മദീനയിൽ നിന്ന് മടങ്ങുന്നതിനിടെ മലയാളി കുടുംബങ്ങളുടെ കാർ ഒട്ടകത്തിനിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ കൂടി മരിച്ചു
മദീന: ഇക്കഴിഞ്ഞ നവംബർ ഏഴിന് വിശുദ്ധ മദീന സന്ദർശനം കഴിഞ്ഞ് ജിദ്ദയിലേക്ക് തിരിച്ച് വരുന്നതിനിടെ മലയാളി കുടുംബങ്ങൾ സഞ്ചരിച്ച വാഹനം ഒട്ടകത്തിനിടിച്ച് ഉണ്ടായ അപകടത്തിൽ പരിക്കേറ്റ ഒരാൾ കൂടി മരിച്ചു. ജിദ്ദ കിംഗ് അബ്ദുള്ള മെഡിക്കൽ കോപ്ലക്സിൽ ചികിത്സയിൽ ആയിരുന്ന പാണ്ടിക്കാട് സ്വദേശി ബീരാൻ കുട്ടിയുടെ ഭാര്യ റംലത്ത് ആണ് മരിച്ചത്. ഇതോടെ അപകടത്തിൽ മരണപ്പെട്ടവർ മൂന്നായി.
മദീന സന്ദർശനം കഴിഞ്ഞ് ബദ്ർ വഴി ജിദ്ദയിലേക്ക് മടങ്ങുകയായിരുന്ന ഇവരുടെ വാഹനം റാബിഗിന് സമീപം വെച്ചാണ് ഒട്ടകത്തിനിടിക്കുകയായിരുന്നു. മലപ്പുറം പാണ്ടിക്കാട് തുവ്വൂർ സ്വദേശി ആലക്കാടൻ അബ്ദുല്ലയുടെ മകൻ റിഷാദ് അലി (28) സംഭവ സ്ഥലത്തും ഡ്രൈവർ പുകയൂർ കൊളക്കാടൻ അബ്ദുൽ റഊഫ് (38) ആശുപത്രിയിലും വെച്ച് മരണപ്പെട്ടിരുന്നു.
അപകടത്തിൽ മരണപ്പെട്ട റിഷാദ് അലിയുടെ ഭാര്യ ഫർസീന രണ്ട് ദിവസം മുമ്പ് ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ആയി നാട്ടിലേക്ക് പോയിരുന്നു. മൂന്നര വയസുള്ള മകൾ അയമിൻ റോഹ, ജിദ്ദയിൽ ജോലി ചെയ്യുന്ന തുവ്വൂർ സ്വദേശിയായ നൗഫലിന്റെ ഭാര്യ റിൻസില, ഇവരുടെ മാതാവ് റംലത്ത്, സഹോദരൻ മുഹമ്മദ് ബീൻസ് എന്നിവർക്കായിരുന്നു പരിക്ക് പറ്റിയിരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."