പി.ടി തോമസ്; ഓര്‍മയാകുന്നത് ജാഗ്രതയുള്ള ജനപ്രതിനിധി
പി.ടി തോമസ് എന്നും വ്യത്യസ്തനായിരുന്നു. സത്യത്തിലെല്ലാവരും അതു തിരിച്ചറിയുകയും ചെയ്തിരുന്നു. പി.ടി തോമസിന്റെ വിയോഗത്തിലൂടെ കോണ്‍ഗ്രസിന് നഷ്ടമാകുന്നത് നിലപാടുകളിലെ വേറിട്ട വ്യക്തിത്വത്തെകൂടയാണ്. ഭരണത്തിലായാലും പ്രതിപക്ഷത്തായാലും ഓരോ വിഷയങ്ങളിലും അദ്ദേഹത്തിനു നിലപാടുകളുണ്ടായിരുന്നു. കോണ്‍ഗ്രസ് രാഷ്ട്രീയത്തിലെ വേറിട്ട ശബ്ദമാണ് ഇല്ലാതാകുന്നത്.
മൂല്യങ്ങളില്‍ അടിയുറച്ചു നിന്നു. അതാരുടെ മുഖത്തുനോക്കിയും പറഞ്ഞു. അതിന്റെ വരുംവരായ്കകളെ പരിഗണിച്ചതേയില്ല. മുഖ്യമന്ത്രി പിണറായി വിജയനെതിരേ ലാവ്‌ലിന്‍ കേസില്‍ കൂടുതല്‍ പ്രതിരോധത്തിലാക്കിയിരുന്നു. നിയമസഭയിലും അദ്ദേഹത്തിന്റെ ഇടപെടലുകളെ എല്ലാവരും നോക്കി നിന്നു. ഗ്രന്ഥകാരനായിരുന്നു അദ്ദേഹം. അതുകൊണ്ടുതന്നെ വീക്ഷണം പത്രത്തിന്റെ എഡിറ്ററായും പ്രവര്‍ത്തിച്ചു.
പരിസ്ഥിതിയും ഇഷ്ടമേഖലയായിരുന്നു. 2016 മുതല്‍ തൃക്കാക്കരയുടെ സ്വന്തം പി.ടിയായി മാറി. 2009 ലാണ് ഇടുക്കിയില്‍ നിന്നുള്ള ലോക്‌സഭാ അംഗമായത്. കസ്തൂരി രംഗന്‍ റിപ്പോര്‍ട്ട് പുറത്തുവന്ന സമയത്തും അദ്ദേഹത്തിന്റെ നിലപാടുകള്‍ ഏറെ ചര്‍ച്ചയായി.
പാര്‍ട്ടിയില്‍ ആ നിലപാടുകള്‍ക്ക് സ്വീകാര്യത ലഭിച്ചില്ലെങ്കിലും അദ്ദേഹം സ്വന്തം അഭിപ്രായത്തില്‍ ഉറച്ചുനിന്നു. നിലപാടുകളില്‍ ഒരിക്കലും വെള്ളം ചേര്‍ക്കാത്ത വ്യക്തിയായിരുന്നു പി.ടിയെന്ന് വി.എം സുധാരനെപോലുള്ളവര്‍ അദ്ദേഹത്തെ അനുസ്മരിക്കുന്നതും അതുകൊണ്ടാണ്. പി.ടി തോമസ് ഒരു ഫൈറ്ററായിരുന്നുവെന്നാണ് പി.കെ കുഞ്ഞാലിക്കുട്ടി ഓര്‍മിക്കുന്നത്. എല്ലാ വിഷയത്തിലും അദ്ദേഹത്തിനു നിലപാടുകളുണ്ടായിരുന്നു. നിയമസഭയില്‍ പഠിച്ചുമാത്രം കാര്യങ്ങള്‍ അവതരിപ്പിക്കും. അദ്ദേഹത്തിന്റെ വാക്കുകള്‍ കുറിക്കുകൊള്ളുന്നതുമായിരുന്നു.
ജാഗ്രതയുള്ള ജനപ്രതിനിധിയായിരുന്നു അദ്ദേഹമെന്ന് സ്പീക്കര്‍ എം.ബി രാജേഷ് അനുസ്മരിച്ചു. നിയമസഭയിലായാലും ലോക്‌സഭയിലായാലും മുഴുവന്‍ സമയവും അദ്ദേഹത്തിന്റെ സാന്നിധ്യമുണ്ടായിരുന്നു. അത്യാവശ്യത്തിനുമാത്രമേ പുറത്തുപോകാറുള്ളൂ. ഗൃഹപാഠം ചെയ്യുന്നതില്‍ അദ്ദേഹത്തിന് വലിയവൈദഗ്ധ്യമുണ്ടായിരുന്നുവെന്നും അദ്ദേഹം അനുസ്മരിച്ചു.
അര്‍ബുദബാധിതനായിരുന്ന അദ്ദേഹം വെല്ലൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഇന്നു രാവിലെയായിരുന്നു അന്ത്യം. ഇടുക്കി ജില്ലയിലെ രാജമുടിയിലെ ഉപ്പുതോട് പഞ്ചായത്തില്‍ പുതിയപറമ്പില്‍ തോമസിന്റെയും അന്നമ്മയുടേയും മകനായി 1950 ഡിസംബര്‍ 12നാണ് പി.ടി തോമസ് ജനിച്ചത്.
കെ.എസ്.യു വഴിയാണ് രാഷ്ട്രീയത്തിലേക്ക് എത്തിയത്.
കെ.എസ്.യുവിന്റെ സജീവ പ്രവര്‍ത്തകനായി. യൂണിറ്റ് വൈസ് പ്രസിഡന്റു മുതല്‍ പ്രവര്‍ത്തനം സജീവമാക്കി. കോളേജ് യൂണിയന്‍ ജനറല്‍ സെക്രട്ടറി, ഇടുക്കി ജില്ലാ പ്രസിഡന്റ്, സംസ്ഥാന ജനറല്‍ സെക്രട്ടറി, സംസ്ഥാന പ്രസിഡന്റ് എന്നീ നിലകളിലും പ്രവര്‍ത്തിച്ചു. അങ്ങനെ ഓര്‍മകളില്‍ ഇനി ജ്വലിക്കും പി.ടി തോമസിന്റെ പ്രവര്‍ത്തന മികവുകള്‍. സംശയമില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."