കാലിക്കറ്റ് സർവകലാശാല അസി. തസ്തിക താൽക്കാലിക നിയമനത്തിന് നീക്കം
സ്വന്തം ലേഖകൻ
തേഞ്ഞിപ്പലം
കാലിക്കറ്റ് സർവകലാശാലാ പരീക്ഷാ ഭവനിൽ അസിസ്റ്റന്റ് തസ്തികയിൽ താൽക്കാലിക നിയമനത്തിന് നീക്കം. 100 പേരെ താൽക്കാലികമായി നിയമിക്കാനാണ് നീക്കം നടക്കുന്നത്.
പരീക്ഷാ ഭവനിൽ കോൺഫിഡൻഷ്യലായി ചെയ്യേണ്ട ജോലികളാണ് താൽക്കാലിക ജോലിക്കാരെ ഏൽപ്പിക്കാൻ തീരുമാനിച്ചിരിക്കുന്നത്. ഉത്തരക്കടലാസുകളിൽ ഫാൾസ് നമ്പർ അടിക്കൽ ഉൾപ്പെടെയുള്ള ജോലികളാണ് താൽക്കാലികമായി നിയമിക്കപ്പെടുന്നവരെ ഏൽപ്പിക്കുക. അസിസ്റ്റന്റ് നിയമനം നേരത്തെതന്നെ പി.എസ്.സിക്ക് കൈമാറിയതാണ്. താൽക്കാലികാടിസ്ഥാനത്തിലുള്ള നിയമനങ്ങൾക്ക് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് വഴിയാണ് ആളുകളെ എടുക്കേണ്ടത്. കൂടാതെ പി.എസ്.സി ലിസ്റ്റും നിലനിൽക്കുന്നുണ്ട്. ഇത്തരത്തിലുള്ള നിയമങ്ങളെല്ലാം കാറ്റിൽപ്പറത്തിയാണ് നിയമനത്തിന് നീക്കം നടക്കുന്നത്. കോഴിക്കോട്, പാലക്കാട്, തൃശൂർ, മലപ്പുറം, വയനാട് ജില്ലകളാണ് കാലിക്കറ്റ് സർവകലാശാലയുടെ പരിധി. എന്നാൽ, സർവകലാശാലയ്ക്കടുത്തുള്ള പള്ളിക്കൽ, തേഞ്ഞിപ്പലം, ചേലേമ്പ്ര പഞ്ചായത്തുകളിൽ നിന്നുള്ള ഡിഗ്രി യോഗ്യതയുള്ള 36 വയസിന് താഴെയുള്ളവരിൽ നിന്ന് ഓൺലൈൻ വഴി ഈ മാസം 20 വരെ അപേക്ഷ സ്വീകരിച്ചു. പ്രതിദിനം 1,100 രൂപ നിരക്കിൽ 29,700 രൂപ ശമ്പള നിരക്കിലാണ് നിയമനം. താൽക്കാലിക നിയമനത്തിനെതിരേ സിൻഡിക്കേറ്റംഗം ഡോ. റഷീദ് അഹമ്മദും സേവ് യൂനിവേഴ്‌സിറ്റി ഫോറവും ചാൻസലർക്ക് പരാതി നൽകിയിട്ടുണ്ട്. ഇതിനിടയിൽ പ്രാദേശിക സി.പി.എം നേതാക്കളുടെ അടുത്തബന്ധുക്കൾ ഉൾപ്പെടെയുള്ളവരെ താൽക്കാലികമായി നിയമിക്കാനുള്ള നീക്കത്തിനെതിരേ ഇടതുപക്ഷത്തിനിടയിൽ തന്നെ അഭിപ്രായഭിന്നത ഉടലെടുത്തിട്ടുണ്ട്. അപേക്ഷ ക്ഷണിക്കുന്നതിനു മുമ്പായി സി.പി.എം പ്രാദേശിക നേതൃത്വം നിയമിക്കേണ്ടവരുടെ പട്ടിക തയാറാക്കിയതായി ആരോപണമുയർന്നിട്ടുണ്ട്. എന്നാൽ, നിയമപരമായാണ് നിയമന നടപടികളുമായി മുന്നോട്ടുപോകുന്നതെന്നാണ് സർവകലാശാല അധികൃതരുടെ വിശദീകരണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."