ജിദ്ദ-മലപ്പുറം ജില്ല കെഎംസിസി പ്രസാധന രംഗത്തേക്ക്: "മലപ്പുറം മനസ്സ്" പ്രകാശനം വെള്ളിയാഴ്ച
ജിദ്ദ: ചരിത്ര ഗവേഷണ വിദ്യാർത്ഥികൾക്കും, പൈതൃക പഠിതാക്കൾക്കും അധിക പഠനത്തിനുതകുന്ന റഫറൻസ് പുസ്തകങ്ങളുടെ പ്രസിദ്ധീകരണവുമായി ജിദ്ദ-മലപ്പുറം ജില്ലാ കെ.എം.സി.സി. മലപ്പുറത്തിന്റെ മതേതര വഴികളിലൂടെയുള്ള വാർത്താ യാത്ര - ''മലപ്പുറം മനസ്സ്'',പ്രവാസി ജിദ്ദയിലെ ജില്ലാ കെ.എം.സി.സി ചരിത്രം വിളിച്ചോതുന്നസോവനീർ"മരുഭൂവസന്തം കെ.എം.സി.സി", കേരള നിയമ സഭയിൽ മുസ്‌ലിം ലീഗ് സാമാജികരുടെ ഇടപെടലുകളിലൂടെ നടപ്പിലായ നിയമങ്ങളും ചട്ടങ്ങളും പ്രതിപാദിക്കുന്ന "നിയമ നിർമ്മാണത്തിലെ മുസ്‌ലിം ലീഗ്" എന്നിവയാണ് ആദ്യമായി പ്രസിദ്ധീകരിക്കുന്നതെന്ന് ഭാരവാഹികൾ വാർത്ത സമ്മേളനത്തിൽ അറിയിച്ചു. മലപ്പുറം ജില്ല കെഎംസിസി യുടെ ഉപഘടകമായ 'ആസ്പെയർ' പബ്ലിക്കേഷൻസ് ആണ് പ്രസാധകർ.
മലപ്പുറം ജില്ലയിലെ മതസൗഹാർദ്ദ കഥകൾ തേടിയുള്ള വാർത്തായാത്രയുടെ പുസ്തകം ‘മലപ്പുറം മനസ്സ്'വെള്ളിയാഴ്ച രാത്രി 8 മണിക്ക് ഇമ്പാല ഗാർഡനിൽ നടക്കുന്ന ചടങ്ങിൽ ജിദ്ദ ഇന്ത്യൻ കന്സുലേറ്റിലെ വൈസ് കോൺസൽ പി. ഹരിദാസൻ പ്രകാശനം ചെയ്യും.
മതത്തിനും ജാതിക്കും രാഷ്ട്രീയത്തിനുമപ്പുറം മലപ്പുറത്തിന്റെ നന്മയും സ്നേഹപാരമ്പര്യവും നിറഞ്ഞ നൂറോളം വാർത്താ ഫീച്ചറുകളാണ് പുസ്തകത്തിൽ ചിത്രങ്ങൾ സഹിതം ഉൾപ്പെടുത്തിയിരിക്കുന്നത്. രൂപീകരണം മുതൽ തെറ്റിദ്ധരിക്കപ്പെട്ട ജില്ലയാണ് മലപ്പുറം. 50 വർഷം പിന്നിട്ടിട്ടും മലപ്പുറത്തെക്കുറിച്ചുള്ള അപവാദങ്ങളും വിവാദങ്ങളും തുടരുകയാണ്. മനുഷ്യമനസ്സുകളിൽ അർബുദംപോലെ വെറുപ്പ് പടരുന്ന ഈ കാലത്ത് മനുഷ്യസ്നേഹം മരിച്ചുപോകാതിരിക്കാനുള്ള മരുന്നാണ് ‘മലപ്പുറം മനസ്സ്’ എന്ന പുസ്തകം എന്ന് കെഎംസിസി ഭാരവാഹികൾ പറഞ്ഞു.
മതനിരപേക്ഷതയും സാഹോദര്യവും സമഭാവനയും ഓരോ മലപ്പുറത്തുകാരന്റെയും അഭിമാനമാണെന്ന് പുസ്തകം വിളിച്ചു പറയുന്നു. പാരമ്പര്യമായി വ്യത്യസ്ത സമുദായങ്ങളുടെയും വിശ്വാസങ്ങളുടെയും പ്രാദേശിക തനിമകളുടെയും സ്നേഹസുഗന്ധങ്ങൾ അണിഞ്ഞുനിൽക്കുന്ന മലപ്പുറത്തിന്റെ മതേതര വഴികളിലൂടെ ഒരു വാർത്തായാത്രയാണിത്. മലപ്പുറത്തിന്റെ യഥാർത്ഥ സ്നേഹത്തിന്റെ നേർക്കാഴ്ച വരച്ചു കാണിക്കാനുള്ള എളിയ ശ്രമം കൂടിയാണ് ഈ പുസ്തകമെനന്നും ഭാരവാഹികൾ പറഞ്ഞു.മലപ്പുറം പ്രസ് ക്ലബ് പ്രസിഡന്റും മലയാള മനോരമ സീനിയർ സബ് എഡിറ്ററുമായ ശംസുദ്ദീൻ മുബാറക് ആണ് ഗ്രന്ഥ രചയിതാവ്.
ജില്ലയുടെ മതസൗഹാർദ്ദ വാർത്തകളുടെ പുസ്തകമായ ‘മലപ്പുറം മനസ്സ്’ ജില്ലയിലെ സർക്കാർ ഹൈസ്കൂൾ, ഹയർ സെക്കൻഡറി സ്കൂളുകളിലെ ലൈബ്രറികളിലേക്ക് സൗജന്യമായി നൽകും. മലപ്പുറത്തിന്റെ മതനിരപേക്ഷ പാരമ്പര്യവും വർത്തമാനകാല സൗഹാർദ്ദാന്തരീക്ഷവും വിദ്യാർത്ഥികൾ മനസ്സിലാക്കുന്നതിനും സ്വന്തം ജീവിതത്തിൽ പുലർത്തിന്നതിനും സാമൂഹികതലത്തിൽ കാത്തുസൂക്ഷിക്കുന്നതിനുമാണ് പുസ്തകം സമ്മാനിക്കുന്നതെന്ന് ഭാരവാഹികൾ അറിയിച്ചു.
ജിദ്ദ പ്രവാസ ലോകത്തിന് പ്രത്യാശയുടെ പ്രതീകമായി മാറിയ മലപ്പുറം ജില്ല കെ.എം.സി.സിയുടെ മൂന്ന് പതിറ്റാണ്ട് കാലത്തെ ചരിത്ര സംഗ്രഹ സോവനീ ർ 2022 മാർച്ചിൽ പുറത്തിറങ്ങുമെന്നും അവർ പറഞ്ഞു. ജിദ്ദയിലെ വിവിധ മേഖലകളിലെ മലയാളി സംഭാവനകളും, ചരിത്രങ്ങളും ഉൾപ്പെടുത്തപ്പെട്ട സോവനീറിൽ പ്രവാസ ലോകത്തെ നാനാ തുറകളിലെ മലയാളീ പ്രമുഖരുടെ ഓര്മക്കുറിപ്പുകളും ഉണ്ടാവുന്നതായിരിക്കും.
കേരള നിയമ സഭയിൽ മുസ്‌ലിം ലീഗ് സാമാജികരുടെ ഇടപെടലുകളിലൂടെ നടപ്പിലായ നിയമങ്ങളും ചട്ടങ്ങളും പ്രതിപാദിക്കുന്ന "നിയമ നിർമ്മാണത്തിലെ മുസ്‌ലിം ലീഗ്" എന്ന റഫറൻസ് ഗ്രന്ഥത്തിൻറെ പ്രാരംഭ പ്രവർത്തനങ്ങൾക്ക് തുടക്കമിട്ടതായും ഭാരവാഹികൾ അറിയിച്ചു.
മലപ്പുറം ജില്ല കെഎംസിസി ഭാരവാഹികളായ ഹബീബ് കല്ലൻ, സീതി കൊളക്കാടൻ, ബാബു നഹ്ദി, ഇല്യാസ് കല്ലിങ്ങൽ, സുൽഫിക്കർ ഒതായി, സാബിൽ മമ്പാട്, ജലാൽ തേഞ്ഞിപ്പലം, വി. വി അശ്റഫ് , നാസർ കാടാമ്പുഴ എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."