കിഴക്കമ്പലം അക്രമം: പഴുതടച്ച അന്വേഷണമുണ്ടാകണം
ക്രിസ്മസ് രാത്രിയിൽ എറണാകുളം കിഴക്കമ്പലത്തെ കിറ്റെക്‌സിൽ ഉണ്ടായ അക്രമം മദ്യപരായ അതിഥിത്തൊഴിലാളികളുടെ അഴിഞ്ഞാട്ടമായി ചുരുക്കിക്കാണേണ്ടതല്ല. കേരളത്തിന്റെ സാമൂഹ്യാവസ്ഥയെ പരുക്കേൽപിക്കുംവിധം ഇതര സംസ്ഥാനങ്ങളിൽനിന്നു വരുന്ന തൊഴിലാളികൾ വർധിച്ചിട്ടുണ്ടെന്നാണ് കിറ്റെക്‌സിലെ അക്രമം എടുത്തു കാണിക്കുന്നത്. സംസ്ഥാനത്ത് എത്ര അതിഥിത്തൊഴിലാളികൾ ഉണ്ടെന്നതിന്റെ ശരിയായ കണക്ക് സർക്കാരിന്റെ പക്കൽ ഇപ്പോഴും ഇല്ലെന്നുവേണം കരുതാൻ.
ബംഗാളിൽനിന്ന് മാത്രമല്ല അസമിൽനിന്നും നാഗാലാൻഡിൽനിന്നും ഭീകര പ്രവർത്തന പശ്ചാത്തലമുള്ളവരും കൊടുംക്രിമിനലുകളും അവരുടെ നാട്ടിലെ കൊലപാതകങ്ങൾക്കു ശേഷമോ, അക്രമപ്രവർത്തനങ്ങൾക്കു ശേഷമോ കേരളത്തിലേക്ക് രക്ഷപ്പെടുകയാണ്. സംസ്ഥാനത്ത് ക്രൂരമായ കൊലപാതക പരമ്പരതന്നെ അതിഥിത്തൊഴിലാളികളിൽനിന്ന് ഉണ്ടായിട്ടുണ്ട്. കേരളം അടുത്ത കാലത്തായി കണ്ട ക്രൂരമായ കൊലപാതകങ്ങളിൽ പലതിലും പ്രതികൾ ഇവരായിരുന്നു.
അതിഥിത്തൊഴിലാളികളെ വിശദമായി പരിശോധിക്കാനോ എവിടെനിന്നു വരുന്നു എന്നന്വേഷിക്കാനോ യാതൊരു സംവിധാനവും സംസ്ഥാനത്ത് ഇല്ല. ഇവരിൽ പലരെയും രജിസ്റ്റർ ചെയ്യുന്നില്ല. ഇവർ താമസിക്കുന്ന ലോഡ്ജുകളുടെയും താമസസ്ഥലങ്ങളുടെയും ഉടമസ്ഥർ പൂർണവിവരം അതത് സ്ഥലത്തെ പൊലിസ് സ്റ്റേഷനുകളിൽ അറിയിക്കണമെന്നാണ്. എന്നാൽ എത്ര ലോഡ്ജു ഉടമകൾ ഇത് പാലിക്കുന്നുണ്ട്?. ചുരുങ്ങിയ കൂലിക്ക് കേരളത്തിൽ ഇവരെക്കൊണ്ട് ജോലി ചെയ്യിപ്പിക്കാം എന്ന ആകർഷണത്തിൽ ഇവരെ പാർപ്പിക്കുന്നവരും ഇവർക്ക് തൊഴിൽ നൽകുന്നവരും ഇവരുടെ ക്രിമിനൽ പശ്ചാത്തലം അന്വേഷിക്കാൻ തയാറാകുന്നില്ല. ഇവരിൽനിന്ന് ഉണ്ടാകുന്ന ചെറിയക്രിമിനൽ കുറ്റങ്ങൾക്കുനേരെ ഉടമകൾ കണ്ണടയ്ക്കുന്നു. ഇത് ക്രിമിനലുകളായ ഇതര സംസ്ഥാന തൊഴിലാളികൾക്ക് എന്തുംചെയ്യാനുള്ള ധൈര്യം നൽകുന്നു. അതാണ് കിഴക്കമ്പലത്തെ കിറ്റെക്‌സിൽ സംഭവിച്ചതും.
കിറ്റെക്‌സിലെ ഇതരസംസ്ഥാന തൊഴിലാളികൾ തമ്മിലുണ്ടായ കലഹം ശാന്തമാക്കാൻ എത്തിയ പൊലിസുകാരെ ആയുധങ്ങളുമായി അക്രമിക്കാൻ വരെ തൊഴിലാളികൾക്ക് ധൈര്യം കിട്ടിയെങ്കിൽ, പൊലിസുകാരെ ജീവനോടെ ജീപ്പിലിട്ട് തീയിട്ടു കൊല്ലാൻ മാത്രം കെൽപ്പുണ്ടായെങ്കിൽ, അത് വെറും മദ്യത്തിനു പുറത്തുള്ള വിളയാട്ടമായിരുന്നുവെന്ന കിറ്റെക്‌സ് എം.ഡി സാബു ജേക്കബിന്റെ വിശദീകരണം അപ്പാടെ വിഴുങ്ങാനാവില്ല. അക്രമികളായ തൊഴിലാളികൾക്ക് ക്രിമിനൽ പശ്ചാത്തലമില്ലെന്നാണ് എം.ഡി പറയുന്നത്. അവരുടെ പൂർവകാല പ്രവർത്തന റെക്കോഡ് കിറ്റെക്‌സിൽ ഉണ്ടോ? ആയിരത്തിലധികം ഇതര സംസ്ഥാനത്തൊഴിലാളികളാണ് കിറ്റെക്‌സിൽ നിസാര കൂലിക്ക് പണിയെടുത്തു കൊണ്ടിരിക്കുന്നത്.
ഇവരുടെയെല്ലാം പൂർണവിവരം അടുത്ത പൊലിസ് സ്റ്റേഷനിൽ കിറ്റെക്‌സ് നൽകിയിട്ടുണ്ടോ ? കമ്പനിയിൽനിന്നു മലിനജലം പുറത്തുവിടുന്നതിനെതിരേ പഞ്ചായത്ത് നിയമ നടപടികൾ എടുത്തപ്പോൾ നാട്ടുകാർക്ക് ചുരുങ്ങിയ വിലയ്ക്ക് അരിയും മുളകും നൽകി ട്വന്റി20 എന്ന പേരിട്ട് ആശ്രിതരെ വച്ച് സംഘടനയുണ്ടാക്കി പഞ്ചായത്ത് ഭരണം കീശയിലാക്കിയ പാരമ്പര്യം കിറ്റെക്‌സിനുണ്ട്. ജനാധിപത്യ ഭരണസമ്പ്രദായത്തെ, ഭരണ കേന്ദ്രങ്ങളെ കോർപറേറ്റുകൾക്ക് എങ്ങിനെ ഹൈജാക്ക് ചെയ്യാമെന്ന് കേരളത്തിൽ കാണിച്ചു തരികയായിരുന്നു ഈ അട്ടിമറിയിലൂടെ കിറ്റെക്‌സ്.
തൊഴിൽ ക്യാംപിൽ ആരോ ലഹരി കൊണ്ടുവന്നെന്നും അതുപയോഗിച്ച ശേഷം തൊഴിലാളികൾ അക്രമം നടത്തിയെന്നുമുള്ള എം.ഡിയുടെ നിസാരവൽക്കരണം അംഗീകരിക്കാനാവില്ല. പൊലിസിനെ ജീപ്പിൽനിന്ന് പുറത്തിറങ്ങാൻ അനുവദിക്കാതെ തീയിട്ട് കൊല്ലാൻ തൊഴിലാളികൾക്ക് ധൈര്യം കിട്ടിയതിന്റെ പിന്നിലെ രഹസ്യമാണ് പുറത്തുവരേണ്ടത്. കേരളത്തിന്റെ ചരിത്രത്തിൽ പൊലിസിനുനേരെ ഇത്രമേൽ വലിയൊരാക്രമണം മുമ്പ് ഉണ്ടായിട്ടില്ല. അതിനാൽ തന്നെ ഇത് യാദൃശ്ചികവുമല്ല. സെക്യൂരിറ്റി ജീവനക്കാർ ധാരാളമുള്ള കിറ്റെക്‌സിൽ ആരോ പുറത്തുനിന്ന് ലഹരി എത്തിച്ചുവെന്ന സാബു ജേക്കബിന്റെ വിശദീകരണം വിശ്വസിക്കാനാവില്ല. പൊലിസ് അസോസിയേഷനും ഇതാണ് ആവശ്യപ്പെടുന്നത്.
അക്രമത്തിന് അവർക്ക് ധൈര്യം നൽകിയത് എന്താണെന്നും ആരാണെന്നും അന്വേഷിക്കണമെന്ന് അസോസിയേഷൻ സർക്കാരിനോടാവശ്യപ്പെട്ടിരിക്കുകയാണ്. തൊഴിലാളികളുടെ ഉത്തരവാദിത്വത്തിൽനിന്ന് ഉടമയ്ക്ക് ഒഴിഞ്ഞു മാറാനാവില്ലെന്നും അസോസിയേഷൻ പറയുന്നുണ്ട്. സർക്കാർ ഈ നിലയ്ക്കും അന്വേഷണം നടത്തേണ്ടതുണ്ട്.
നിരവധി വിവാദങ്ങൾക്കിടയിലാണ് കിഴക്കമ്പലത്ത് കിറ്റെക്‌സ് കമ്പനി പ്രവർത്തിക്കുന്നത്. സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടാകുന്ന നിയമപരമായ പരിശോധനകളെപ്പോലും കമ്പനി എതിർത്തിരുന്നു. വ്യവസായങ്ങളെ തകർക്കുകയാണ് സർക്കാരെന്ന കുറ്റപ്പെടുത്തലുകൾ ഉണ്ടായി. കിറ്റെക്‌സ് അന്യ സംസ്ഥാനത്തേക്ക് പറിച്ച് നടുകയാണെന്ന പ്രചാരണവും നടത്തി.
ഇതെല്ലാം സർക്കാരിനെ സമ്മർദത്തിലാക്കാനുള്ള തന്ത്രങ്ങൾ മാത്രമായിരുന്നു. ഇങ്ങിനെ വിവാദങ്ങളിൽ നിറഞ്ഞു നിൽക്കുന്ന ഒരു കമ്പനിയുടെ തൊഴിൽ ക്യാംപിൽ പൊലിസുകാരെ ജീവനോടെ കത്തിക്കാൻ, അന്യനാട്ടിൽ നിന്നുവന്ന തൊഴിലാളികൾക്ക് ധൈര്യം കിട്ടണമെങ്കിൽ അതു ലഹരിയുടെ പുറത്തായിരുന്നുവെന്ന് വിശ്വസിക്കാൻ പ്രയാസമുണ്ട്. അതിനാൽ ഇതു സംബന്ധിച്ച പഴുതടച്ച അന്വേഷണം ഉണ്ടാകണം. മാത്രമല്ല കിറ്റെക്‌സിൽ ജോലി ചെയ്യുന്ന ഇതര സംസ്ഥാന തൊഴിലാളികളുടെ മുഴുവൻ വിവരവും തൊഴിലുടമ അടുത്ത പൊലിസ് സ്റ്റേഷനിൽ അറിയിച്ചിട്ടുണ്ടോ എന്നതു സംബന്ധിച്ച പൂർണ വിവരവും പുറത്തുവരേണ്ടതുണ്ട്.
കിഴക്കമ്പലത്ത് നടന്നതുപോലുള്ള അനിഷ്ട സംഭവങ്ങൾ മേലിൽ സംസ്ഥാനത്ത് ഒരിടത്തും തലപൊക്കാതിരിക്കാനുള്ള നടപടികളാണ് സർക്കാർ ഭാഗത്തുനിന്ന് ഉണ്ടാകേണ്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."