ഏപ്രില്‍ മാസത്തിലെ പൊതു പരീക്ഷകള്‍ പുന:ക്രമീകരിക്കണം മെക്ക
ഏപ്രില്‍ മാസത്തില്‍ നടത്തുവാന്‍ തീരുമാനിച്ചിട്ടുള്ള എസ് എസ് എല്‍ സി, ഹയര്‍ സെക്കണ്ടറി, വി എച്ച് എസ് സി പരീക്ഷകളുടെ തിയതിയും സമയവും റമദാന്‍ വ്രതം കണക്കിലെടുത്ത് പുന:ക്രമീകരിക്കണമെന്ന് മെക്ക സംസ്ഥാന ജനറല്‍ സെക്രട്ടറി എന്‍.കെ. അലി പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രിയോടഭ്യര്‍ത്ഥിച്ചു.
ന്യൂനപക്ഷ ജനവിഭാഗങ്ങളുടെ വിശേഷ ദിവസങ്ങളില്‍ പൊതു പരീക്ഷകള്‍, ഇന്റര്‍വ്യുകള്‍, ഇതര പരീക്ഷകള്‍ എന്നിവ നടത്തുന്നത് ആ വിഭാഗങ്ങളോടുള്ള വിവേചനവും അവരുടെ അചാരാനുഷ്ഠാനങ്ങള്‍ക്ക് തടസ്സം സൃഷ്ടിക്കുമെന്നതിനാലും ഇതു പ്രത്യേകം പരിഗണിക്കണമെന്ന് ദേശീയ ന്യൂനപക്ഷ കമ്മീഷന്‍ കര്‍ശന നിര്‍ദ്ദേശം പുറപ്പെടുവിച്ചിട്ടുള്ളതാണ്. മൂന്നു വിഭാഗത്തിലുമായി ആറുലക്ഷത്തിലധികം വിദ്യാര്‍ത്ഥികള്‍ പരീക്ഷയെഴുതുന്നതില്‍ 25 28 ശതമാനം മുസ്‌ലിം വിദ്യാര്‍ത്ഥികള്‍ക്ക് പരീക്ഷക്കുള്ള തയ്യാറെടുപ്പുകള്‍ക്കും വ്രതാനുഷ്ടാനത്തോടെയുള്ള യാത്രക്കും ബുദ്ധിമുട്ടാണ്. ഒപ്പം പരീക്ഷ ചുമതലയുള്ള മുസ്‌ലിം അദ്ധ്യാപകര്‍ക്കും ഏറെ പ്രയാസമാണ്. ഈ വസ്തുതകള്‍ പരിഗണിച്ച് ഏപ്രില്‍ മാസത്തിലെ പരീക്ഷാ തീയതിയും സമയവും പുന:ക്രമീകരിച്ച് ആവശ്യമായ സംവിധാനം ഏര്‍പ്പെടുത്തുവാന്‍ സര്‍ക്കാരും ബന്ധപ്പെട്ട വകുപ്പ് അധികൃതരും തയ്യാറാവണമെന്നും എന്‍.കെ. അലി ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."