കേരള കോണ്‍ഗ്രസ് ബി പിളര്‍ന്നു; ഉഷ മോഹന്‍ദാസ് പാര്‍ട്ടി അധ്യക്ഷ; ഗണേഷിനെതിരെ സംസ്ഥാന സമിതി യോഗം
കൊച്ചി: കേരള കോണ്‍ഗ്രസ് ബി പിളര്‍ന്നു. പാര്‍ട്ടി സംസ്ഥാന അധ്യക്ഷനായി ആര് ബാലകൃഷ്ണ പിള്ളയുടെ മകള്‍ ഉഷാ മോഹന്‍ദാസിനെ തെരഞ്ഞെടുത്തു. വിമത വിഭാഗം കൊച്ചിയില്‍ യോഗം ചേര്‍ന്നാണ് പുതിയ ചെയര്‍മാനെ തെരഞ്ഞെടുത്തത്.
സംസ്ഥാന സമിതിയിലെ ബഹുഭൂരിപക്ഷം പേരുടെയും പിന്തുണ തങ്ങള്‍ക്കുണ്ടെന്ന് യോഗം അവകാശപ്പെട്ടു. യോഗ തീരുമാനങ്ങള്‍ എല്‍ഡിഎഫിനെയും അറിയിക്കും.
പാര്‍ട്ടിയിലെ സംസ്ഥാന നേതാക്കള്‍ ഉള്‍പ്പെടെ യോഗത്തില്‍ പങ്കെടുത്തിരുന്നു. പാര്‍ട്ടി സീനിയര്‍ വൈസ് ചെയര്‍മാനും മുന്‍ എം.എല്‍.എയുമായ എം.വി. മാണി, വൈസ് ചെയര്മാന് പോള്‍ ജോസഫ്, ജനറല്‍ സെക്രട്ടറി നജിം പാലക്കണ്ടി തുടങ്ങിയവര്‍ യോഗത്തിനെത്തിയിരുന്നു.
ഗണേഷ് കുമാര്‍ പാര്‍ട്ടി ഭരണഘടനയനുസരിച്ച് തെരഞ്ഞെടുക്കപ്പെട്ട ചെയര്‍മാനല്ല. ബാലകൃഷ്ണപിള്ളയുടെ മരണശേഷം പാര്‍ട്ടി യോഗം ചേര്‍ന്നിട്ടില്ല. ഇപ്പോഴാണ് യോഗം ചേരുന്നതും ചെയര്‍മാനെ തെരഞ്ഞെടുക്കുന്നതും. പാര്‍ട്ടി ഭരണഘടനയനുസരിച്ചല്ല ഗണേഷ് കുമാര്‍ പ്രവര്‍ത്തിക്കുന്നത്. സ്വയം ചെയര്‍മാനായി അവരോധിക്കുകയാണ് ഗണേഷ് കുമാര്‍ ചെയ്തത്. ഗണേഷ് കുമാറിനെയും ഇന്നത്തെ യോഗം അറിയിച്ചിരുന്നു. പാര്‍ട്ടി സംസ്ഥാന കമ്മിറ്റി അംഗങ്ങളില്‍ ഭൂരിപക്ഷം പേരും ഇന്നത്തെ യോഗത്തില്‍ പങ്കെടുത്തതായും 114 അംഗങ്ങളില്‍ 88 പേരുടെ പിന്തുണയുണ്ടെന്നും എം വി മാണി പറഞ്ഞു.
കേരള കോണ്‍ഗ്രസ് ബിയുടെ സ്ഥാപക ചെയര്മാന് ആര്.ബാലകൃഷ്ണണപിള്ളയുടെ മരണശേഷം അദ്ദേഹത്തിന്റെ സ്വത്തിനെ ചൊല്ലി സഹോദരിയുമായുണ്ടായ തര്‍ക്കം മന്ത്രിസഭ രൂപീകരണ ചര്‍ച്ചയില്‍ ഗണേഷിന് തിരിച്ചടിയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."