ഇടവേളക്ക് ശേഷം സഊദിയിൽ കൊവിഡ് വീണ്ടും കുതിച്ചുയരുന്നു, ബൂസ്റ്റർ ഡോസ് എല്ലാവർക്കും, കുട്ടികൾക്കും വാക്സിൻ നൽകി തുടങ്ങി
റിയാദ്: ഇടവേളക്ക് ശേഷം സഊദിയിൽ പുതിയ കൊറോണ വൈറസ് കേസുകൾ കുതിച്ചുയരുന്നു. ചൊവ്വാഴ്ച 222 പുതിയ കേസുകൾ രജിസ്റ്റർ ചെയ്തതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. പ്രതിദിന കേസുകൾ ഇരുപതിലേക്ക് താഴ്ന്നിരുന്നു. വീണ്ടും കുത്തനെ ഉയരുന്നത് ആശങ്കക്കിടയാക്കിയിട്ടുണ്ട്. 551,219 കൊവിഡ് കേസുകളാണ് രാജ്യത്ത് ഇത് വരെ കണ്ടെത്തിയത്. ഇന്നലെ ഒരു മരണവും 106 രോഗമുക്തിയും രേഖപ്പെടുത്തി. രാജ്യത്തെ ആകെ മരണസംഖ്യ 8,865 ഉം സുഖം പ്രാപിച്ചവരുടെ എണ്ണം 540,284 ഉം ആയി. 28 ഗുരുതര കേസുകളുകളാണ് നിലവിലുള്ളത്.
അതേസമയം, രണ്ടാമത്തെ ഡോസ് എടുത്ത് മൂന്ന് മാസം പിന്നിട്ടവർക്ക് ബൂസ്റ്റർ ഡോസ് ആരംഭിച്ചു. വൈറസ് വ്യാപനവും ഒമിക്രോണും വകഭേദങ്ങളെ തടയുന്നതിന്റെ പ്രാധാന്യവും കണക്കിലെടുത്താണ് തീരുമാനമെന്ന് മന്ത്രാലയം പ്രസ്താവിച്ചു. രണ്ടാമത്തെ ഡോസ് സ്വീകരിച്ച് ആറ് മാസത്തിന് ശേഷമായിരുന്നു ഇത് വരെ എല്ലാവർക്കും ബൂസ്റ്റർ ഡോസ് നൽകിയിരുന്നത്. ഫൈസർ, മോഡേർണ വാക്സിനുകൾ മാത്രമാണ് ഇപ്പോൾ ബൂസ്റ്റർ ഡോസ് ആയി നൽകാൻ ആരോഗ്യ മന്ത്രാലയം അനുമതി നൽകിയിട്ടുള്ളത്. മറ്റു സഊദി അംഗീകൃത വാക്സിനുകൾ ബൂസ്റ്റർ ഡോസ് ആയി നൽകുന്ന കാര്യത്തിൽ പഠനം നടക്കുകയാണ്.
ഇതേ പശ്ചാത്തലത്തിൽ രാജ്യത്ത് അഞ്ച് വയസ്സ് മുതൽ 11 വയസു വരെയുള്ള കുട്ടികൾക്കും കൊവിഡ് വാക്സിനേഷൻ ആരംഭിച്ചു. കുട്ടികൾക്ക് വാക്സിനുകൾ നൽകുന്ന ചിത്രവും മന്ത്രാലയം പങ്ക് വെച്ചു. “കൊറോണ” വൈറസിന്റെ വകഭേദങ്ങളിൽ നിന്നും സങ്കീർണതകളിൽ നിന്നുമുള്ള കുട്ടികളുടെ സുരക്ഷയുടെയും സംരക്ഷണത്തിന്റെയും താൽപ്പര്യത്തിലാണ് ഈ തീരുമാനമെന്ന് മന്ത്രാലയം അറിയിച്ചു. ആദ്യഘട്ടത്തിൽ വൈറസിൽ നിന്നുള്ള സങ്കീർണതകൾക്ക് കൂടുതൽ ഇരയാകാൻ സാധ്യതയുള്ള അവസ്ഥകളാൽ ബുദ്ധിമുട്ടുന്നവർക്ക് മുൻഗണന നൽകുമെന്നും മന്ത്രാലയം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."