ചില കക്ഷിരാഷ്ട്രീയ നിയമനങ്ങൾ
കലികാലക്കാഴ്ച
വി. അബ്ദുൽ മജീദ്
9846159481
കാര്യമായ പണിയൊന്നുമില്ലാത്തതും പ്രത്യേക യോഗ്യതകളൊന്നും ആവശ്യമില്ലാത്തതുമായ ഗവർണർ പദവിയിൽ ആളുകൾ എത്തുന്നത് കേന്ദ്രം ഭരിക്കുന്ന പാർട്ടിയുടെ താൽപര്യം ഒന്നുകൊണ്ടു മാത്രമാണ്. കേന്ദ്രത്തിന്റെ താൽപര്യം സാധ്യമായിടത്തോളം സംസ്ഥാനത്തു നടപ്പാക്കാനും കേന്ദ്രത്തിന് ഇഷ്ടപ്പെടാത്ത സംസ്ഥാന സർക്കാരുകളുടെ പ്രവർത്തനങ്ങൾക്ക് ഉടക്കുവയ്ക്കാനുമൊക്കെയാണ് വലിയ ശമ്പളവും മികച്ച സുഖസൗകര്യങ്ങളും നൽകി ഗവർണർമാരെ നിയമിക്കുന്നത്. ആ ചുമതലകൾ അവർ നിർവഹിക്കും, നിർവഹിച്ചിരിക്കണം.
ഗവർണർ നിയമനത്തെ രാഷ്ട്രീയ നിയമനം എന്നാണ് നമ്മുടെ രാഷ്ട്രീയ പൊതുബോധം വിളിച്ചുപോരുന്നത്. അതു ഭാഗികമായ ശരി മാത്രമാണ്. ഏതെങ്കിലും രാഷ്ട്രീയ പ്രത്യയശാസ്ത്രമോ ദർശനമോ അനുസരിച്ചു പ്രവർത്തിക്കാനോ അതൊക്കെ നടപ്പാക്കാനോ അല്ല അവരെ നിയമിക്കുന്നത്. രാഷ്ട്രീയകക്ഷികളുടെ പ്രായോഗിക രാഷ്ട്രീയ താൽപര്യങ്ങൾ നടപ്പാക്കാനാണ്. ഉദാഹരണത്തിന് കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ കേന്ദ്രത്തിലെ ബി.ജെ.പി സർക്കാർ നിയമിച്ചത് ഹിന്ദുത്വം സംരക്ഷിക്കാനോ നടപ്പാക്കാനോ ഒന്നുമല്ല. ബി.ജെ.പിയുടെ രാഷ്ട്രീയക്കളിക്കു വേണ്ടിയാണ്. അങ്ങനെ നോക്കുമ്പോൾ ഗവർണറെ വയ്ക്കുന്നതിനെ രാഷ്ട്രീയ നിയമനം എന്നതിലുപരി കക്ഷിരാഷ്ട്രീയ നിയമനം എന്നു വിളിക്കുന്നതായിരിക്കും ശരിയായ ശരി.
ഏറെക്കുറെ സുഖവിശ്രമാവസ്ഥയിലുള്ള ഗവർണർ പണിക്കു പുറമെ ഗവർണർക്കിവിടെ കാര്യമായ പണിയില്ലാത്ത മറ്റൊരു പണികൂടിയുണ്ട്. സർവകലാശാലകളുടെ ചാൻസലർ പണി. സർവകലാശാലകളുടെ വൈസ് ചാൻസലർ തസ്തികയിലേക്കും കക്ഷിരാഷ്ട്രീയ നിയമനം തന്നെയാണ് നടക്കുന്നത്. ചില യോഗ്യതാ മാനദണ്ഡങ്ങളും തിരഞ്ഞെടുക്കാൻ പേരിനൊരു സർച്ച് കമ്മിറ്റിയുമൊക്കെയുണ്ടെങ്കിലും സംസ്ഥാനം ഭരിക്കുന്ന മുന്നണിക്കോ അതിനെ നയിക്കുന്ന പാർട്ടിക്കോ താൽപര്യമുള്ളവരാണ് ആ തസ്തികയിൽ വരുന്നത്. അവർ തീരുമാനിക്കുന്നയാളുടെ അത്ര തന്നെയോ അതിലധികമോ യോഗ്യതയുള്ള വേറെ ധാരാളമാളുകൾ നാട്ടിലുണ്ടായാലും അവരൊന്നും സർച്ച് കമ്മിറ്റിയുടെ സർച്ച് ലൈറ്റ് വെട്ടത്തിന്റെ പരിധിയിൽ വരാറില്ല.
ഒരുതവണ വി.സി തസ്തികയിൽ ഇരുന്നവർക്ക് പുനർനിയമനം പതിവില്ലെങ്കിലും കണ്ണൂർ സർവകലാശാല വൈസ് ചാൻസലർ ഗോപിനാഥ് രാമചന്ദ്രന് പുനർനിയമനം നൽകണമെന്ന് സംസ്ഥാന ഭരണം നിയന്ത്രിക്കുന്ന സി.പി.എമ്മിനു തോന്നി. അങ്ങനെ തോന്നുന്നതിൽ തെറ്റൊന്നുമില്ല. ഒരു തോന്നലും തെറ്റല്ലല്ലോ. ആ തോന്നൽ ചട്ടപ്പടി സർച്ച് കമ്മിറ്റിയും കടന്ന് ആരിഫ് മുഹമ്മദ് ഖാന്റെ മുന്നിലെത്തിയപ്പോൾ അദ്ദേഹം ഉടക്കുവച്ചു.
സംസ്ഥാന സർക്കാരുമായി അദ്ദേഹം ഉടക്കുന്നത് ആദ്യമായൊന്നുമല്ല. പൗരത്വ നിയമഭേദഗതി, കർഷക സമരം തുടങ്ങി പല വിഷയങ്ങളിലും അദ്ദേഹം ഉടക്കിയിട്ടുണ്ട്. അത് അദ്ദേഹത്തിന് സി.പി.എമ്മിനോട് വ്യക്തിപരമായി എന്തെങ്കിലും വിരോധമുണ്ടായിട്ടൊന്നുമല്ല. പണ്ട് കോൺഗ്രസിലായിരുന്ന കാലത്ത് ശരീഅത്ത് വിവാദത്തിൽ ഉടക്കി രാജീവ് ഗാന്ധി മന്ത്രിസഭയിൽനിന്ന് രാജിവച്ചിറങ്ങിയ ആരിഫിന് രാജ്യത്തു ലഭിച്ച ഏറ്റവും മികച്ച സ്വീകരണം കോഴിക്കോട്ട് സി.പി.എം സംഘടിപ്പിച്ചതായിരുന്നു. കൂടാതെ സി.പി.എം പിന്തുണച്ച വി.പി സിങ് മന്ത്രിസഭയിൽ അംഗവുമായിരുന്നു അദ്ദേഹം. അങ്ങനെയൊക്കെയുള്ള സി.പി.എമ്മിന്റെ നേതാക്കളുമായി നല്ല ബന്ധമാണ് അദ്ദേഹത്തിനുള്ളതെന്നാണ് കേൾക്കുന്നത്. പിന്നെ ജോലി നൽകിയവരുടെ താൽപര്യത്തിന് പലതും ചെയ്യേണ്ടിവരുമല്ലോ. അങ്ങനെ എന്തോ ആയിരിക്കും കാരണം. ഈ ഉടക്കിനിടയിൽ കാര്യം വേഗം നടന്നുകിട്ടാൻ ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ. ബിന്ദു അദ്ദേഹത്തിന് കത്തെഴുതി. ഒന്നല്ല രണ്ടണ്ണം ഒരേ ദിവസം. തൊട്ടുപിറകെ വിഷയം ഹൈക്കോടതിയിലുമെത്തി.
നിയമനം ഹൈക്കോടതി സിംഗിൾ ബെഞ്ച് ശരിവച്ചതോടെ ഇത്തിരി ആശ്വാസത്തിലായിരുന്നു സി.പി.എം. എന്നാൽ തൊട്ടുപിറകെ ഭരണമുന്നണിയിലെ രണ്ടാംകക്ഷിയായ സി.പി.ഐയുടെ കോടതി ഉടക്കുമായി എത്തി. സി.പി.എമ്മിന് സ്വന്തമായി കോടതിയും പൊലിസുമൊക്കെ ഉണ്ടെന്ന് എം.സി ജോസഫൈൻ ഒരിക്കൽ വെളിപ്പെടുത്തിയിരുന്നല്ലോ. മറ്റൊരു കമ്യൂണിസ്റ്റ് പാർട്ടിയായ സി.പി.ഐക്കുമുണ്ട് അതൊക്കെ. ഗവർണർക്ക് കത്തെഴുതാൻ മന്ത്രി ബിന്ദുവിന് അധികാരമില്ലെന്നാണ് സി.പി.ഐ കോടതിയുടെ കണ്ടെത്തൽ. ആ വിധി വി.സി നിയമനത്തെ എങ്ങനെ ബാധിക്കുമെന്നാണ് ഇനി അറിയേണ്ടത്. സാധാരണ സി.പി.ഐ കോടതിയുടെ വിധികൾക്ക് പ്രതിപക്ഷമല്ലാതെ സർക്കാർ വലിയ വില കൽപ്പിക്കാത്തതിനാൽ പ്രത്യേകിച്ചൊന്നും സംഭവിക്കില്ലെന്നാണ് തോന്നുന്നത്.
മണിമുഴക്കം സമയമായ്...
പൊതുതെരഞ്ഞെടുപ്പോ സംഘടനാ തെരഞ്ഞെടുപ്പോ അല്ലെങ്കിൽ കോൺഗ്രസ് മാതൃകയിൽ പുനഃസംഘടനയോ ഒക്കെ വരുമ്പോഴാണ് രാഷ്ട്രീയകക്ഷികളിൽ ഭിന്നിപ്പുണ്ടാകുന്നത്. കേരളത്തിൽ ഇതിൽ രണ്ടെണ്ണം ഒന്നിനു പിറകെ ഒന്നായി വന്നതിന്റെ ഗുലുമാലിലാണ് കോൺഗ്രസും സി.പി.എമ്മും.
സി.പി.എമ്മിൽ ഇപ്പോൾ ഇടഞ്ഞുനിൽക്കുന്നവരിൽ പ്രമുഖൻ മൂന്നു തവണ ദേവികുളം എം.എൽ.എയായിരുന്ന എസ്. രാജേന്ദ്രനാണ്. നിയമസഭയിൽ അരുമയാന തമിഴിൽ അളഹാ പേശിയിരുന്ന അദ്ദേഹം അവിടെ എല്ലാവർക്കും പ്രിയങ്കരനായിരുന്നു. അതുപോലെ ഇടുക്കി ജനതയ്ക്കും പ്രിയങ്കരനാണദ്ദേഹം. ഇടുക്കി ജില്ലയിലെ ഭൂമി കൈയേറ്റക്കാർക്കും റിസോർട്ട് മാഫിയയ്ക്കുമെതിരേ സഭയിൽ ആരെങ്കിലും എന്തെങ്കിലും പറഞ്ഞാൽ അവരെ നേരിടാൻ വല്ലാത്തൊരു ആവേശമാണ് രാജേന്ദ്രൻ കാട്ടിയിരുന്നത്. കൈയേറ്റം പൊളിക്കാൻ പണ്ട് വി.എസ് അച്യുതാനന്ദൻ മൂന്നാറിലേക്കയച്ച മണ്ണുമാന്തികളെയും പൂച്ചകളെയും നേരിടാൻ മുൻപന്തിയിൽ നിന്ന നേതാവുമാണ് രാജേന്ദ്രൻ. ഇപ്പറഞ്ഞ മാഫിയകളും അവരെ ആശ്രയിച്ചു ജീവിക്കുന്ന തൊഴിലാളികളുമൊക്കെ ചേർന്നതാണല്ലോ ഇടുക്കി ജനത. അവർക്കു വേണ്ടി ഉയിരു കൊടുത്തും പോരാടാൻ എന്നും സന്നദ്ധനാണ് രാജേന്ദ്രൻ. ചുരുക്കിപ്പറഞ്ഞാൽ ഇടുക്കിയിൽ ശരിക്കുമൊരു പുരട്ചി തലൈവരാണദ്ദേഹം.
അവരെ തുടർന്നും സേവിക്കാനുള്ള മോഹംകൊണ്ടാവാം, ഇത്തവണയും മത്സരിക്കാൻ രാജേന്ദ്രൻ ആഗ്രഹിച്ചുപോയെന്നാണ് ഇടുക്കിയിൽനിന്നുള്ള വാർത്തകൾ. അതുകാരണം അദ്ദേഹം പകരം വന്ന സ്ഥാനാർഥിയെ വിജയിപ്പിക്കാൻ ശ്രമിച്ചില്ലെന്നും കേൾക്കുന്നു. അതിനൊപ്പം ഇടുക്കിയിലെ മറ്റൊരു പുരട്ചി തലൈവരും പാർട്ടിയിലെ പ്രമുഖനുമായ എം.എം മണിയാശാനുമായി ശത്രുതയുമുണ്ടായി. നാവിന് വലിയ നിയന്ത്രണമൊന്നുമില്ലാത്തയാളാണല്ലോ മണിയാശാൻ. അദ്ദേഹം പലയിടത്തും രാജേന്ദ്രനെതിരേ പരസ്യമായി വളവള എൻട്രും കൊളകൊള എൻട്രും പേശി. അതോടെ ശത്രുതയ്ക്ക് കടുപ്പമേറി.
ഏറ്റവുമൊടുവിൽ രാജേന്ദ്രനെ പാർട്ടിയിൽനിന്ന് പുറത്താക്കുമെന്ന സൂചനയും മണിയാശാൻ നൽകിക്കഴിഞ്ഞു. ഇടുക്കിയിലെ പാർട്ടിയിൽ നിനൈത്തതേ നടപ്പത് മുടിപ്പവനാണ് മണിയാശാൻ. അതുകൊണ്ടുതന്നെ ആ മണിമുഴക്കത്തിന്റെ അർഥം രാജേന്ദ്രൻ പുറത്തുപോകുമെന്നു തന്നെയാണെന്നാണ് നാട്ടുകാർ വിശ്വസിക്കുന്നത്.
എന്നാൽ ഇതിൽ രാജേന്ദ്രന് കവലപ്പെടാനൊന്നുമില്ല. പുറത്തായാൽ കൂടെ കൂട്ടാൻ സി.പി.ഐ ഇരുകൈകളും നീട്ടി കാത്തിരിക്കുന്നുണ്ടെന്നാണ് കേൾക്കുന്നത്. കാനം രാജേന്ദ്രൻ ചില സൂചനകളിലൂടെ രാജേന്ദ്രനോട് വാങ്കോ ഇങ്ക വാങ്കോ എന്നുതന്നെയാണ് പറയാതെ പറയുന്നതെന്നാണ് സി.പി.ഐ വൃത്തങ്ങൾ പറയുന്നത്. പഴയ രവീന്ദ്രൻ പട്ടയത്തിന്റെ രാഷ്ട്രീയത്തോട് താത്ത്വികമായി തന്നെ യോജിപ്പുള്ള രാജേന്ദ്രന് സി.പി.ഐയിൽ മികച്ച ഇടം കിട്ടുമെന്ന് ഉറപ്പുമാണ്. പിന്നെ ഇക്കാലത്ത് പാർട്ടി മാറുന്നത് അത്ര വലിയ കാര്യവുമല്ല. പിന്നെന്തിന് വിഷമിക്കണം. ഇന്ത കട്ചിയിൽ നിലയായ് വാഴ്‌വവൻ യാരെടാ, പോനാൽ പോകട്ടും പോടാ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."