സർവകലാശാലകളെ തകർക്കുന്ന ഭരണകൂടം
രമേശ് ചെന്നിത്തല
കേരളത്തിലെ സർവകലാശാലകളിലെ വൈസ് ചാൻസലർ ഉൾപ്പെടെയുള്ള ഉന്നതസ്ഥാനങ്ങൾ സ്വന്തം പാർട്ടി ബന്ധുക്കൾക്ക് സംവരണം ചെയ്ത് നൽകുന്നതാണ് ഇടതുമുന്നണി അധികാരത്തിൽ വരുമ്പോൾ എപ്പോഴും കാണുന്നത്. എന്നാൽ, പിണറായി സർക്കാർ രണ്ടാമത് അധികാരത്തിൽ വന്നതോടെ നിയമനങ്ങൾ അവരുടെ തറവാട്ട് സ്വത്ത് പോലെയായി. ഓരോ സർവകലാശാലയിലും അതത് പാർട്ടി സെക്രട്ടറിമാർക്ക് നിയമനം നടത്താൻ അധികാരമുള്ളത് പോലെയാണ് കാര്യങ്ങളുടെ പോക്ക്. അതിൽ മനംനൊന്ത ചാൻസലർ കൂടിയായ ബഹുമാന്യ ഗവർണർ മറ്റൊരു വഴിയും കാണാതെ വന്നപ്പോഴാണ് മുഖ്യമന്ത്രിക്ക് കത്തെഴുതിയത്. എല്ലാ മാനദണ്ഡങ്ങളും ലംഘിച്ചുകൊണ്ട് മുന്നേറുന്ന സർക്കാരിനെ തിരുത്താൻ സ്റ്റേറ്റിന്റെ തലവൻ നടത്തിയ എല്ലാ പരിശ്രമങ്ങളും വൃഥാവിലായി. ഒടുവിൽ കണ്ണൂർ സർവകലാശാല വൈസ് ചാൻസലർ നിയമനത്തിൽ പുനർ നിയമനം ചട്ടവിരുദ്ധമെന്നറിഞ്ഞിട്ടും ഉത്തരവിൽ ഒപ്പുവയ്ക്കാൻ ബാധ്യസ്ഥനായ ചാൻസലർ നിസ്സഹായനായി, ആത്മരോഷത്തോടെ, പൊട്ടിത്തെറിച്ചു. വാസ്തവത്തിൽ, കേരളത്തിലെ അക്കാദമിക ലോകവും സേവ് യൂണിവേഴ്‌സിറ്റി കാംപയിൻ കമ്മിറ്റിയും പ്രതിപക്ഷവും നിരന്തരം ചൂണ്ടിക്കാണിച്ച കാര്യങ്ങൾ തന്നെയാണ് ഗവർണർ എഴുതിയ വരികളിൽ തെളിയുന്നത്. മുഖ്യമന്ത്രി പിണറായി വിജയനെതിരായ അതിശക്തമായ വിമർശനമാണത്. ധാർമ്മികത ശേഷിക്കുന്നുണ്ടെങ്കിൽ മുഖ്യമന്ത്രി സ്ഥാനത്ത് തുടരണമോയെന്ന് അദ്ദേഹം തീരുമാനിക്കട്ടെ.
കണ്ണൂർ വി.സി നിയമനത്തിൽ ഗോപിനാഥ് രവീന്ദ്രന് പുനർനിയമനം നൽകണമെന്ന ഉന്നത വിദ്യാഭ്യാസ മന്ത്രിയുടെ ശുപാർശ കത്ത് പുറത്തായതോടെ സ്വജനപക്ഷപാതവും അഴിമതിയും നടത്തിയ മന്ത്രി ഒരുനിമിഷം പോലും സ്ഥാനത്ത് തുടരാൻ അർഹയല്ല, രാജിവച്ചില്ലെങ്കിൽ ലോകായുക്തയെ സമീപിക്കും. വി.സി നിയമനത്തിൽ ഇടപെട്ടത് ആരൊക്കെയെന്ന് വ്യക്തമാണ്. മുഖ്യമന്ത്രി അറിയാതെയാണ് ഇത്തരത്തിൽ ഒരു കത്ത് മന്ത്രി നൽകിയതെങ്കിൽ മന്ത്രിയെ പുറത്താക്കാനുള്ള ആർജ്ജവം മുഖ്യമന്ത്രി കാണിക്കണം. കണ്ണൂരിൽ സെർച്ച് കമ്മിറ്റിയെ പിരിച്ചുവിട്ടത് എന്തിനാണെന്നത് ഇപ്പോൾ എല്ലാവർക്കും ബോധ്യമായി. കാലടി സംസ്‌കൃത സർവകലാശാലയിലാകട്ടെ, ചടങ്ങിനു വേണ്ടി ഒരു സെർച്ച് കമ്മിറ്റിയെ വച്ചു. എന്നിട്ട്, കമ്മിറ്റിയുടെ രണ്ടു മാസത്തെ കാലാവധി കഴിയുന്നത് വരെ കാത്തിരുന്നു. അത് കഴിഞ്ഞ് നേരിട്ട് ഇഷ്ടക്കാരനെ നിയമിക്കാൻ ഒറ്റപ്പേരുമായി വന്നു. കണ്ണൂരിൽ കരുണ കാട്ടിയ ഗവർണർ കാലടിയിലും തുണക്കുമെന്ന് കരുതി. സ്വജനപക്ഷ പാർട്ടി ആജ്ഞാനുവർത്തികളെ നിയമിക്കുന്നതിന്, കലാശാലകളിലെ ഭരണവും അധ്യാപക നിയമനങ്ങളും നിയന്ത്രിക്കുന്നതിന്, സി.പി.എം നയിക്കുന്ന അധ്യാപകസംഘടനാ നേതാക്കൾക്ക് അധികാരം കൈമാറിയിരിക്കുന്നു.
കഴിഞ്ഞ മന്ത്രി കെ.ടി ജലീൽ അദാലത്തിലൂടെ മാർക്ക് ദാനങ്ങൾ നടത്തി തോറ്റവരെ ജയിപ്പിക്കാൻ എല്ലാ വ്യവസ്ഥകളും കാറ്റിൽപ്പറത്തിയ മാന്യനാണ്. മാർക്ക് ദാനത്തിലൂടെ നൽകിയ ഡിഗ്രി സർട്ടിഫിക്കറ്റ് റദ്ദാക്കാൻ അധികാരം ഗവർണർക്ക് മാത്രമുള്ളപ്പോൾ സർവകലാശാല നേരിട്ട് ഡിഗ്രി റദ്ദാക്കുന്ന സംഭവങ്ങൾ വരെ അരങ്ങേറി. അക്കാലത്ത്, പ്രതിപക്ഷ നേതാവെന്ന നിലയിൽ, മന്ത്രി കെ.ടി ജലീലിന്റെ ചട്ടവിരുദ്ധ നടപടികൾ നിയമസഭയിൽ ഞാൻ ഉന്നയിച്ചിരുന്നു. പ്രശ്‌നം ഗവർണറുടെ ശ്രദ്ധയിൽ പല വട്ടം കൊണ്ടുവന്നു. പക്ഷേ വേണ്ടത്ര ഗൗരവത്തിൽ ഗവർണറുടെ ഓഫിസ് ഇടപെട്ടില്ല. ഉചിതമായ നടപടികൾ അന്ന് കൈകൊണ്ടിരുന്നെങ്കിൽ ഇന്ന് ചാൻസലർ പദവി ഉപേക്ഷിക്കുമെന്ന് മുന്നറിയിപ്പ് നൽകേണ്ടി വരുന്ന സാഹചര്യം ഒഴിവാക്കാമായിരുന്നു.
പി. രാജീവിന്റെ ഭാര്യയെ കുസാറ്റിൽ നിയമവകുപ്പിലും പി.കെ ബിജുവിന്റെ ഭാര്യയെ കേരള സർവകലാശാലയിൽ ബയോകെമിസ്ട്രി വിഭാഗത്തിലും എം.ബി രാജേഷിന്റെ ഭാര്യയെ സംസ്‌കൃത സർവകലാശാലയിലെ മലയാള വിഭാഗത്തിലും നിയമിച്ചു. എ.എൻ ഷംസീറിന്റെ ഭാര്യയ്ക്ക് കാലിക്കറ്റ് സർവകലാശാലയിൽ വിദ്യാഭ്യാസ വകുപ്പിൽ റാങ്ക് നൽകി ശുപാർശ ചെയ്തു. മുഖ്യമന്ത്രിയുടെ പ്രൈവറ്റ്‌സെക്രട്ടറി രാഗേഷിന്റെ ഭാര്യക്ക് കണ്ണൂർ സർവകലാശാല മലയാളം അസോസിയേറ്റ് പ്രൊഫസറായി നിയമിക്കാൻ ഒന്നാംറാങ്ക് നൽകി. മുഖ്യമന്ത്രിയുടെ മുൻ പ്രൈവറ്റ് സെക്രട്ടറി ആർ. മോഹന്റെ ഭാര്യ സംസ്‌കൃത പ്രൊഫസറായിട്ട് പോലും കേരള സർവകലാശാലയുടെ മലയാള വിഭാഗത്തിൽ ലെക്‌സിക്കൻ എഡിറ്ററായി നിയമിച്ചു. ഇതെല്ലാം മുഖ്യമന്ത്രിയുടെ അറിവോടെ തന്നെയല്ലേ നടക്കുന്നത്? കലാമണ്ഡലം സർവകലാശാല വി.സി ഗവർണർക്കെതിരേ ഹൈക്കോടതിയിൽ നൽകിയ കേസ് പിൻവലിച്ചു എന്നുപറഞ്ഞ മുഖ്യമന്ത്രി കേസിന് ആധാരമായ പി.ആർ.ഒയെ തിരികെ സർവിസിൽ നാളിതുവരെ പ്രവേശിപ്പിച്ചില്ല. ഒരു വൈസ് ചാൻസലർ സർവകലാശാല മേധാവിയായ ഗവർണർക്കെതിരേ കേസ് കൊടുക്കുന്നത് വിചിത്രമാണ്. ഇത് സി.പി.എമ്മിന്റെ ഒത്താശയോടുകൂടിയാണ്.
ശ്രീനാരായണഗുരു ഓപൺ സർവകലാശാല വൈസ് ചാൻസലർക്ക് ഇതേവരെ ശമ്പളം നൽകാത്ത കാര്യം സർക്കാരിന്റെ ശ്രദ്ധയിൽ പെടുത്തിയിട്ടും ഗവർണറുടെ കത്തിന് യാതൊരു പ്രാധാന്യവും സർക്കാർ നൽകിയില്ല എന്നത് സർക്കാരിന്റെ ഭാഗത്തുള്ള ഗുരുതരമായ വീഴ്ചയാണ്. ഓപൺ സർവകലാശാല രൂപീകരിച്ചതല്ലാതെ രണ്ട് വർഷമായിട്ടും അവിടെ കോഴ്‌സുകൾ ആരംഭിക്കാൻ കഴിഞ്ഞിട്ടില്ല. നിയമിക്കപ്പെട്ട ജീവനക്കാരുടെ ശമ്പളം പോലും കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ എന്തിനാണ് തിരക്കിട്ട് ഇങ്ങനെ ഒരു സർവകലാശാല രൂപീകരിച്ചു എന്നുള്ള ചോദ്യം ബാക്കിയാണ്. ഇത് നാരായണ ഗുരുവിനോടുള്ള അനാദരവായി വേണം കാണാൻ.
ഭരിക്കുന്ന അധ്യാപക സംഘടനകൾക്ക് താൽപര്യം ഇല്ലാത്തവരെ കള്ളക്കേസുകളിൽ കുടുക്കുന്നതും അതുവഴി പീഡിപ്പിക്കുന്നതും സർവകലാശാലകളിൽ നിത്യസംഭവമാണ്. രാത്രികളിൽ ഉറക്കമൊഴിച്ചു പഠിച്ച് റാങ്ക് നേടുന്നവർക്ക് സർവകലാശാല അധ്യാപക നിയമനത്തിന് അപേക്ഷിക്കുവാൻ ഭയമായിരിക്കുന്നു. കാരണം മെറിറ്റിന് ഒരു വിലയും കൽപ്പിക്കപ്പെടുന്നില്ല. എത്ര ഉയർന്ന റാങ്ക് നേടിയായാലും അർഹതപ്പെട്ടവർക്ക് നിയമനം ലഭിക്കില്ലായെന്നതാണ് സ്ഥിതി. വിദ്യാഭ്യാസമേഖലയെ ഈ സർക്കാർ അവരുടെ അടുക്കള കാര്യമാക്കി അധഃപതിപ്പിച്ചുവെന്ന് ദുഃഖത്തോടെ പറയാതെ വയ്യ. സർവകലാശാലയിലെ നിയമനങ്ങളിൽ ഇടപെടുന്നതിൽ നിന്ന് പാർട്ടി നേതാക്കളെ വിലക്കാൻ ഈ സർക്കാരിന് കഴിയുമോ? ഗവർണറെ അനുനയിപ്പിക്കാൻ പിറകെ നടക്കുന്നതിന്ന് പകരം, ആദ്യം പാർട്ടി രാഷ്ട്രീയ സ്വാധീനത്തിൽനിന്ന് സർവകലാശാലകളെ മോചിപ്പിക്കാൻ കരുണ കാട്ടുക.
കണ്ണൂർ സർവകലാശാല വി.സി നിയമനത്തിൽ സർക്കാരിന് ഒരു പങ്കുമില്ലെന്ന് പറയുന്ന മുഖ്യമന്ത്രിക്ക് വി.സി നിയമനം നടത്തിയത് ഗവർണറുടെ ഇഷ്ടപ്രകാരമാണെന്ന് മുഖ്യമന്ത്രിക്ക് എങ്ങനെയാണ് ഒരു ഉളുപ്പുമില്ലാതെ പറയാൻ കഴിയുക. സർക്കാരിന്റെ സമ്മർദത്തിന് തനിക്ക് വഴങ്ങേണ്ടിവന്നുവെന്ന ഗവർണറുടെ ഇപ്പോഴത്തെ പ്രസ്താവന കുറ്റസമ്മതത്തിന് സമാനമാണ്. യു.ഡി.എഫ് സർക്കാരിന്റെ കാലത്ത് ഒരു വി.സിയെ പിരിച്ചുവിട്ട സംഭവം മുഖ്യമന്ത്രി ചൂണ്ടിക്കാട്ടിയത് ശരിതന്നെയാണ്. വ്യാജ ബയോഡാറ്റ സമർപ്പിച്ചതായി ബോധ്യപ്പെട്ടപ്പോൾ സർക്കാരിന്റെ ശുപാർശ പ്രകാരം തന്നെ ഗവർണർ തെറ്റ് തിരുത്തി. കണ്ണൂർ വി.സി നിയമനത്തിലുണ്ടായ വീഴ്ച ഗവർണർ തിരുത്താൻ വൈകരുത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."