ജനുവരി ഒന്നു മുതൽ സോപ്പ് ഉൽപന്നങ്ങൾക്ക് വില കൂടും
കോഴിക്കോട്
അസംസ്‌കൃതവസ്തുക്കളുടെ ക്രമാതീതമായ വിലക്കയറ്റം മൂലം സോപ്പ് ഉൽപന്നങ്ങളുടെ വില 15 ശതമാനം വർധിപ്പിക്കുമെന്ന് കേരള സോപ്പ് മാനുഫാക്‌ചേഴ്‌സ് അസോസിയേഷൻ (കെസ്മ) ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ജനുവരി ഒന്നുമുതലാണ് വില വർധന പ്രാബല്യത്തിൽ വരിക. സംസ്ഥാനത്താകെ മുന്നൂറോളം ചെറുകിട സോപ്പ് നിർമാണശാലകളാണുള്ളത്. സർവ മേഖലയിലെയും വിലക്കയറ്റം മൂലം പല കമ്പനികളും അടച്ചുപൂട്ടലിന്റെ വക്കിലാണ്. ഇതിൽനിന്ന് ചെറുകിട സംരംഭകരെ സംരക്ഷിക്കുന്നതിന്റെ ഭാഗമായാണ് വില കൂട്ടുന്നത്. ഈ മേഖലയെ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് ഫെബ്രുവരിയിൽ സെക്രട്ടേറിയറ്റ് നടയിൽ സമരം നടത്തും. അസംസ്‌കൃതവസ്തുവായ കാസ്റ്റിക് സോഡയുടെ വില കുറയ്ക്കാൻ സർക്കാർ ഇടപെടണം. ശുചീകരണ ഉൽപന്നങ്ങൾ അവശ്യ വിഭാഗത്തിൽ ഉൾപ്പെടുത്തി ജി.എസ്.ടി നിരക്ക് കുറയ്ക്കണം. ചെറുകിട മേഖല അഭിവൃദ്ധിപ്പെടുത്താനും കേരളീയ ഉൽപന്നങ്ങൾ പ്രോത്സാഹിപ്പിക്കാനുമായി എല്ലാ കടകളിലും നിശ്ചിത ഉൽപന്നങ്ങൾ വയ്ക്കാൻ സർക്കാർ ഉത്തരവിറക്കണമെന്നും ഭാരവാഹികളായ അബ്ദുൽ സമദ്, സുനിൽ കുമാർ, സൈജു എബ്രഹാം എന്നിവർ വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."