സ്ത്രീകൾക്കും ഇനി 21 തികയണം; വിവാഹ പ്രായം ഏകീകരിക്കാൻ കേന്ദ്രം, നിയമ ഭേദഗതി പാർലമെന്റ് നടപ്പു സമ്മേളനത്തിൽ
ന്യൂഡൽഹി: സ്ത്രീകളുടെ വിവാഹപ്രായം പുരുഷൻമാർക്ക് സമാനമായി 21 വയസാക്കാൻ കേന്ദ്ര മന്ത്രിസഭയുടെ തീരുമാനം. പെൺകുട്ടികളുടെ വിവാഹപ്രായം 18ൽ നിന്ന് 21 ആക്കാനുള്ള ബില്ലിന് ഇന്നലെഡൽഹിയിൽ ചേർന്ന കേന്ദ്രമന്ത്രിസഭായോഗം അംഗീകാരം നൽകി. പാർലമെന്റിന്റെ നടപ്പുസമ്മേളനത്തിൽ തന്നെ നിയമഭേദഗതി ഉണ്ടായേക്കുമെന്ന സൂചനയാണ് സർക്കാർ വൃത്തങ്ങൾ നൽകുന്നത്.
ഡിസംബർ 23 വരെയാണ് പാർലമെന്റിന്റെ നടപ്പ് സമ്മേളനം. സ്ത്രീകളുടെയും കുട്ടികളുടെയും ആരോഗ്യം, സ്ത്രീ പുരുഷ സമത്വം, ജനസംഖ്യാ നിയന്ത്രണം എന്നിവ ലക്ഷ്യമിട്ടാണ് വിവാഹ പ്രായം ഉയർത്തുന്നതെന്നാണ് വിശദീകരണം.
വിവാഹ പ്രായം ഉയർത്തുന്നതിനായി 2006ലെ ശൈശവ വിവാഹ നിരോധന നിയമത്തിൽ സർക്കാർ ഭേദഗതി കൊണ്ടുവരും. ഇതിനൊപ്പം സ്‌പെഷ്യൽ മാരേജ് ആക്ടിലും 1955ലെ ഹിന്ദു വിവാഹ നിയമം പോലുള്ള വ്യക്തിനിയമങ്ങളിലും ഭേദഗതി നടപ്പാക്കാനാണ് നീക്കം. 1955ലെ ഹിന്ദു വിവാഹ നിയമത്തിലെ സെക്ഷൻ 5(മൂന്ന്) പ്രകാരം വധുവിന്റെ ഏറ്റവും കുറഞ്ഞ പ്രായം 18 വയസ്സും വരന്റെ പ്രായം 21 വയസ്സുമാണ്. സ്‌പെഷ്യൽ മാര്യേജ് ആക്ട്, 1954, ശൈശവ വിവാഹ നിരോധന നിയമം, 2006 എന്നിവയും സ്ത്രീകൾക്കും പുരുഷന്മാർക്കും വിവാഹ സമ്മതത്തിനുള്ള ഏറ്റവും കുറഞ്ഞ പ്രായമായി യഥാക്രമം 18 ഉം 21 ഉം വയസ്സ് നിർദ്ദേശിക്കുന്നു. ഈ സാഹചര്യത്തിലാണ് ഇവയും ഭേദഗതി ചെയ്യേണ്ടിവരുന്നത്.
2020 സ്വാതന്ത്ര്യ ദിനത്തിൽ പ്രധാനമന്ത്രി നേരേന്ദ്ര മോദി നടത്തിയ പ്രഖ്യാപനമായിരുന്നു വിവാഹ പ്രായം ഉയർത്തൽ. ഇന്നലെ ചേർന്ന കേന്ദ്ര മന്ത്രിസഭായോഗമാണ് വിവാഹ പ്രായം ഏകീകരിക്കുന്ന നടപടികളുമായി മുന്നോട്ട് പോവാൻ അംഗീകാരം നൽകിയത്. വിവാഹ പ്രായം ഉയർത്താൻ ബാല വിവാഹ നിരോധന നിയമത്തിലാവും പ്രധാന ഭേദഗതി വരുത്തുക. ഒപ്പം ചില വ്യക്തിനിയമങ്ങളിലും ഉചിതമായ വ്യവസ്ഥകൾ ഉൾപെടുത്തിയേക്കും.
ബ്രിട്ടീഷ് ഭരണ കാലത്ത് 1929 സപ്തംബർ 28ന് പാസാക്കിയ ബാല വിവാഹ നിയന്ത്രണ നിയമപ്രകാരം പെൺകുട്ടികൾക്ക് 14 വയസ്സ് ആൺകുട്ടികൾക്ക് 18 വയസ്സ് എന്നിങ്ങനെയായിരുന്നു വിവാഹപ്രായം. സെൻട്രൽ ലെജിസ്‌ളേറ്റിവ് അസംബ്ലിയിൽ ഇതിനു ബില്ല് അവതരിപ്പിച്ച മുൻ ജഡിജി ഹർബിലാസ് ശാരദയുടെ പാരിലാണ് നിയമം അറിയപ്പെട്ടത്. 1978 ൽ ശാരദാ നിയമം ഭേദഗതി ചെയ്തുകൊണ്ട് സ്ത്രീകളുടെ വിവാഹപ്രായം 18 വയസ്സാക്കി ഉയർത്തി. ശാരദാ നിയമത്തിന് പകരം ബാല വിവാഹ നിരോധന നിയം 2006ൽ കൊണ്ടുവന്നെങ്കിലും പ്രായ പരിധി മാറ്റിയിരുന്നില്ല.
കേന്ദ്രം നിയോഗിച്ച ടാസ്‌ക് ഫോഴ്‌സ് 2020 ഡിസംബറിൽ നിതി ആയോഗിന് സമർപ്പിച്ച ശുപാർശകളുടെ അടിസ്ഥാനത്തിലാണ് ബുധനാഴ്ച ചേർന്ന മന്ത്രിസഭായോഗം വിവാഹ പ്രായം ഉയർത്തുന്നതിനുള്ള നടപടികളുമായി മുന്നോട്ട് പോവാൻ അനുമതി നൽകിയത്. ജയ ജെയ്റ്റ്‌ലിയുടെ നേതൃത്വത്തിലുള്ള ടാസ്‌ക് ഫോഴ്‌സ് ആണ് ശുപാർശകൾ സമർപ്പിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."