പുനഃസംഘടനയുമായി സഹകരിക്കുമെന്ന് ഗ്രൂപ്പുകൾ കോൺഗ്രസ് രാഷ്ട്രീയകാര്യ സമിതി ഉടൻ ഭാരവാഹികളെ നിശ്ചയിക്കാനുള്ള മാനദണ്ഡങ്ങളായി
തിരുവനന്തപുരം
ഔദ്യോഗിക നേതൃത്വവുമായി ഉടക്കുകയും നിസ്സഹകരിച്ചുപോരുകയും ചെയ്ത സംസ്ഥാന കോൺഗ്രസിലെ ഗ്രൂപ്പുകൾ ഒടുവിൽ സമവായത്തിന്.
പുനഃസംഘടനയുമായി സഹകരിക്കാൻ എ, ഐ ഗ്രൂപ്പുകൾ തീരുമാനിച്ചു.
മുതിർന്ന നേതാക്കളായ ഉമ്മൻചാണ്ടിയുടെയും ചെന്നിത്തലയുടെയും അഭിപ്രായങ്ങൾ കൂടി പരിഗണിക്കുമെന്ന ഉറപ്പിൻമേലാണ് ഗ്രൂപ്പുകൾ സമവായത്തിലെത്തിയത്.
പുതിയ നേതൃത്വം അധികാരമേറ്റതിനു പിന്നാലെ സംസ്ഥാന കോൺഗ്രസിലുണ്ടായ പ്രതിസന്ധിക്ക് അയവുവന്നതോടെ കെ.പി.സി.സി രാഷ്ട്രീയകാര്യസമിതി ഉടൻ വിളിച്ചുചേർക്കാൻ തീരുമാനമായി. സമിതി വിളിച്ച് വിവാദ വിഷയങ്ങൾ ചർച്ച ചെയ്യണമെന്നത് ഗ്രൂപ്പുകളുടെ പ്രധാന ആവശ്യങ്ങളിലൊന്നായിരുന്നു.
കഴിഞ്ഞദിവസം ഉമ്മൻചാണ്ടിയുമായും രമേശ് ചെന്നിത്തലയുമായും കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ നടത്തിയ ആശയ വിനിമയത്തിലാണ് മഞ്ഞുരുക്കമുണ്ടായത്.
ഇരുവരെയും സുധാകരൻ നേരിട്ടുവന്നു കണ്ടത് തങ്ങളുടെ വിജയമായാണ് ഗ്രൂപ്പുകൾ കാണുന്നത്. മുതിർന്ന നേതാക്കളെ ഉൾക്കൊണ്ടുപോകാൻ തയാറാണെന്ന സന്ദേശവും ഇതിലൂടെ സുധാകരൻ നൽകി.
തർക്കവിഷയങ്ങളിൽ ഏറെക്കുറേ ധാരണയിലെത്താനും കൂടിക്കാഴ്ച കൊണ്ട് കഴിഞ്ഞു. ഇതിനുശേഷം വെള്ളിയാഴ്ച ഡി.സി.സി അധ്യക്ഷൻമാരുടെയും ജില്ലകളുടെ ചുമതലയുള്ള കെ.പി.സി.സി ജനറൽ സെക്രട്ടറിമാരുടെയും യോഗം ചേർന്ന് സഹഭാരവാഹികളെ നിശ്ചയിക്കാനുള്ള മാനദണ്ഡങ്ങൾക്ക് രൂപം നൽകുകയും ചെയ്തു.
പുതിയ മാനദണ്ഡം അനുസരിച്ച് തദ്ദേശസ്ഥാപനങ്ങളുടെ അധ്യക്ഷ, ഉപാധ്യക്ഷ പദവികൾ വഹിക്കുന്നവരെ ഭാരവാഹിയാക്കില്ല.
തദ്ദേശ സ്ഥാപനങ്ങളിലെ അംഗങ്ങൾക്ക് ഈ വ്യവസ്ഥ ബാധകമല്ല. സഹകരണ സ്ഥാപനങ്ങളിൽ ഉന്നത പദവി വഹിക്കുന്നവരെയും മാറ്റിനിർത്തും.
10 വർഷം ഭാരവാഹികളായിരുന്നവർക്കും അവസരം ലഭിക്കില്ല. മാനദണ്ഡം ഗ്രൂപ്പുകളുടെകൂടി അംഗീകാരത്തോടെ മാത്രമെ പുറത്തിറക്കൂ. ഇത് ഇറങ്ങുന്നതോടെ ജില്ലകളുടെ ചുമതലയുള്ള ജനറൽ സെക്രട്ടറിമാർ കൂടിയാലോചന നടത്തി പട്ടിക കെ.പി.സി.സിക്ക് കൈമാറും.
അതേസമയം സംഘടനാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കെ പുനഃസംഘടന വേണ്ടെന്ന നിലപാടിൽ തന്നെയാണ് ഗ്രൂപ്പുകൾ ഇപ്പോഴും. പുനഃസംഘടന പൂർത്തിയാക്കുന്നതോടെ കാര്യങ്ങൾ കൈവിട്ടേക്കുമെന്ന ഭീതി ഗ്രൂപ്പുകൾക്കുണ്ട്.
ഭാരവാഹിപ്പട്ടികയിലേക്ക് നേതൃത്വം പേരുകൾ ചോദിച്ചാൽ നിർദ്ദേശിക്കേണ്ടതില്ലെന്ന് ഗ്രൂപ്പുകൾ തീരുമാനിച്ചു. പ്രതിഷേധം പരസ്യമാക്കി തിരുവനന്തപുരത്ത് ഉണ്ടായിട്ടും യു.ഡി.എഫ് യോഗം ചെന്നിത്തലയും ഉമ്മൻചാണ്ടിയും ബഹിഷ്‌കരിച്ചു.
ഇതോടെ ഗ്രൂപ്പുകൾ കടുംപിടുത്തം തുടർന്നാൽ അതു സംഘടനാപ്രവർത്തനം മരവിക്കാൻ കാരണമാവുമെന്നും അത് തങ്ങളുടെ കഴിവുകേടായി ഹൈക്കമാൻഡ് വിലയിരുത്തുമെന്നുമുള്ള തോന്നൽ നേതൃത്വത്തിനുണ്ടായതോടെ സമവായം അവരുടെയും ആവശ്യമായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."