സി.പി.എം നേതാക്കള്‍ അധികാരത്തിനു പിന്നാലെ; പെരിന്തല്‍മണ്ണയിലെ തോല്‍വി ചോദിച്ചുവാങ്ങിയത്
മലപ്പുറം: മലപ്പുറത്തെ സി.പി.എം നേതാക്കള്‍ അധികാരത്തിനു പിന്നാലെയാണെന്നും ഇത്തരക്കാരുടെ പാര്‍ലമെന്ററി വ്യാമോഹമാണ് പെരിന്തല്‍മണ്ണ നിയോജക മണ്ഡലത്തിലെ തോല്‍വിക്കു കാരണമെന്നും സി.പി.എം ജില്ലാ സമ്മേളനത്തില്‍ വിമര്‍ശനം. മുന്‍ എം.എല്‍.എയായിരുന്ന വി.ശശികുമാറിനെയടക്കം പേരുപറയാതെയാണ് റിപ്പോര്‍ട്ടില്‍ വിമര്‍ശിക്കുന്നത്.
നേരത്തെ ജില്ലാ സെക്രട്ടറി സ്ഥാനത്തേക്ക് പരിഗണിക്കുകയും ചില സമയങ്ങളില്‍ ജില്ലാ സെക്രട്ടറിയുടെ ചുമതല വഹിക്കുകയും ചെയ്തയാളാണ് വി.ശശികുമാര്‍. ശശികുമാറിനെതിരേ പാര്‍ട്ടി നടപടി സ്വീകരിച്ചിരുന്നു. ഇത്തരത്തില്‍ അച്ചടക്ക നടപടിക്ക് വിധേയരായവര്‍ തെറ്റുതിരുത്തണമെന്നും പ്രവര്‍ത്തന റിപ്പോര്‍ട്ടില്‍ പറയുന്നു.
സ്ഥാനാര്‍ത്ഥിത്വം ചില ജില്ലാ നേതാക്കള്‍ നേരത്തെ സ്വയം ഉറപ്പിച്ചു പ്രവര്‍ത്തിച്ചു. നേതൃത്വം പ്രഖ്യാപിച്ച സ്വതന്ത്ര സ്ഥാനാര്‍ത്ഥിയെ ഇവര്‍ ഉള്‍കൊണ്ടില്ല. ലോക്‌സഭാ ഉപതെരെഞ്ഞടുപ്പില്‍ ഇടതു സ്ഥാനാര്‍ത്ഥിക്ക് കിട്ടിയ വോട്ടുകള്‍ പല ബൂത്തിലും നിയമസഭാ സ്ഥാനാര്‍ത്ഥിക്ക് കിട്ടിയതുമില്ല. ഇതിന്റെ കാരണം വളരെ വ്യക്തമാണെന്നും റിപ്പോര്‍ട്ട് പറയാതെ പറയുന്നു.
പാര്‍ട്ടിക്ക് വേരോട്ടമുള്ള മണ്ഡലത്തിലെ ശക്തികേന്ദ്രങ്ങളില്‍ പോലും വോട്ടുകുറഞ്ഞു. ഇത് സംഘടനാ ദൗര്‍ബല്യമാണെന്നും സിപിഎം റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. പെരിന്തല്‍മണ്ണയിലെ ചില നേതാക്കള്‍ പാര്‍ലമെന്ററി വ്യാമോഹത്തിന് അടിമപ്പെട്ടു.
സി.പി.എം സ്വതന്ത്ര സ്ഥാനാര്‍ഥിയായി മല്‍സരിച്ച കെ.പി.എം മുസ്തഫ 38 വോട്ടിനാണ് പരാജയപ്പെട്ടത്. നേതാക്കള്‍ പ്രവര്‍ത്തിച്ചിരുന്നുവെങ്കില്‍ 38 വോട്ടിന് പരാജയമുണ്ടാവില്ലെന്നാണ് അന്വേഷണ കമ്മിഷനും റിപ്പോര്‍ട്ട് നല്‍കിയിരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."