വിവാഹപ്രായത്തിൽ ഗൂഢാലോചനയോ?
ഇന്ത്യയിലെ പെൺകുട്ടികളുടെ നിയമപരമായ വിവാഹപ്രായം 18ൽ നിന്ന് 21 ആക്കാൻ കേന്ദ്രമന്ത്രിസഭ തീരുമാനിച്ചിരിക്കുകയാണ്. ഇതുമായി ബന്ധപ്പെട്ട ബില്ല് നാളെ പാർലമെന്റിൽ അവതരിപ്പിച്ചേക്കും. ഇതിന്റെ ഭാഗമായി 1955ലെ ഹിന്ദുവിവാഹ നിയമം, 1872ലെ ഇന്ത്യൻ ക്രിസ്ത്യൻ വിവാഹനിയമം, 1937ലെ മുസ്‌ലിം വ്യക്തിനിയമം, 1955ലെ പാർസി വിവാഹ-വിവാഹമോചന നിയമം, 2006ലെ ബാലവിവാഹ നിരോധന നിയമം, 1969ലെ ഫോറിൻ മാര്യേജ് ആക്ട്, 1956ലെ ഹിന്ദു മൈനോരിറ്റി ആൻഡ് ഗാർഡിയൻഷിപ്പ് ആക്ട്, ഹിന്ദു അഡോപ്ഷൻസ് ആൻഡ് മെയിന്റനൻസ് ആക്ട് തുടങ്ങിയ വ്യക്തിനിയമങ്ങളിലെയും സ്‌പെഷൽ മാര്യേജ് ആക്ടിലെയും വകുപ്പുകളിൽ ഭേദഗതി വരുത്തും.
ഒരു സമൂഹത്തിന്റെ അവിഭാജ്യഘടകമാണ് കുടുംബം. വിവാഹത്തിലൂടെയാണ് പരിഷ്‌കൃത സമൂഹം കുടുംബവ്യവസ്ഥിതി ആരംഭിക്കുന്നത്. ഒരു വ്യക്തിയുടെ അടിസ്ഥാനപരമായ മനുഷ്യാവകാശമാണ് വിവാഹം. ലൈംഗികാസ്വാദനം സാമൂഹിക ഭദ്രതയ്ക്കും ധാർമികതയ്ക്കും കോട്ടംതട്ടാത്ത വിധത്തിൽ മൂല്യാധിഷ്ഠിതമാകണമെന്ന് അഗ്രഹമുള്ളവർക്ക് അതിനനുസരിച്ച വിവാഹജീവിതം പരിഷ്‌കൃത രാജ്യത്ത് അനിവാര്യമാണ്. അടിസ്ഥാനപരമായ ഈ അവകാശം ശാരീരിക വളർച്ചയുണ്ടായിക്കഴിഞ്ഞ എല്ലാവർക്കുമുള്ളതാണ്. അതിനു വിഘാതമാകുന്ന നിയമങ്ങളെല്ലാം മനുഷ്യാവകാശ ലംഘനം തന്നെയാണ്.
ലോകത്ത് 158 രാജ്യങ്ങളിൽ പെൺ വിവാഹപ്രായം പതിനെട്ടാണ്. 180 രാജ്യങ്ങളിൽ ആണിനും പതിനെട്ട് തന്നെ. യൂറോപ്യൻ രാജ്യങ്ങളിലെല്ലാം ആണിനും പെണ്ണിനും 18 ആണ് വിവാഹപ്രായം. സ്ത്രീകൾക്കെതിരേയുള്ള എല്ലാതരത്തിലുമുള്ള വിവേചനവും അവസാനിപ്പിക്കാനുള്ള അന്താരാഷ്ട്ര കൺവൻഷൻ (CEDW) പറയുന്നതും വിവാഹപ്രായം ഇരുവർക്കും 18 വയസ് പൂർത്തിയായിരിക്കണം എന്നതാണ്. പ്രായപരിധി നിർണയിക്കപ്പെട്ട മിക്ക രാജ്യങ്ങളിൽ തന്നെയും പുരുഷന്റെയോ സ്ത്രീയുടെയോ ലൈംഗികാവകാശങ്ങളെ ഹനിക്കാത്ത രൂപത്തിലാണ് പ്രസ്തുത നിയമങ്ങൾ നടപ്പാക്കുന്നത്. അമേരിക്കയിലെ നിയമപരമായ വിവാഹപ്രായം രണ്ടുപേർക്കും 18 വയസാണ്. എന്നാൽ അടിയന്തിര ഘട്ടങ്ങളിൽ മാതാപിതാക്കളുടെ അനുമതിയോടെ കോടതി മുഖേന 14 വയസായാൽ (ചില സ്റ്റേറ്റുകളിൽ 16) വിവാഹിതരാകാവുന്നതാണ്. ഇതുതന്നെയാണ് തന്നെയാണ് ലാറ്റിനമേരിക്കൻ യൂറോപ്യൻ രാജ്യങ്ങളുടെയും അവസ്ഥ.
പരിഷ്‌കൃതമെന്ന് ഉയർത്തിക്കാട്ടുന്ന രാജ്യങ്ങളിലൊന്നുമില്ലാത്ത താൽപര്യം എന്താണ് ഇന്ത്യയിൽ എന്ന ചോദ്യത്തിന്റെ ഉത്തരം കണ്ടെത്തിയാൽ ഇതിനു പിന്നിലെ ഗൂഢാലോചന വ്യക്തമാകും. 1929ലെയും 1949ലെയും നിയന്ത്രണ നിയമങ്ങൾ ബാലവിവാഹത്തിന്റെ ഭീകരാവസ്ഥയിൽ നിന്നുള്ള മോചനമാണെന്ന് നിരീക്ഷിക്കാമെങ്കിലും 1978ലെ ബാലവിവാഹ നിയന്ത്രണ നിയമത്തിലുണ്ടാക്കിയ ഭേദഗതിക്കു പിന്നിലെ ലക്ഷ്യം ജനസംഖ്യാ നിയന്ത്രണമായിരുന്നുവെന്ന് വ്യക്തമാണ്. ഇന്ത്യയുടെ പിന്നാേക്കാവസ്ഥയുടെ പ്രധാന കാരണം ഇവിടെയുള്ള ജനസംഖ്യാ വർധനവാണെന്നും അതു നിയന്ത്രിക്കാതെ രാജ്യത്തിനു പുരോഗമിക്കാനാവുകയില്ലെന്നുമുള്ള പ്രചാരണം സാമ്രാജ്യത്വ ശക്തികൾ ഉയർത്തിക്കൊണ്ടു വരികയും അതിനനുസരിച്ച് ഭരാണാധിപർ നിലകൊള്ളുകയും ചെയ്തു. ഇതുമായി ബന്ധപ്പെട്ട് നിരവധി പഠനങ്ങൾ പുറത്തുവന്നിട്ടുണ്ട്.
ഇന്ത്യയുടെ വളർച്ചയ്ക്ക് കാരണമാകുന്ന മാനവവിഭവശേഷിയെ തകർക്കുക എന്നതു തന്നെയാണ് ഇതിനു പിന്നിലെ അജൻഡ. ഇന്ത്യൻ പെൺകുട്ടികൾ ഋതുമതിയാകുന്നത് നേരത്തെ ആണ്. പുതിയ പഠനങ്ങളിൽ സ്ത്രീകളിൽ ആർത്തവവിരാമവും ഇന്ത്യയിൽ നേരത്തെയാകുന്നു. മിക്ക സ്ത്രീകളിലും ആർത്തവ വിരാമത്തിന്റെ 10 വർഷം മുമ്പ് തന്നെ പ്രത്യുൽപാദന ശേഷി കുറയുന്നു. 35 വയസു മുതൽ ആർത്തവവിരാമം റിപ്പോർട്ട് ചെയ്യപ്പെടുന്നുവെന്ന് പറയുമ്പോൾ ഈസ്ട്രജന്റെ അളവ് ചുരുങ്ങിവന്ന് അതിനുമുമ്പുതന്നെ അവളുടെ പ്രത്യുൽപാദന ശേഷി നശിക്കുന്നു. 21ാം വയസിൽ വിവാഹിതരാകുന്നവർക്ക് എത്രവർഷം പ്രത്യുൽപാദനക്ഷമത ഉണ്ടാകുമെന്ന് പരിശോധിക്കപ്പെടേണ്ടതുണ്ട്. ഇന്ത്യയുടെ തകർച്ചയ്ക്കുള്ള ഒരു കുറുക്കുവഴി തന്നെയാണിത്. അല്ലാതെ പ്രസവത്തോടനുബന്ധിച്ച മാതൃമരണ നിരക്ക് അല്ല.
മാതൃമരണങ്ങളിൽ 75 ശതമാനത്തിനും കാരണം പ്രസവസമയത്തുള്ള രക്തസ്രാവമോ, അണുബാധയോ, ഉയർന്ന രക്തസമ്മർദമോ ആണെന്ന് ലോകാരോഗ്യ സംഘടനയുടെ റിപ്പോർട്ടുണ്ട്. ഇതിൽതന്നെ രക്തസ്രാവമാണ് മുഖ്യകാരണം. ഇതിനു കാരണം അനീമിയയും പോഷകാഹാരക്കുറവും അടിയന്തര വൈദ്യസൗകര്യങ്ങളുടെ അഭാവവും പ്രസവസമയത്ത് വൈദഗ്ധ്യം നേടിയ ജീവനക്കാരുടെ സേവനം ലഭ്യമാക്കാത്തതും ഒക്കെയാണ്. അല്ലാതെ 18നും 21നും ഇടയ്ക്ക് പ്രായമുള്ള സ്ത്രീകൾ പ്രസവിക്കുന്നതല്ല. സുരക്ഷിതമല്ലാത്ത മാർഗത്തിലുള്ള ഗർഭഛിദ്രം മൂലം നടക്കുന്ന മരണവും പ്രസവത്തോടനുബന്ധിച്ച മാതൃമരണ നിരക്കിൽ വരവുവച്ചു കൊണ്ടാണ് അവതരിപ്പിക്കപ്പെടാറുള്ളത്.
2006ലെ ശൈശവ വിവാഹ നിയമത്തിനു ശേഷവും ഇന്ത്യയിൽ പല സംസ്ഥാനങ്ങളിലും 15 വയസിനു താഴെയുള്ളവർപോലും വിവാഹിതരാകുന്നുണ്ട്. യൂനിസെഫിന്റെ കഴിഞ്ഞ വർഷത്തെ കണക്കനുസരിച്ച് ഇന്ത്യയിൽ 22 കോടിയിലധികം (223 മില്യൻ) ശൈശവ വിവാഹങ്ങൾ നടന്നിട്ടുണ്ട്. ഇതിൽതന്നെ 10.2 കോടി പെൺകുഞ്ഞുങ്ങൾ 15 വയസാകുന്നതിനും മുമ്പേ വിവാഹിതരായവരാണെന്ന് റിപ്പോർട്ട് പറയുന്നു. പെൺകുട്ടികൾക്ക് നിശ്ചയിക്കപ്പെട്ട 18 വയസെന്ന നിലവിലെ പ്രായപരിധിപോലും നടപ്പാക്കാനാവാത്ത ഒരു രാജ്യത്ത് 21 എന്നത് എത്രമാത്രം പ്രായോഗികമായിരിക്കും?
അടിസ്ഥാനപരമായ പ്രശ്‌നത്തിൽനിന്ന് ഒളിച്ചോടുകയാണ് സർക്കാർ. പോഷകാഹാരക്കുറവാണ് പ്രായം വർധിപ്പിക്കുന്നതിന് ഒരു ന്യായം. അതിന് പോഷകാഹാരം നൽകുകയാണു വേണ്ടത്. അല്ലാതെ ഒരു യുക്തിയും ഇല്ലാത്ത രൂപത്തിൽ ബിൽ പാസാക്കിയിട്ട് കാര്യമില്ല. രാജ്യത്തിലെ മാനവവിഭവശേഷി തകർക്കാനുള്ള ആസൂത്രിത നീക്കമാണ് ഇതിനു പിന്നിലെന്ന് സ്വാഭാവികമായും സംശയിക്കപ്പെടാവുന്നതാണ്.
ഇന്ത്യയിൽ സ്വയം നിർണയാവകാശമായ വോട്ടവകാശത്തിനു 18 വയസാണ് എന്നിരിക്കെ വ്യക്തിജീവിതത്തിലെ സ്വയം നിർണയാവകാശമായ വിവാഹത്തിനു 21 വയസാകണം എന്നത് അയുക്തിസഹമാണ്. ജയാ ജയ്റ്റിലി കമ്മിറ്റി പുറത്തുവിട്ട കാര്യങ്ങളെന്തൊക്കെയെന്ന് പൊതുസമൂഹത്തിന് മുന്നിൽ വെളിപ്പെടുത്തട്ടെ. സമൂഹത്തിന്റെ പുരോഗതിക്ക് ഉതകുന്ന നിർദേശങ്ങളെ അവഗണിച്ച് അരാജകത്വം വിതയ്ക്കുന്ന ബിൽ അവതരണം കൊണ്ട് സർക്കാർ എന്താണ് ഉദ്ദേശിക്കുന്നത്?
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."