ടാലന്റ് സെര്‍ച്ച് പരിശീലന പദ്ധതിയുമായി അത്ലറ്റിക് അസോസിയേഷന്
എരുമപ്പെട്ടി: മികച്ച കായിക താരങ്ങളെ വാര്‍ത്തെടുക്കുന്നതിനായി അത്ലറ്റിക്ക് ഡെവലപ്പ്മെന്റ് പദ്ധതിയുമായി തൃശൂര്‍ ജില്ല അത്ലറ്റിക്ക് അസോസിയേഷന്. ടാലന്റ് സെര്‍ച്ച് എന്ന പേരില്‍ ആരംഭിക്കുന്ന പദ്ധതി ജില്ലയിലെ തെരഞ്ഞെടുത്ത വിദ്യാലയങ്ങള്‍ കേന്ദ്രീകരിച്ചാണ് നടപ്പിലാക്കുന്നത്.
ദേശീയ അന്തര്‍ദേശീയ അത്ലറ്റിക്ക് മത്സരങ്ങളില്‍ പങ്കെടുപ്പിക്കുന്നതിനായി കായിക വിദ്യാര്‍ഥികളെ പ്രാപ്തരാക്കുന്നതിന് വേണ്ടിയാണ് ജില്ല അത്ലറ്റിക്ക് അസോസിയേഷന് സ്കൂളുകള്‍ കേന്ദ്രീകരിച്ച് പുതിയ പരിശീലന പദ്ധതിക്ക് തുടക്കം കുറിച്ചിരിക്കുന്നത്.
ടാലന്റ് സെര്‍ച്ച് എന്ന പേരില്‍ ആരംഭിക്കുന്ന പരിശീലന പദ്ധതി തെരഞ്ഞെടുത്ത 17 സ്കൂളുകളിലാണ് ആദ്യം നടപ്പിലാക്കുക. നിലവിലുള്ള കായിക വിദ്യാര്‍ഥികള്‍ക്ക് പുറമെ കഴിവ് ഉണ്ടായിട്ടും പല കാരണങ്ങളാല്‍ പിന്നോക്കം നില്ക്കുന്ന കുട്ടികളെ കണ്ടെത്തി പ്രത്യേക കോച്ചിങ് നല്കി ഉയര്‍ത്തി കൊണ്ട് വരികയെന്നതാണ് പദ്ധതികൊണ്ട് പ്രധാനമായും ലക്ഷ്യമിടുന്നതെന്ന് അസോസിയേഷന് പ്രസിഡന്റ് മീന രഘുനാഥ് പറഞ്ഞു.
ഓരോ വിദ്യാലയത്തില്‍ നിന്നും ആദ്യഘട്ടത്തില്‍ 30 വിദ്യാര്‍ഥികളെയാണ് തെരഞ്ഞെടുക്കുക. ഇവര്‍ക്ക് ആഴ്ചയില്‍ മൂന്ന് ദിവസം സ്കൂളില്‍ കായിക അധ്യാപകര്‍ പരിശീലനം നല്‍കും. വിദ്യാര്‍ഥികള്‍ക്ക് ആവശ്യമായ പരിശീലന സാമഗ്രികള്‍ സ്പോണ്‍സര്‍മാരെ ഉപയോഗപ്പെടുത്തി നല്കുവാനാണ് അസോസിയേഷന് ഉദ്ദേശിച്ചിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."