ഡാറ്റ സംരക്ഷണം സ്വകാര്യതയുടെ ലംഘനമാകുമോ?
ദാമോദർ പ്രസാദ്
ഇന്നത്തെ ലോകത്തിലെ ഏറ്റവും അമൂല്യമായ ഒന്നാണ് ഡാറ്റ. അമൂല്യമായ വസ്തു എന്നാണ് പറഞ്ഞിരുന്നെങ്കിൽ, വസ്തുവോ എന്ന് നിങ്ങൾ തിരിച്ചുചോദിക്കുമായിരുന്നു. കാരണം അസ്പർശനീയമാണ് ഡാറ്റ. ഈ അസ്പർശനീയതയാണ് അതിനെ സവിശേഷമാക്കുന്ന ഘടകങ്ങളിൽ ഒന്ന്. പണം പോലുള്ള ഭൗതികമായ വസ്തുവിനെ (physical cash) അടിച്ചുമാറ്റുക എന്ന് പറഞ്ഞാൽ ആ വസ്തു അതുവരെ ഇരുന്നിരുന്ന സ്ഥലത്തുനിന്ന് ഭൗതികമായി മറ്റൊരിടത്തേക്ക് മാറ്റുക എന്നാണ്. എന്നാൽ ഡാറ്റ അടിച്ചുമാറ്റുമ്പോൾ ഈ ഭൗതികമായ സ്ഥലചലനം എപ്പോഴും ഉണ്ടാകണമെന്നില്ല. ഉദാഹരണത്തിന് ആധാർ, അതായത്, വ്യക്തിഗതമായ ഡിജിറ്റൽ വിവരങ്ങൾ നിങ്ങൾ അറിയാതെ അടിച്ചുമാറ്റിയാലും പ്രത്യക്ഷത്തിൽ ആ വിവരങ്ങൾക്ക് സ്ഥലചലനമുണ്ടാകുന്നില്ല. അതേസമയം, ബാങ്കിൽ നിങ്ങൾ നിക്ഷേപിച്ച തുക അവിടെ നിന്നൊരാൾ അടിച്ചുമാറ്റിയാൽ അത് നിങ്ങളുടെ അക്കൗണ്ടിൽ പ്രതിഫലിക്കും. കാരണം പണം എന്ന ഭൗതികമായ വസ്തുവുമായി അത് ബന്ധപ്പെട്ടിരിക്കുന്നു എന്നതുകൊണ്ടാണ്. എന്നാൽ എല്ലാ ഡാറ്റയും അങ്ങനെയല്ല. നിങ്ങളുടെ അക്കൗണ്ട് വിവരങ്ങളാണ് മോഷ്ടിക്കപ്പെടുന്നതെങ്കിൽ ഇത്തരത്തിലുള്ള ഭൗതികസ്ഥലചലനം സംഭവിക്കുന്നില്ല. ഇത്ര വിശിഷ്ടമായ ഈ 'ഡാറ്റ' ( ഡാറ്റയെ ദത്തം എന്ന് മലയാളീകരിച്ചുട്ടുണ്ട്) ഉൽപാദിക്കുന്നത് ആരാണ്. നമ്മൾ ഓരോരുത്തരുമാണ്. വ്യക്തിഗതമായ ഡാറ്റയും സ്ഥാപനങ്ങൾ വഴിയും ഡാറ്റ ഉൽപാദിപ്പിക്കപ്പെടുന്നു. ആശുപത്രിയിൽ ചികിത്സക്കും തീയറ്ററിൽ സിനിമയ്ക്കും പോകുമ്പോഴും നിങ്ങൾ ഇതിനായി നടത്തുന്ന ഓരോ ഇടപാടിലും ഡാറ്റ ഉൽപാദിപ്പിക്കപ്പെടുന്നു. തികച്ചും സ്വകാര്യമായിരിക്കേണ്ട ഈ ഡാറ്റ നമ്മൾ അറിയാതെ നമ്മുടെ അനുവാദമില്ലാതെ മറ്റൊരാൾ പരിശോധിക്കുക മാത്രമല്ല അത് വിനിമയം ചെയ്യുന്ന സ്ഥിതിയും ഒന്നാലോചിച്ചു നോക്കുക. ഈ ഡാറ്റ നമ്മുടെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാണെന്നു മാത്രമല്ല ഈ ഡാറ്റ മറ്റു കമ്പോള ആവശ്യങ്ങൾക്കായി വിപണനം ചെയ്യപ്പെടുകയും ചെയ്യുന്നു. നിങ്ങൾക്ക് ലഭിക്കുന്ന ഓരോ അനധികൃത ഫോൺ കോളും ഈ ഡാറ്റ മോഷണം നിമിത്തമാണ് സംഭവിക്കുന്നത്.
ഡാറ്റയെ പുതിയ കാലത്തെ എണ്ണ എന്നാണ് വിളിക്കുന്നത്. പെട്രോളും ഡീസലും പോലുള്ള വിലപിടിച്ച എണ്ണ-ഡാറ്റ ഇന്ധനം. സമകാലിക കച്ചവടത്തെ, സാമ്പത്തികവ്യവസ്ഥയെ ചലിപ്പിക്കുന്ന ഇന്ധനം. അമേരിക്കൻ ഗണിതശാസ്ത്രജ്ഞനായ ക്‌ളൈവ് ഹംബിയാണ് ഡാറ്റയെ എണ്ണ എന്നുവിളിച്ചത്. ഗണിതശാസ്ത്രജ്ഞൻ ഡാറ്റയെ എണ്ണയാക്കിയത് കാവ്യാത്മകമായ ആഴം അറിഞ്ഞുതന്നെയാണ്. ഡാറ്റ ക്രൂഡ് ഓയിൽ പോലെ കുഴിച്ചെടുക്കണം (mine). കുഴിച്ചെടുത്ത എണ്ണ ശാസ്ത്രസാങ്കേതികപ്രക്രിയകളിലൂടെ മാത്രമേ ഉപയോഗപ്രദമായ വിലപിടിപ്പുള്ള ഇന്ധനമായി മാറുകയുള്ളൂ.ക്രൂഡ് ഓയിൽ പരുവത്തിലുള്ള Raw Dataയാണ് കമ്പോളത്തിലെ ഡാറ്റ പ്രോസെസിങ് നടത്തുന്ന കമ്പനികൾ വാങ്ങുന്നത്. അതിനുശേഷം ഈ വികൃത രൂപത്തിൽ സമാഹരിച്ചുവച്ചിട്ടുള്ള ഡാറ്റ സവിശേഷപ്രദമായ വിവരമാക്കി അവർ മാറ്റുന്നു. ഈ പരിവർത്തിതമായ ഡാറ്റയാണ് വൈജ്ഞാനിക ആവശ്യങ്ങൾക്ക് ഏറ്റവും അത്യന്താപേക്ഷിതം.
ഇതിനിടയിൽ ഡാറ്റ കമ്പോളം എന്നൊരു പ്രയോഗം ശ്രദ്ധിച്ചുകാണും. ഡാറ്റ വിൽക്കാനും വാങ്ങാനുമുള്ള ഒരു കമ്പോളമാണത്. ഇക്കഴിഞ്ഞ നവംബർ 26നു ഷാങ്ഹായിൽ ചൈന ഒരു ഡാറ്റ എക്‌സ്‌ചേഞ്ച് തുറന്നു. സുതാര്യവും നിയന്ത്രണ വിധേയവുമായ ഡാറ്റ കൊടുക്കാനും വാങ്ങാനുമുള്ളതാണ് ഈ എക്‌സ്‌ചേഞ്ച്. നേരത്തെ സൂചിപ്പിച്ച പോലെ ക്രൂഡ് ഓയിൽ വിപണനം ചെയ്യുന്നത് പോലെ ഡാറ്റയും വാങ്ങാം വിൽക്കാം. നാലാം വ്യവസായിക വിപ്ലവത്തിന് പ്രധാന ഇന്ധനമാണ് ഡാറ്റ. നാലാം വ്യവസായിക വിപ്ലവമെന്നാൽ സാങ്കേതികവിദ്യകൾ ഇടകലർന്നുകൊണ്ടു ഡാറ്റയെ അടിസ്ഥാനമാക്കിയുള്ള ഉൽപാദന പ്രവർത്തനമാണ്. ആലോചിച്ചു നോക്കണം, വളരെ നിയന്ത്രണങ്ങളുള്ള രാജ്യമാണ് ചൈന. ഭരണകൂടത്തിന് പൗരന്റെ അനുവാദം കൂടാതെ തന്നെ പൗരന്റെ വിവരങ്ങളിൽ നിയന്ത്രണാധികാരമുണ്ട്. മാത്രമല്ല, ചൈനയിൽ ഓരോ പൗരനും സോഷ്യൽ ക്രെഡിറ്റ് സ്‌കോറുണ്ട്. നമുക്ക് പരിചയമുള്ളത് ബാങ്കിങ്ങിലെ ക്രെഡിറ്റ് സ്‌കോർ പോലെ. ബാങ്കിൽ ലോൺ എടുക്കാൻ പോകുമ്പോൾ അവർ നമ്മുടെ ക്രെഡിറ്റ് സ്‌കോർ പരിശോധിക്കാറുണ്ട്. ലോൺ തിരിച്ചടക്കാത്തവരാണെങ്കിൽ ക്രെഡിറ്റ് സ്‌കോർ വളരെ കുറഞ്ഞിരിക്കും. അവർക്ക് ബാങ്കുകൾ ലോൺ തരാൻ വിമുഖരായിരിക്കും. ചൈനയിലെ സോഷ്യൽ ക്രെഡിറ്റ് സ്‌കോർ ഇതിന്റെ വേറെയൊരു രൂപമാണ്. നിങ്ങൾ ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിയെ വിമർശിച്ചു സംസാരിച്ചാൽ നിങ്ങളുടെ ക്രെഡിറ്റ് സ്‌കോർ കുറഞ്ഞിരിക്കും. ക്രെഡിറ്റ് സ്‌കോർ കുറഞ്ഞവർക്ക് സർക്കാരിൽനിന്ന് ലഭിക്കേണ്ട ആനുകൂല്യവും കുറയും. അതുകൊണ്ടു ഭരണകൂടത്തിന് ഇഷ്ടമുള്ള പ്രവൃത്തികൾ ചെയ്തു ക്രെഡിറ്റ് സ്‌കോർ ഉയർത്തുകയാണ് ചൈനീസ് പൗരൻ പ്രധാനമായും ചെയ്യുന്ന കാര്യം. ഈ ക്രെഡിറ്റ് സ്‌കോറുകൾ ഡാറ്റയാണ്. ഈ ഡാറ്റയാണ് പൗരന്റെ പ്രവർത്തനങ്ങളെ വിലയിരുത്താനുള്ള പ്രധാന ഉപാധി.
സോഷ്യൽ ക്രെഡിറ്റ് സ്‌കോർ എന്ന നിലയിലേക്കൊന്നും ഇന്ത്യ ഇതുവരെ എത്തിയില്ലെങ്കിലും നമ്മൾ ഓരോരുത്തരം ഉൽപാദിപ്പിക്കുന്ന ഡാറ്റ പരമപ്രധാനമാണ്. സോഷ്യൽ മീഡിയയിൽ ചുമ്മാ സമയം ചെലവഴിക്കുന്ന സമയങ്ങളിൽ നമ്മുടെ ഓരോ അഭിപ്രായപ്രകടനത്തിലൂടെയും ഫോട്ടോ പങ്കുവയ്ക്കലിലൂടെയും അനേകം ഡാറ്റയാണ് കൈമാറുന്നത്. ഈ ഡാറ്റ തെരഞ്ഞെടുപ്പ് വിശകലനത്തിന് ഉപയോഗിക്കാം. നിങ്ങളുടെ താൽപര്യങ്ങളെ മുൻനിർത്തി നിങ്ങളെ ലക്ഷ്യമാക്കി തെരഞ്ഞെടുപ്പ് കാംപയിനുകൾ ആസൂത്രണം ചെയ്യാം. വലിയ പണം മുടക്കുള്ള ബിസിനസാണ്. കാംബ്രിഡ്ജ് അനലിറ്റിക്ക എന്ന സ്വാകാര്യ കമ്പനി ലോകത്തെ വിവിധ രാഷ്ട്രങ്ങളിലെ രാഷ്ട്രീയപ്പാർട്ടികൾക്ക് വേണ്ടി പൗരന്മാരുടെ വിവരങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽനിന്ന് പകർത്തി തെരഞ്ഞെടുപ്പ് തന്ത്രങ്ങൾ മെനഞ്ഞു. ധാർമികവിരുദ്ധമായ പ്രവർത്തനമാണെന്നു മാത്രമല്ല ഒരുപാട് വ്യാജ പ്രചാരണങ്ങൾക്കും ഇത് വഴിവച്ചു. ഇന്ത്യയിലും ഈ ഡാറ്റ വിശകലന കമ്പനി രാഷ്ട്രീയ പാർട്ടികൾക്ക് വേണ്ടി പ്രവർത്തിച്ചിരുന്നു. നമ്മുടെ മുമ്പിലെ പ്രധാന പ്രശ്‌നം നമ്മൾ ഉൽപാദിപ്പിക്കുന്ന ഡാറ്റ നമ്മുടെ അനുവാദത്തോടെയല്ലാതെ മറ്റാവശ്യങ്ങൾക്ക് ഉപയോഗിക്കാൻ പാടുള്ളതല്ല എന്നാണ്. അതായത് നമ്മുടെ ഡാറ്റ സംരക്ഷിക്കപ്പെടണമെന്ന് ചുരുക്കം. ഇക്കാര്യത്തെ മുൻനിർത്തി ഒരു ഡാറ്റ സംരക്ഷണ ബിൽ (Data Protection Bill) ഡ്രാഫ്റ്റ് ചെയ്യാൻ ജസ്റ്റിസ് ശ്രീകൃഷ്ണയെ നിയോഗിച്ചു. ജസ്റ്റിസ് ശ്രീകൃഷ്ണ ഡാറ്റ സംരക്ഷണ നിയമത്തിന്റെ കരടു രൂപം തയാറാക്കി. ഇത് നടന്നത് 2013 ലാണ്. പിന്നീടു വന്ന സർക്കാർ ഡാറ്റ കരടുനിയമത്തിൽ കൂട്ടിച്ചേർക്കലുകൾ നടത്തി. ഇത് വലിയ വിയോജിപ്പുകൾക്ക് വഴിവച്ചു. ജസ്റ്റിസ് ശ്രീകൃഷ്ണ തന്നെ ഡാറ്റ സംരക്ഷണ നിയമം പൗരന്മാരുടെ സ്വകാര്യതയിലേക്ക് ഭരണകൂടത്തിന് കടന്നുകയറാൻ അനുവാദം നൽകുന്നതാണെന്നുള്ള വിമർശനം ഉന്നയിച്ചു. ഈ വിവാദങ്ങളെ തുടർന്ന് ഡാറ്റ സംരക്ഷണ ബിൽ സംയുക്ത പാർലമെന്ററിയുടെ കമ്മിറ്റിയുടെ പരിശോധനയ്ക്ക് വിട്ടു. ബി.ജെ.പി എം. പി പി.പി ചൗധരി ചെയർമാനായ ഈ സമിതി പഠനത്തിനും വിശദമായ ചർച്ചകൾക്ക് ശേഷം ഡിസംബർ 16നു പാർലമെന്റ് മുമ്പാകെ റിപ്പോർട്ട് അവതരിപ്പിച്ചു. മറ്റൊരു അംഗമായ ജയറാം രമേശാണ് രാജ്യസഭയിൽ ഇത് അവതരിപ്പിച്ചത്. നടപടിക്രമങ്ങൾക്ക് ശേഷം ഇത് ഇനി നിയമമാകും.
ഡാറ്റ സംരക്ഷണ നിയമത്തെക്കുറിച്ചുള്ള പ്രധാന ആശങ്ക അതിലെ അനുച്ഛേദം 35 മായി ബന്ധപ്പെട്ടതാണ്. പൗരന്റെ സ്വകാര്യതയിൽ അയാളുടെ അനുവാദമില്ലാത്ത ഭരണകൂടത്തിന് കൈകടത്താൻ അനുവാദം നൽകുന്നു എന്നതാണ് മുഖ്യവിമർശനം. ഈ ഘട്ടത്തിൽ ആലോചിക്കേണ്ടത് ജസ്റ്റിസ് പുട്ടസ്വാമി കേസിലെ പ്രമാദമായ സുപ്രിംകോടതിയുടെ ഭരണഘടന ബെഞ്ച് പുറപ്പെടുവിച്ച സ്വകര്യത മൗലികാവകാശമാണ് എന്ന വിധിയാണ്. മാത്രമല്ല, ഈയിടെ പെഗാസസ് ചാരസോഫ്റ്റ്‌വെയർ കേസുമായി ബന്ധപ്പെട്ടുകൊണ്ടും ഉന്നത നീതിപീഠം തന്നെ ദേശസുരക്ഷ എന്ന പ്രശ്‌നം പൗരന്റെ സ്വകര്യത ലംഘിക്കാനുള്ള എളുപ്പ വിദ്യയല്ല എന്ന് നിരീക്ഷിച്ചിട്ടുണ്ട്. അനുച്ഛേദം 35 അനുസരിച്ചു കേന്ദ്രത്തിനും നിയമപാലന ഏജൻസികൾക്കും ഏതൊരു വ്യക്തിയുടെ വിവരങ്ങളും (ഡാറ്റ) വ്യക്തിയുടെ അറിവോ സമ്മതമോ ഇല്ലാതെ ഉപയോഗിക്കാനും വിശകലനം ചെയ്യാനും അധികാരം നൽകുന്നു. ഇതിന്റെ ഗുരുതരാവസ്ഥ പലപ്പോഴും വേണ്ടത്ര ശ്രദ്ധകിട്ടാതെ പോകുന്നതാണ്. കൊവിഡ് വ്യാപനത്തിന്റെ ആദ്യഘട്ടത്തിൽ വ്യക്തികളുടെ സ്വാകാര്യ മെഡിക്കൽ ഡാറ്റ വിദേശ കമ്പനിക്ക് കൂടുതൽ പഠനത്തിനായി കൈമാറുന്നതിനെ സംബന്ധിച്ചൊരു വിവാദം കേരളത്തിൽ പൊട്ടിപ്പുറപ്പെട്ടിരുന്നു. മഹാമാരി നേരിടുകയും ജനങ്ങളുടെ ആരോഗ്യസുരക്ഷാഉറപ്പുവരുത്താൻ ഡാറ്റ വിനിയോഗിക്കാമെന്നൊരു വാദം ചർച്ചയിൽ പ്രബലമായി തന്നെ ഉയർന്നുവരികയുണ്ടായി. സദുദ്ദേശപരമായ ആവശ്യത്തിന് വേണ്ടിയാണെന്നുള്ളതിനാൽ പ്രസ്തുത വാദത്തിനു പിന്തുണയുമുണ്ടായി. ഏറ്റവും ആപൽക്കരമായ വാദമായിരുന്ന ഇത്. ഒരാളുടെ സമ്മതപ്പത്രമില്ലാതെ അയാളുടെ ഡാറ്റ കൈമാറാൻ പാടില്ല എന്നുള്ളതാണ് യൂറോപ്പിൽ ആദ്യം നടപ്പാക്കിയിരിക്കുന്ന ഡാറ്റ സംരക്ഷണ നിയമത്തിന്റെ അടിസ്ഥാനം.
ഡാറ്റ സംരക്ഷണ നിയമത്തിന്റെ പരിധിയിൽ സാമൂഹ്യമാധ്യമങ്ങളും വരുന്നുണ്ട്. നിയമത്തിന്റെ പരിധിയിൽ കൊണ്ടുവരുന്ന വഴി സാമൂഹ്യ മാധ്യമസ്ഥാപനങ്ങളെ നിയന്ത്രിക്കുകയാണ് ലക്ഷ്യം. ഇന്ത്യയിൽ 700 ദശലക്ഷം ഇന്റർനെറ്റ് ഉപഭോക്താക്കളുണ്ട്. അതിനോട് ചേർന്നു പോകുന്ന വിധത്തിലുള്ള സോഷ്യൽ മീഡിയ ഉപയോക്താക്കളുമുണ്ട്. ഇവരുടെ ഡാറ്റ സുരക്ഷിതമല്ല എന്നുള്ളതാണ് യാഥാർഥ്യം. പലപ്പോഴും സോഷ്യൽ മീഡിയയിൽ സംഭവിക്കുന്ന ഡാറ്റ ലംഘനം (data breach) വൻകിട സോഷ്യൽ മീഡിയ കമ്പനികൾ അംഗീകരിക്കാറില്ല. ഉദാഹരണത്തിന് കാംബ്രിഡ്ജ് അനലിറ്റിക്‌സ് എഫ്.ബിയിൽനിന്ന് ചൂണ്ടിയത് ഡാറ്റ ലംഘനമാണ്. പക്ഷേ അങ്ങനെയൊന്ന് നടന്നതായി അംഗീകരിക്കാൻ എഫ്.ബി തയാറായിരുന്നില്ല. പിന്നെ അമേരിക്കൻ കോടതി വ്യവഹാരത്തിലൂടെയാണ് എഫ്.ബിക്ക് അഞ്ചു ബില്യൻ ഡോളർ നഷ്ടപരിഹാരം നൽകേണ്ടിവന്നത്.
ഡാറ്റ സംരക്ഷണ ബിൽ അനുശാസിക്കുന്നത് ഡാറ്റ പ്രിൻസിപ്പൽ, അതായത്, ഉപഭോഗക്താവ്/ ഉപയോക്താവ് ഡാറ്റ ലംഘനം നേരിട്ടാൽ ഡാറ്റ ഫിദുഷ്യറി (fiduciary); സേവന ദാതാവ് അതിനു ഉത്തരവാദിയാണ്. കേന്ദ്രതലത്തിൽ ഒരൊറ്റ ഡാറ്റ സംരക്ഷണ അതോറിറ്റിയേയും ബിൽ വിഭാവനം ചെയ്യുന്നു. സംസ്ഥാനതലത്തിലും അത്തരമൊരു അതോറിറ്റി വേണമെന്നൊരു വാദമുണ്ട്. ഫെഡറൽ സംവിധാനത്തിൽ ആ വാദത്തിനു പ്രസക്തിയുമുണ്ട്. ഇതൊക്കെ തന്നെയാണെങ്കിലും കീറാമുട്ടിയായി നിൽക്കുന്നത് സ്വകര്യത സംബന്ധിച്ചുള്ള പ്രശ്‌നമാണ്. കേന്ദ്രത്തിനും ഏജൻസികൾക്കും വ്യക്തിയുടെ സ്വകാര്യ ഡാറ്റ അനുവാദമില്ലത്ത കൈകാര്യം ചെയ്യാനുള്ള അവകാശം സ്വകാര്യത മൗലികാവകാശമാണെന്ന ഉത്തരവിനെ ലംഘിക്കുന്നതാണ്. സർക്കാർ ഏജൻസികൾ ഒരു വ്യക്തിയുടെ സ്വകാര്യത ഇത്തരത്തിൽ ലംഘിച്ചാൽ തന്നെ ആർ.ടി.ഐ അപേക്ഷ വഴി പോലും വസ്തുതകൾ നൽകാൻ സർക്കാർ ബാധ്യസ്ഥമല്ലാതിരിക്കുന്നത് ജനാധിപത്യക്രമത്തിന് അപകടകരമാണ്. ഇക്കാരണം കൊണ്ടു തന്നെ ഡാറ്റ സംരക്ഷണ ബിൽ നിയമമായാൽ ഉന്നത നീതിപീഠത്തിൽ ഈ നിയമം ചോദ്യം ചെയ്യപ്പെടാൻ എല്ലാ സാധ്യതയുമുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."