ഒമിക്രോൺ: സഊദി അറേബ്യ നിയന്ത്രണം കർശനമാക്കുന്നു, രാജ്യത്തിന് പുറത്തേക്കുള്ള യാത്രകൾ ഒഴിവാക്കണമെന്ന് നിർദേശം നൽകി വിഖായ
റിയാദ്: രാജ്യത്തിന് പുറത്തേക്കുള്ള യാത്രകൾ ഒഴിവാക്കണമെന്ന നിർദേശവുമായി സഊദി പബ്ലിക് ഹെൽത് അതോറിറ്റി “വിഖായ. ഒമിക്രോൺ അടക്കം കൊവിഡ് രോഗബാധിതരുടെ എണ്ണത്തിൽ വീണ്ടും ഗണ്യമായ വർദ്ധനവ് കണക്കിലെടുത്താണ് നിർദേശം. രാജ്യത്തിന് പുറത്ത്, പ്രത്യേകിച്ച് ഉയർന്ന അപകടസാധ്യതയുള്ള രാജ്യങ്ങളിലേക്കുള്ള യാത്രകൾ എല്ലാവരും ഒഴിവാക്കണമെന്ന് പബ്ലിക് ഹെൽത്ത് അതോറിറ്റി “വിഖായ” ശുപാർശ ചെയ്തു.
“ഓമിക്രോൺ” വകഭേദത്തിന്റെ ആവിർഭാവവും ലോകത്തിന്റെ പല രാജ്യങ്ങളിലും അതിന്റെ പ്രാദേശിക വ്യാപനം ത്വരിതപ്പെടുത്തിയിരിക്കുന്നുവെന്നും പ്രതിരോധ നടപടികൾ കർശനമാക്കാനും ചില സാമൂഹിക പ്രവർത്തനങ്ങൾ താൽക്കാലികമായി നിർത്തിവയ്ക്കാനും ഈ രാജ്യങ്ങളെ ഇത് പ്രേരിപ്പിച്ചു തുടങ്ങിയെന്നും മുന്നറിയിപ്പിൽ വ്യക്തമാക്കി.
രാജ്യത്തിന് പുറത്ത് നിന്ന് വരുന്ന പൗരന്മാരോ താമസക്കാരോ ആയ യാത്രക്കാർ അവരുടെ പ്രതിരോധ കുത്തിവയ്പ്പ് നില പരിഗണിക്കാതെ തന്നെ അഞ്ച് ദിവസത്തേക്ക് സാമൂഹിക സമ്പർക്കം ഒഴിവാക്കണമെന്നും എന്തെങ്കിലും അസ്വസ്ഥകൾ കണ്ടാൽ ഉടൻ കൊവിഡ്-19″ പരിശോധനക്ക് തയാറാകണമെന്നും നിർദേശമുണ്ട്.
യാത്രയിൽ കഴിഞ്ഞെത്തുന്നവരോട് പ്രതിരോധ നടപടികൾ തുടരാനും ശുപാർശ ചെയ്യുന്നു. എല്ലായ്പ്പോഴും മാസ്ക് ധരിക്കുക, തിരക്കേറിയതും പൊതു സ്ഥലങ്ങളും ഒഴിവാക്കുക, നിരന്തരം കൈകൾ വൃത്തിയാക്കുക, ഹസ്തദാനം ഒഴിവാക്കുക, രണ്ട് ഡോസുകളുള്ള പ്രതിരോധ കുത്തിവയ്പ്പ്, ഉത്തേജക ഡോസ് എടുക്കൽ വേഗത്തിലാക്കൽ എന്നിവ എല്ലാവരും പാലിക്കണമെന്നും വിഖായ ആവശ്യപ്പെട്ടു.
രാജ്യത്ത് പ്രതിദിന വൈറസ് കേസുകൾ ഏറെക്കുറെ താഴേക്ക് വന്നിരുന്നുവെങ്കിലും വീണ്ടും അത് ഉയരുന്നതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ഏറ്റവും ഒടുവിൽ ശനിയാഴ്ച 116 കേസുകളാണ് റിപ്പോർട്ട് ചെയ്തത്. മുപ്പതിന് താഴേക്ക് എത്തിയ കേസുകളാണ് വീണ്ടും നൂറ് കടന്നത്
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."