HOME
DETAILS

നിലപാടിന്റെ കരുത്തും മഹത്വവും

  
backup
December 28 2021 | 04:12 AM

4653-48532-2021

പ്രതിച്ഛായ
ജേക്കബ് ജോർജ്
7012000311

മരണത്തിലൂടെ പി.ടി തോമസ് പലതും തെളിയിച്ചു. പല കണക്കുകളും തീർത്തു. രാഷ്ട്രീയക്കാർക്കും സമൂഹത്തിനും പുതിയ സന്ദേശങ്ങൾ നൽകി. അതെ. പുതിയ പറമ്പിൽ തോമസ് തോമസ് (1950-2021) എപ്പോഴും ഉറച്ച നിലപാടിന്റെ ആളായിരുന്നു. അതദ്ദേഹത്തെ കേരള രാഷ്ട്രീയത്തിൽ വേറിട്ടുനിൽക്കുന്ന നേതാവാക്കി. ശരിയായ കരുത്തിന്റെയും ബലത്തിന്റെയും പര്യായമാക്കി. അധികാര സ്ഥാനങ്ങളിലെത്തിയില്ലെങ്കിലും പി.ടി ജനഹൃദയങ്ങളിൽ സ്ഥാനം നേടി. അദ്ദേഹത്തിന്റെ സംസ്‌ക്കാര ചടങ്ങുകളിൽ പങ്കെടുത്ത ജനക്കൂട്ടവും അവരുടെ മുഖത്തു കണ്ട നഷ്ടബോധവും ഇക്കാര്യം തെളിയിക്കുന്നു. എന്താണു പി.ടി തോമസിനെ ജനങ്ങൾ ഇത്രകണ്ട് ഇഷ്ടപ്പെടാൻ കാരണം? ഏതു കാര്യത്തിലായാലും സ്വന്തം നിലപാടു രൂപീകരിക്കുകയും നിലപാടിൽ എപ്പോഴും ഉറച്ചു നിൽക്കുകയും ചെയ്യുന്ന സ്വഭാവരീതിയാണ് ജനങ്ങളെ കക്ഷിരാഷ്ട്രീയ വ്യത്യാസമില്ലാതെ അദ്ദേഹത്തിലേയ്ക്കടുപ്പിച്ചത്. ഇതു പി.ടിയുടെ സ്വന്തം പ്രവർത്തന ശൈലിയായിരുന്നു. എപ്പോഴും നിലപാടിൽ ഉറച്ചു നിൽക്കാൻ ശേഷിയുള്ള നേതാവെന്ന പ്രതിഛായ പി.ടിക്കു സ്വന്തമായത് അതുകൊണ്ടു തന്നെ.


പി.ടിക്ക് ഈ കരുത്തു നൽകിയത് കോൺഗ്രസാണ്. കോൺഗ്രസിലെ ആന്റണി പക്ഷമാണ്. കൃത്യമായ നിലപാടുകളിലൂടെ, ശക്തമായ മുന്നേറ്റങ്ങളിലൂടെ, ആന്റണിപക്ഷം കോൺഗ്രസിനുള്ളിളെ തീവ്രവാദികളും തിരുത്തൽവാദികളുമായി. കെ.എസ്.യുവിലൂടെയും യൂത്ത് കോൺഗ്രസിലൂടെയും വളർന്നുവന്ന വലിയൊരു നിര കാലാകാലങ്ങളിൽ കോൺഗ്രസിന് പുതിയ ഊർജം നൽകിപ്പോന്നു. കെ.എസ്.യുവിനും യൂത്ത് കോൺഗ്രസിനും പുതിയ ആശയങ്ങളിലും രാഷ്ട്രീയ നിലപാടുകളിലും അടിസ്ഥാനമിട്ടുള്ള ഒരു സംഘടനാ രൂപം നൽകിയത് എം.എ ജോണായിരുന്നു. അറുപതുകളിലും എഴുപതുകളിലും കേരളം നിറഞ്ഞുനിന്ന കോൺഗ്രസ് നേതാവ്.


എം.എ. ജോൺ നേതൃത്വം കൊടുത്ത കെ.എസ്.യു, യൂത്ത് കോൺഗ്രസ് ക്യാംപുകൾ പുതിയ തലമുറയെ ആവേശഭരിതരാക്കുകയായിരുന്നു. വയലാർ രവി, എ.കെ ആന്റണി, ഉമ്മൻചാണ്ടി, പി.സി ചാക്കോ, വി.എം സുധീരൻ, തിരുവഞ്ചൂർ രാധാകൃഷ്ണൻ എന്നിങ്ങനെ പല നേതാക്കൾക്കും ആ കാലഘട്ടത്തിലെ കെ.എസ്.യു, യൂത്ത് കോൺഗ്രസ് സംഘടനകൾ ജന്മം നൽകി. ആ നിരയിൽപ്പെട്ട പിൻമുറക്കാരിലൊരാളാണ് പി.ടി തോമസ്.


എം.എം ജോൺ ഒരു പുതിയ ശൈലിയാണ് കെ.എസ്.യു വിദ്യാർഥികളെയും യൂത്ത് കോൺഗ്രസ് യുവാക്കളെയും പഠിപ്പിച്ചത്. മത, സമുദായ സംഘടനകളിൽ നിന്ന് അകന്നു നിൽക്കാൻ അദ്ദേഹം പുതിയ തലമുറയെ പഠിപ്പിച്ചു. യുവാക്കൾ കോൺഗ്രസിന്റെ നേതൃത്വത്തിലേയ്ക്കും ഭരണത്തിലേയ്ക്കും കയറിവരാൻ അദ്ദേഹം ആഹ്വാനം ചെയ്തു. എം.എ ജോൺ ആ കാലഘട്ടത്തിന്റെ തന്നെ ഗുരുവായി വളർന്നു.


പിന്നീട് എ.കെ ആന്റണിയുടെ നേതൃകാലം. 1967 ആയപ്പോഴേയ്ക്ക് ശുഷ്‌ക്കിച്ചു പോയ കോൺഗ്രസിനെ പിടിച്ചുയർത്താൻ കെ. കരുണാകരൻ ശ്രമിക്കുന്ന കാലഘട്ടം തന്നെയായിരുന്നു അത് 67-ലെ തെരഞ്ഞെടുപ്പിൽ കോൺഗ്രസിനു കിട്ടിയത് വെറും ഒമ്പതു സീറ്റ്. ഒമ്പതംഗങ്ങളുടെ മാത്രം നേതാവായ കരുണാകരൻ സി.പി.ഐയെയും മുസ്ലിം ലീഗിനെയുമൊക്കെ കൂടെക്കൂട്ടി മുന്നണിയുണ്ടാക്കി. അതു കോൺഗ്രസിനു പുതിയ ശക്തി പകർന്നു. അവിടെയാണ് കെ. കരുണാകരന് എതിരെ കോൺഗ്രസിനുള്ളിൽ എ.കെ. ആന്റണിയുടെയും കൂട്ടരുടെയും മുന്നേറ്റം തുടങ്ങുന്നത്.
ആന്റണിയും എം.എ ജോണിന്റെ പാത പിന്തുടർന്നു. ചായയും കാപ്പിയും കുടിക്കാത്ത എ.കെ. ആന്റണി, അഴിമതിക്കാരനല്ലാത്ത എ.കെ. ആന്റണി, പള്ളിയുടെയും പട്ടക്കാരുടെയും വഴിയേ പോകാത്ത എ.കെ. ആന്റണി, കല്യാണം കഴിക്കാത്ത എ.കെ. ആന്റണി - സമൂഹത്തിൽ ആന്റണിയുടെ പ്രതിഛായ പെട്ടെന്നു വളർന്നു. അവസാനം ആന്റണി കല്യാണം കഴിച്ചതും, പള്ളിയും പട്ടക്കാരനുമൊന്നുമില്ലാതെ ഉമ്മൻ ചാണ്ടിയുടെ തിരുവനന്തപുരത്തെ വീട്ടിൽ സബ് രജിസ്ട്രാറുടെ മുന്നിൽ യുവാക്കളുടെ ഹരമായി മാറുകയായിരുന്നു അദ്ദേഹം. ദേശീയ തലത്തിൽ കോൺഗ്രസിന് ഒരു വലിയ പരീക്ഷണഘട്ടമായിരുന്നു 1967. പൊതുതെരഞ്ഞെടുപ്പിൽ കേരളമുൾപ്പെടെ ഏഴു സംസ്ഥാനങ്ങളിൽ കോൺഗ്രസ് തറപറ്റി. ദേശീയ തലത്തിൽ കോൺഗ്രസ് ക്ഷീണിച്ചു തുടങ്ങിയ വർഷമാണ് 1967. ഏഴു കക്ഷികളെ കൂട്ടി ഐക്യമുന്നണിയുണ്ടാക്കി സി.പി.എം സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിൽ വൻ വിജയം നേടിയ വർഷം കൂടിയാണത്.


ഗുജറാത്ത്, ഒഡീഷ, പശ്ചിമ ബംഗാൾ, രാജസ്ഥാൻ, കേരളം എന്നീ സംസ്ഥാനങ്ങളിൽ കോൺഗ്രസ് പരാജയപ്പെട്ടു. ആറു സംസ്ഥാനങ്ങളിൽ പരാജയപ്പെട്ട കോൺഗ്രസ് ക്രമേണ കൂടുതൽ പരാജയങ്ങളിലേക്ക് വഴുതി വീണു. എന്നാൽ കേരളത്തിൽ കോൺഗ്രസ് പിടിച്ചു നിന്നു. ശക്തമായൊരു മുന്നണി കരുണാകരൻ കെട്ടിപ്പടുത്തു.


കോൺഗ്രസിന്റെ നേതൃത്വത്തിൽ ഐക്യജനാധിപത്യ മുന്നണിയും സി.പി.എമ്മിന്റെ നേതൃത്വത്തിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണിയും രൂപപ്പെട്ടതും ഈ ഘട്ടത്തിലാണ്. ഏറെക്കുറെ തുല്യശക്തികളായി മാറിയ രണ്ടു മുന്നണികളും പരസ്പരം മാറ്റുരച്ചു കൊണ്ടുതന്നെ നീങ്ങി. ഇടതുമുന്നണിയോടു പൊരുതി കോൺഗ്രസ് ഒന്നിടവിട്ടുള്ള തെരഞ്ഞെടുപ്പുകളിൽ ഭരണം പിടിച്ചെടുത്തു. എക്കാലത്തും ഇടതു മുന്നണി ഭരിക്കുമ്പോൾ കോൺഗ്രസും ഐക്യജനാധിപത്യ മുന്നണിയും ശക്തിയൊട്ടും ചോരാതെ പ്രതിപക്ഷത്തിരുന്നു. ഒരു തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടാലും അടുത്ത തെരഞ്ഞെടുപ്പിൽ ഭരണത്തിൽ തിരിച്ചെത്താമെന്ന പ്രതീക്ഷ എപ്പോഴും നേതാക്കളെയും അണികളെയും ആവേശഭരിതരാക്കി നിർത്തി. 2021-ൽ കേരളം പതിവു തെറ്റിറ്റിച്ചെങ്കിലും. അറുപതുകളിലും എഴുപതുകളിലും ആന്റണി വിഭാഗം കോൺഗ്രസ് പാർട്ടിയിൽ കൊണ്ടുവന്ന പുരോഗമനാത്മക ചിന്തകൾ തന്നെയാണിതിന് കാരണം. അങ്ങേയറ്റത്തെ ജനാധിപത്യബോധവും കറ തീർന്ന മതേതര ചിന്തയും കോൺഗ്രസ് നേതൃത്വത്തിന്റെ തിളക്കത്തിനു മാറ്റുക്കൂട്ടി.


സ്വന്തം മുന്നണി ഭരിക്കുമ്പോൾ കോൺഗ്രസ് നേതൃത്വം നടത്തിയ 1972-ലെ വിദ്യാഭ്യാസ സമരം ഉത്തമോദാഹരണം. 1957 ലെ ഇ.എം.എസ് സർക്കാരിനെതിരെ പട നയിച്ച് വിമോചന സമരം നടത്തിയ കത്തോലിയ്ക്കാ സഭയ്‌ക്കെതിരെ സമരത്തിനിറങ്ങിയത് കോൺഗ്രസ്. സമരത്തെ കുറുവടികൊണ്ടും മഴുത്തായ കൊണ്ടും നേരിടുമെന്ന് തൃശൂർ ബിഷപ്പ് ജോസഫ് കുണ്ടുകുളം. വാളെടുക്കുന്നവർ വാളാൽ മരിക്കുമെന്ന് ഉമ്മൻചാണ്ടിയുടെ മറുപടി. സ്വതന്ത്രചിന്തയുടെ ഉറവിടവും പരിവർത്തനത്തിന്റെ സിരാകേന്ദ്രവുമായ വിദ്യാഭ്യാസ സ്ഥാപനങ്ങളെ സ്റ്റാറ്റസ്കോ വാദികളിൽ നിന്നു മോചിപ്പിക്കുകയാണ് കെ.എസ്.യുവിന്റെ ലക്ഷ്യമെന്ന് സംസ്ഥാന പ്രസിഡന്റ് വി.എം സുധീരന്റെ പ്രഖ്യാപനം. ധീരാ ധീരാ വി.എം സുധീരാ, ധീരതയോടെ നയിച്ചോളൂ എന്ന് ഏറ്റുവിളിച്ച് വിദ്യാർഥി ലക്ഷങ്ങൾ. ചുറുചുറുക്കുള്ള ഒരു നേതൃത്വനിരയുടെ കണ്ണിയായാണ് പി.ടി തോമസിന്റെ വരവ്. എറണാകുളം മഹാരാജാസ് കോളജിൽ പഠിച്ച് കെ.എസ്.യുവിലൂടെ, യൂത്ത് കോൺഗ്രസിലൂടെ കോൺഗ്രസിലും പിന്നെ നിയമസഭയിലുമെത്തിയ പി.ടി തോമസ് അതിവേഗം ഒരു കരുത്തൻ നേതാവിന്റെ പ്രതിഛായ നേടി. നിയമസഭയിൽ തീപ്പൊരി പ്രസംഗം. കോൺഗ്രസ് നേതൃയോഗങ്ങളിൽ കരുണാകരനെതിരെ ഉയർന്ന കരുത്താർന്ന ശബ്ദത്തിന്റെ ഉടമ. പി.ടിയുടെ നിലപാടുകൾ ഏറെ ശ്രദ്ധിക്കപ്പെടാൻ തുടങ്ങി.


1991-ൽ കരണാകരൻ വീണ്ടും മുഖ്യമന്ത്രിയായ കാലം. കരുണാകരനെതിരെ ആന്റണിപക്ഷം പടയോട്ടം തുടങ്ങിയപ്പോൾ മുൻനിരയിൽ പി.ടി തോമസും നിലയുറപ്പിച്ചു. ഒരു വൈകുന്നേരം നടന്ന കെ.പി.സി.സി യോഗത്തിൽ 40 കാരനായ പി.ടിയുടെ പ്രസംഗം കത്തിക്കയറി. ''ഓലത്തുമ്പത്തിരുന്നൂയലാടും ചെല്ലപൈങ്കിളിയേ, എന്റെ ബാലഗോപാലനെ എണ്ണതേപ്പിക്കുമ്പം പാടടീ'' എന്ന ബിച്ചു തിരുമലയുടെ ചലച്ചിത്രഗാന വരികൾ ചൊല്ലിക്കൊണ്ടായിരുന്നു പി.ടിയുടെ പ്രസംഗം. കരുണാകരന്റെ മകൻ കെ. മുരളീധരനെ പരിഹസിച്ചു കൊണ്ടുള്ള ഗംഭീരൻ പ്രസംഗം.
2016 ലെ നിയമസഭാ തെരഞ്ഞെടുപ്പു കാലത്ത് ഗാഡ്ഗിൽ റിപ്പോർട്ട് ഇടുക്കി പ്രദേശത്തെയാകെ ഇളക്കി മറിച്ചപ്പോൾ സ്ഥാനാർഥിയാകാനിരുന്ന പി.ടി തോമസ് പരിസ്ഥിതിക്കനുകൂലമായ നിലപാടെടുക്കുകയായിരുന്നു. ഗാഡ്ഗിൽ റിപ്പോർട്ടിനെതിരെ കർഷകർ നടത്തിയ ശക്തമായ സമരത്തെ കത്തോലിക്കാ സഭാ നേതൃത്വം തന്നെ മുന്നിൽ നിന്നു നയിച്ചു. പരിസ്ഥിതിക്കനുകൂലമായി ഉറച്ചു നിന്ന പി.ടി തോമസിനെതിരെ സഭ തിരിഞ്ഞു. പുരോഹിതരും അത്മായക്കാരും ചേർന്ന് പി.ടി. തോമസിന്റെ പ്രതീകാത്മക മൃതദേഹം ശവമഞ്ചത്തിൽ വച്ച് ഘോഷയാത്ര നടത്തിയാണ് പ്രതികാരം ചെയ്തത്. ജീവിച്ചിരിക്കുന്ന പി.ടി തോമസിന്റെ ശവഘോഷയാത്ര.


പി.ടി തോമസ് മരണത്തിലൂടെ കത്തോലിക്കസഭയ്ക്കു മറുപടി നൽകി. ഒരിക്കൽ തന്റെ ശവഘോഷയാത്ര നടത്തിയ സഭയ്ക്ക് സ്വന്തം മൃതദേഹം സംസ്‌ക്കരിക്കാൻ വിട്ടു കൊടുക്കാതെ മരണത്തിലും വലിയൊരു വിപ്ലവകാരിയായി ഉയർന്നു നിൽക്കുകയായിരുന്നു പി.ടി തോമസ്. സ്വന്തമായി ഉറച്ചു നിലപാടുള്ള, ആ നിലപാടിൽ എപ്പോഴും ഉറച്ചു നിൽക്കുന്ന, എപ്പോഴും ജനങ്ങളോടൊപ്പം ഉണ്ടാവുന്ന നേതാക്കളെയാണ് ജനങ്ങൾക്കിഷ്ടമെന്ന് പി.ടിയുടെ സംസ്‌ക്കാര ചടങ്ങു കേരളത്തിനു കാട്ടിത്തരുന്നു. കോൺഗ്രസിനും, 71-ാം വയസ്സുവരെ കോൺഗ്രസിൽ വലിയൊരു ശക്തി കേന്ദ്രമായി നിലയുറപ്പിച്ച പി.ടി. തോമസിന് ഒരു മന്ത്രിസ്ഥാനം കൊടുക്കാൻ കോൺഗ്രസിന് ഒരിക്കൽ പോലും കഴിഞ്ഞില്ലെന്ന് ഓർക്കണം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കാന്റീനില്‍ നിന്നും നല്‍കിയ സാമ്പാറില്‍ ചത്ത പല്ലി: സിഇടി എന്‍ജിനീയറിങ് കോളജ് കാന്റീന്‍ പൂട്ടിച്ചു

Kerala
  •  2 months ago
No Image

പത്രക്കടലാസുകള്‍ വേണ്ട, ഭക്ഷ്യവസ്തുക്കള്‍ പൊതിയാന്‍ ഫുഡ് ഗ്രേഡ് പാക്കിങ് മെറ്റീരിയല്‍ മാത്രം;  മാര്‍ഗനിര്‍ദേശങ്ങളുമായി ഭക്ഷ്യസുരക്ഷാ വകുപ്പ്  

Kerala
  •  2 months ago
No Image

അച്ഛന് കരള്‍ പകുത്ത്‌ മകന്‍; തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ മൂന്നാമത്തെ കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയും വിജയം

Kerala
  •  2 months ago
No Image

ബസ്സും കാറും കൂട്ടിയിടിച്ച് ഡ്രൈവര്‍ മരിച്ചു

latest
  •  2 months ago
No Image

യദുവിന്റെ പരാതി മാധ്യമശ്രദ്ധയ്ക്ക് വേണ്ടി; അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് സമര്‍പ്പിച്ച് പൊലിസ്

Kerala
  •  2 months ago
No Image

IN DEMAND JOB SECTORS IN DUBAI FOR 2024

uae
  •  2 months ago
No Image

നവീന്‍ ബാബുവിന്റെ അവസാന സന്ദേശം പുലര്‍ച്ചെ 4.58-ന്; അയച്ചത് ജൂനിയര്‍ സൂപ്രണ്ട് പ്രേംരാജിന് 

Kerala
  •  2 months ago
No Image

സംസ്ഥാനത്ത് ഇന്നും നാളെയും ശക്തമായ മഴ; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  2 months ago
No Image

രാജ്യത്തെ സി.ആര്‍.പി.എഫ് സ്‌കൂളുകള്‍ക്കും ബോംബ് ഭീഷണി

National
  •  2 months ago
No Image

ജാര്‍ഖണ്ഡില്‍ ബി.ജെ.പിക്ക് തിരിച്ചടി; മുന്‍ എം.എല്‍.എമാര്‍ ഉള്‍പെടെ മുതിര്‍ന്ന നേതാക്കള്‍ പാര്‍ട്ടി വിട്ട് ജെ.എം.എമ്മിലേക്ക് 

Kerala
  •  2 months ago