുണ്ടാക്കിയിരുന്നു. ലഖ്‌നൗവിലെ കശ്മീരി മൊഹല്ല എന്ന വാര്‍ഡില്‍ നിന്നും സമാജ്‌വാദി പാര്‍ട്ടിയുടെ കൗണ്‍സിലറായി മത്സരിച്ച് ജയിക്കുകയുമുണ്ടായി. 2007ല്‍ മുലായം സിംഗിന്റെ കാലത്ത് ശിയാ വഖഫ്‌ബോര്‍ഡിന്റെ ചെയര്‍മാനായി കയറിപ്പറ്റിയ റിസ്‌വിക്കെതിരെ വഖഫ് സ്വത്തുക്കള്‍ അടിച്ചു മാറ്റിയതുമായി ബന്ധപ്പെട്ട് മൂന്ന് കേസുകള്‍ യു.പിയില്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടു. ഈ വിഷയത്തില്‍ കല്‍ബെ ജവാദ് എന്ന ശിയാ സമൂഹത്തിന്റെ പ്രബലനായ നേതാവുമായി ഉടക്കി 2012ല്‍ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കപ്പെട്ട റിസ്‌വി കുറെക്കാലം റാംപൂരില്‍ അസംഖാന്റെ ശിങ്കിടിയായി രാഷ്ട്രീയം കളിച്ചു നടന്നുവെങ്കിലും എവിടെയും എത്തിയില്ല.


റിസ്‌വിക്കെതിരെയുള്ള വഖ്ഫ് അഴിമതി കേസുകള്‍ ആദിത്യനാഥ് സി.ബി.ഐക്ക് വിട്ടതോടെയാണ് ഇയാള്‍ കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ബി.ജെ.പിയുടെ അടിമയായി മാറിയത്. ബാബരി മസ്ജിദ്, മുത്തലാഖ്, സിവില്‍കോഡ് വിഷയങ്ങളിലെല്ലാം മുസ്‌ലിം പക്ഷത്തെ എതിര്‍ക്കുന്ന ഇയാളുടെ പ്രസ്താവനകള്‍ക്ക് ഇങ്ങനെയൊരു രാഷ്ട്രീയ പശ്ചാത്തലം കൂടിയുണ്ട്. കൊവിഡ് കാലത്ത് തബ്‌ലീഗ് ജമാഅത്തിനെതിരെ ഏറ്റവും വിഷലിപ്തമായ പ്രസ്താവനകള്‍ പുറപ്പെടുവിച്ചവരിലൊരാളാണ് റിസ്‌വി. വഖ്ഫ് കേസുകള്‍ ഉയര്‍ത്തിക്കാട്ടി ഇയാളെ ആദിത്യനാഥ് കൃത്യമായി ബ്ലാക്മെയില്‍ ചെയ്യുകയായിരുന്നുവെന്നാണ് സംശയിക്കപ്പെട്ടത്. ബാബരി മസ്ജിദ് നിലനിന്ന സ്ഥലത്ത് രാമക്ഷേത്രം പണിയുകയും പകരം ലഖ്‌നൗവിലെ ഹസാരിബാഗില്‍ മുസ്‌ലിംകള്‍ക്ക് പള്ളി നിർമിച്ചുകൊടുക്കണമെന്നും ശ്രീ ശ്രീ രവിശങ്കര്‍ വഴി ഉണ്ടാക്കിയ 'ഒത്തുതീര്‍പ്പ് ഫോര്‍മുല' യുടെ പിന്നിലുണ്ടായിരുന്നത് റിസ്‌വിയാണ്. രാജ്യത്ത് ഭീകരവാദം വളര്‍ത്തുന്ന കേന്ദ്രങ്ങളായ മദ്റസകള്‍ക്ക് സഹായം കൊടുക്കുന്ന മുഖ്താര്‍ അബ്ബാസ് നഖ്‌വിയെ കേന്ദ്ര മന്ത്രിസഭയില്‍ നിന്നും പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് നരേന്ദ്ര മോദിക്ക് കത്തയച്ച ചരിത്രവും ഈ ശിയാ നേതാവിനുണ്ട്.
രാമക്ഷേത്രത്തിന് തറക്കല്ലിടുന്ന വേളയില്‍ ക്ഷണക്കത്ത് ലഭിച്ച മൂന്ന് മുസ്‌ലിംകളില്‍ ഒരാളായി റിസ്‌വി മാറിയത് വെറുതെയൊന്നുമല്ല. ഡിസംബര്‍ ആറിന്റെ വാര്‍ഷിക ദിനത്തില്‍ തന്നെ റിസ്‌വി ഹിന്ദുമതം സ്വീകരിച്ച് നന്ദി പ്രകാശിപ്പിക്കുകയും ചെയ്തു. ഒരുപക്ഷേ ആസന്നമായ അസംബ്ലി തെരഞ്ഞെടുപ്പില്‍ രാമക്ഷേത്രം പറഞ്ഞ് വോട്ടുപിടിക്കാന്‍ ബി.ജെ.പി മുന്നിലിറക്കുക ത്യാഗിയായ ഈ രാഷ്ട്രീയ ഭിക്ഷുവിനെ ആയിരിക്കും. പക്ഷെ ഇതിനൊക്കെ ഇസ്‌ലാം മതവുമായോ മുസ്‌ലിംകളുമായോ എന്ത് ബന്ധം? റിസ്‌വി കൊണ്ടുനടന്ന 'ഉദരനിമിത്ത ബഹുകൃത വേഷങ്ങളെ' യും അയാളിലെ ആര്‍ത്തിപ്പണ്ടാരമായിരുന്ന അഴിമതി വീരനെയും ഹിന്ദുമതത്തിനു പോലും ഉള്‍ക്കൊള്ളാനാവുമോ? സംശയമാണ്.


അലി അക്ബര്‍ എന്തൊക്കെയാണ് ഉപേക്ഷിച്ചതെന്ന് ഇനിയുള്ള കാലത്ത് തെളിയാനിരിക്കുന്നതേ ഉള്ളൂ. മനസ്സിലാക്കാനായിടത്തോളം സ്വന്തം പിതാവ് അടയാളമായി ചാര്‍ത്തി കൊടുത്ത, ഇത്രയും കാലം മാര്‍ക്കറ്റിലെ തന്റെ ഏറ്റവും വലിയ വിപണന സാധ്യതയായി നിലനിന്ന പേര് ഉപേക്ഷിച്ചുവെന്നാണ് അലി അക്ബര്‍ അവകാശപ്പെടുന്നത്. ഇത്രയും കാലം കൊണ്ടുനടന്ന പ്രായോജകര്‍ക്ക് അയാളെ രാമസിംഹന്‍ എന്നു വിളിക്കുന്നതില്‍ എന്താണ് നേട്ടമെന്നത് വ്യക്തമല്ല. അലി അക്ബറിനെയും റിസ്‌വിയെയും ബി.ജെ.പിക്ക് ആവശ്യമുള്ളത് സിംഹങ്ങളായും പുലികളായൊന്നുമല്ല. അവരുടെ പഴയ പേരുകള്‍ തന്നെയായിരുന്നു പ്രധാനം. ഇരുവരുടെയും മാര്‍ക്കറ്റ് വാല്യു കുത്തനെ ഇടിയുകയാണ് ഈ മതം മാറ്റങ്ങളിലൂടെ സംഭവിച്ചത്. രാമസിംഹന്‍ എന്ന പേര് സീകരിച്ചതു വഴി വാരിയന്‍ കുന്നന്റെ മറുപുറത്ത് പുതിയൊരു പ്രതീകത്തെ താന്‍ ഉണ്ടാക്കുമെന്നും മറ്റും അലി അക്ബര്‍ കരുതുന്നുണ്ടെങ്കില്‍ അത് സ്വപ്‌നം കാണാനുള്ള അയാളുടെ ജനാധിപത്യപരമായ അവകാശം മാത്രമാണ്.


ചരിത്രത്തിന്റെ താളുകളില്‍ നിന്നിറങ്ങി നാടു തീണ്ടാനെത്തുന്ന കേവലമൊരു വിദൂഷക വേഷം മാത്രമാവുകയാണ് പുതിയ രാമസിംഹന്‍. ഓന്തിനു പോലും തോന്നുന്നുണ്ടാവില്ലേ താനൊരു ചെറിയ ദിനോസറാണെന്ന്. അതിനോട് ആരെങ്കിലും കലഹിക്കുന്നുണ്ടോ? കേരളത്തിലെ മുസ്‌ലിംകള്‍ ഈ മതംമാറ്റത്തെ സോഷ്യല്‍ മീഡിയയില്‍ പടക്കം പൊട്ടിച്ച് ആഹ്ലാദിക്കുന്നതില്‍ നിന്ന് തന്നെ ഒരു കാര്യം വ്യക്തമാണ്. അലി അക്ബറിന്റെ പേര് അയാളേക്കാള്‍ അവര്‍ക്കായിരുന്നു ഇത്രയും കാലം ഭാരമായിരുന്നത്. ഇതുപോലെ വേറെയുമുണ്ട് പേരുകള്‍ കൊണ്ട് ജീവിക്കുന്ന ചില പരാന്ന ഭോജികള്‍. ആ പട്ടികയില്‍ ഇനിയും ബാക്കിയുള്ള ശേഷിച്ച മാന്യന്‍മാരും മഹിളകളും കൂടി എത്രയും പെട്ടെന്ന് സ്റ്റാന്‍ഡ് വിട്ടു സനാതനന്‍മാരുടെ വണ്ടിയില്‍ കയറിയിരുന്നെവങ്കിലെന്ന് മുസ്‌ലിം സമുദായം ആത്മാര്‍ഥമായും ആഗ്രഹിക്കുന്നുവെന്നാണ് ഈ പ്രതികരണങ്ങള്‍ വ്യക്തമാക്കുന്നത്.


രണ്ടു മതങ്ങളെ തമ്മിലടിപ്പിച്ചു നിലനിര്‍ത്താനായി ഹിന്ദുത്വ രാഷ്ട്രീയം സ്വീകരിച്ച അടവു നയത്തിന്റെ ഭാഗമായാണ് ഈ പേരുകളെ അവര്‍ ചുമന്നു നടന്നത്. ഒന്നോ രണ്ടോ കെട്ട കിഴങ്ങുകള്‍ പെറുക്കിയെടുത്ത് ചാക്കിലുള്ള മുഴുവന്‍ ഉരുളക്കിഴങ്ങിനെയും തള്ളിപ്പറയാനുള്ള അവസരമുണ്ടാക്കുകയായിരുന്നു അവര്‍. അങ്ങനെ നോക്കുമ്പോള്‍ ഹിന്ദുമതം സ്വീകരിച്ച് ആത്മീയ വിശുദ്ധി നേടിയ റിസ്‌വിയെയും അലി അക്ബറിനെയും സംഘ്പരിവാര്‍ രാഷ്ട്രീയം ഇനിയുള്ള കാലത്ത് പഴയതു പോലെ നെഞ്ചിലേറ്റുമോ എന്നത് കണ്ടറിയണം.


മാന്യമായ പുനരധിവാസ പാക്കേജെങ്കിലും കിട്ടിയാല്‍ അതായിരിക്കും അല്‍ഭുതം. ബി.ജെ.പിയെ അലോസരപ്പെടുത്തുന്ന ഒരുപാട് അസുഖകരമായ ചോദ്യങ്ങള്‍ ഈ മതം മാറ്റങ്ങള്‍ ഉയര്‍ത്തുന്നത് കാണാതിരിക്കാന്‍ പാര്‍ട്ടിക്കു കഴിയില്ല. ഹിന്ദുമതത്തിന്റെ എതിര്‍പക്ഷത്ത് ജനിച്ച വസീം റിസ്‌വിക്ക് വളരെ ലളിതമായ പൂജയിലൂടെ ബ്രാഹ്മണന്‍ ആയി മാറാനാവുമെങ്കില്‍ ഹിന്ദുമതത്തില്‍ തന്നെ ജനിച്ചു വീണ താഴ്ന്ന ജാതിക്കാര്‍ക്കും അങ്ങനെ സവര്‍ണരായി മാറാന്‍ കഴിയില്ലേ?


മഹാത്മാ ഗാന്ധിജിക്കു പോലും കഴിയാതിരുന്ന അയിത്തോച്ചാടനത്തിന്റെ ഏറ്റവും ലളിതമായ മാതൃകയല്ലേ റിസ്‌വിയുടെ മതം മാറ്റത്തിലൂടെ ഹിന്ദുത്വ രാഷ്ട്രീയം ഇന്ത്യക്ക് പരിചയപ്പെടുത്തിയത്? അലി അക്ബര്‍ സ്വീകരിച്ചതു പോലുള്ള ജാതിയും മതവുമില്ലാത്ത സനാതന ഹിന്ദുമതം ഉണ്ടെന്ന് വരുന്നതും രാജ്യത്തെ എണ്ണമറ്റ കീഴ്ജാതിക്കാര്‍ക്ക് ആശ്വാസമാവേണ്ടതല്ലേ? അതായത് ജാതിയുടെ ആ വാല്‍ മുറിച്ചു കളയാനെങ്കിലും കഴിയുക എന്നത് അവരെ സംബന്ധിച്ചേടത്തോളം അങ്ങേയറ്റത്തെ വിമോചനമല്ലേ? അങ്ങനെ നോക്കുമ്പോള്‍ സ്വാമി വിവേകാനന്ദേനോ ശ്രീനാരായണ ഗുരുവിനോ അയ്യങ്കാളിക്കോ ഒന്നും സാധ്യമാവാതിരുന്ന വിപ്ലവ മാതൃകയാണ് രാമസിംഹനായി മാറിയ അലി അക്ബര്‍ കാഴ്ചവച്ചത്. മുസ്‌ലിംകള്‍ മാത്രമല്ല പുരോഗമനേഛുക്കളായ ഹിന്ദുമത വിശ്വാസികളും ഈ മതം മാറ്റത്തെ അനുമോദിക്കുകയും ആഘോഷിക്കുകയുമാണ് വേണ്ടത്.
മതംമാറ്റത്തെ കുറ്റകരമാക്കി മാറ്റിയെടുക്കുന്നതിന് ഇതുവരെ ചുട്ടെടുത്തതും നിലവില്‍ ചുട്ടുകൊണ്ടിരിക്കുന്നതുമായ നിയമങ്ങള്‍ ബി.ജെ.പി സര്‍ക്കാറുകള്‍ക്ക് പുനപരിശോധിക്കുകയുമാവാം. വിട്ടു പോകുന്നതില്‍ ജനിച്ചു വീണ സമുദായമൊന്നടങ്കം അര്‍മാദിച്ചാഘോഷിക്കുന്ന കുറെ 'അഞ്ചാംപത്തി'കളെ കിട്ടിയിട്ട് ഹിന്ദുമതത്തിന് എന്തു നേട്ടം? മതവിശ്വാസികള്‍ക്ക് മതം മാറാനുള്ള അവസരങ്ങള്‍ സംഘ്പരിവാര്‍ തുറന്നുവയ്ക്കട്ടെ. കിപ്‌സ് അപ്പാരട്ടസില്‍ വെള്ളം ചോരുന്നതു പോലെയല്ല, അങ്ങോട്ടുമിങ്ങോട്ടും പോകേണ്ടവര്‍ പോകട്ടെയെന്ന് പറയാനുള്ള നട്ടെല്ലുണ്ടോ കേന്ദ്ര സര്‍ക്കാറിന്?



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അപകടം മലേഷ്യയില്‍ ഹണിമൂണിന് പോയ നവദമ്പതികളെ  വിമാനത്താവളത്തില്‍ നിന്ന് കൂട്ടി മടങ്ങുന്നതിനിടെ, വീട്ടിലെത്താന്‍ ഏഴ് കിലോമീറ്റര്‍ ബാക്കി നില്‍ക്കേ 

Kerala
  •  a minute ago
No Image

വിശ്വാസികള്‍ക്ക് സംസം ജലത്തിന്റെ സംശുദ്ധി ഉറപ്പാക്കും; സഊദിക്ക് വന്‍ പദ്ധതികള്‍

Saudi-arabia
  •  22 minutes ago
No Image

പ്ലസ്ടു ഗണിതം പ്രാക്ടിക്കൽ പരീക്ഷ; പരിശീലനം ലഭിച്ചില്ല, വിദ്യാർഥികളും അധ്യാപകരും ആശങ്കയിൽ

Kerala
  •  23 minutes ago
No Image

ട്രംപ് കരുതും പോലെ ഒറ്റയടിക്ക് വിഴുങ്ങാനോ മൂക്കില്‍ വലിക്കാനോ പറ്റുന്ന ഒന്നല്ല കാനഡ; ലോകത്തെ രണ്ടാമത്തെ വലിയ രാജ്യം ആരും മോഹിക്കുന്ന പങ്കാളി

International
  •  an hour ago
No Image

ഒടുവില്‍ ഒത്തു തീര്‍പ്പ്, മഹാരാഷ്ട്ര മന്ത്രിസഭാ വികസനം ഇന്ന്

National
  •  an hour ago
No Image

വഖ്ഫ് ഭൂമി വിവാദം നിലനിൽക്കെ മുനമ്പത്ത് 300 കോടിയുടെ സര്‍ക്കാര്‍ ഭൂമിയും കൈയേറി

Kerala
  •  an hour ago
No Image

പുരപ്പുറ സോളാർ: സംസ്ഥാനം മൂന്നാം സ്ഥാനത്ത്; അപേക്ഷകർ 43,321, സ്ഥാപിച്ചത് 5270

Kerala
  •  an hour ago
No Image

വേമ്പനാട്ട് കായൽ കൈയേറ്റം തകൃതി;  പേര് വെളിപ്പെടുത്താതെ തീരപരിപാലന അതോറിറ്റി

Kerala
  •  2 hours ago
No Image

ഗിന്നസ് വേൾഡ് റെക്കോർഡിൽ ഇടം നേടാൻ ശിവന്യ പ്രശാന്ത്

oman
  •  11 hours ago
No Image

തുടർച്ചയായി 2 ദിവസം മഴ; മുല്ലപ്പെരിയാറിലെ ജലനിരപ്പ് 127. 65 അടിയായി ഉയർന്നു

Kerala
  •  11 hours ago