കൊവിഡ് കേസുകള്‍ ഉയരുന്നു; യു.എ.ഇയില്‍ വീണ്ടും ക്ലാസുകള്‍ ഓണ്‍ലൈന്‍ വഴി
അബുദാബി: ജനുവരി മൂന്നിന് ആരംഭിക്കുന്ന രണ്ടാം സെമസ്റ്ററിന്റെ ആദ്യ രണ്ടാഴ്ചകളില്‍ യു.എ.ഇ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ക്ലാസുകള്‍ ഓണ്‍ലൈനാകും. തീരുമാനം സ്‌കൂളുകള്‍ക്കും സര്‍വകലാശാലകള്‍ക്കും പരിശീലന കേന്ദ്രങ്ങള്‍ക്കും ബാധകമാണെന്ന് സര്‍ക്കാര്‍ വക്താവ് പറഞ്ഞു. ദിവസേനയുള്ള കോവിഡ് കേസുകളുടെ എണ്ണത്തില്‍ യു.എ.ഇയില്‍ വര്‍ധനയുണ്ടാകുന്ന സാഹചര്യത്തിലാണ് വിദൂര പഠനത്തിലേയ്ക്ക് താല്‍ക്കാലികമായി മാറാനുള്ള തീരുമാനം .
രാജ്യത്ത് പ്രതിദിന രോഗികളുടെ എണ്ണം മൂന്ന് ദിവസത്തിനുള്ളില്‍ രണ്ടാം തവണയും 1800 - ല്‍ എത്തിയിട്ടുണ്ട് . എമിറേറ്റിലെ എല്ലാ സ്വകാര്യ , പൊതു സ്‌കൂളുകളും ആദ്യ രണ്ടാഴ്ചത്തേയ്ക്ക് റിമോട്ട് ലേണിങ് സ്വീകരിക്കുമെന്ന് അബുദാബി അടിയന്തര ദുരന്ത നിവാരണ സമിതി അറിയിച്ചു.
ഈ രണ്ടാഴ്ചയ്ക്കുള്ളില്‍ വിദ്യാഭ്യാസ മേഖലയിലെ ജീവനക്കാര്‍ക്കായി നടന്നുകൊണ്ടിരിക്കുന്ന പരിശോധനാ കാംപെയിനുകള്‍ വര്‍ധിക്കും. തുടര്‍ നിരീക്ഷണങ്ങള്‍ക്ക് ശേഷം ഇന്‍ - സ്‌കൂള്‍ പഠനത്തിലേക്കുള്ള തിരിച്ചുവരവ് തീരുമാനിക്കുമെന്നും സമിതി പറഞ്ഞു . എന്നാല്‍ ഓരോ എമിറേറ്റിനും അവിടുത്തെ കോവിഡ് സാഹചര്യങ്ങള്‍ വിലയിരുത്താനുള്ള അടിയന്തര ദുരന്ത നിവാരണ സമിതികളുള്ളതിനാല്‍ അവര്‍ തീരുമാനം പ്രഖ്യാപിക്കും . വിദ്യാര്‍ഥികള്‍ സ്‌കൂളിലേക്ക് മടങ്ങുന്നതിന് മുമ്പ് നെഗറ്റീവ് പിസിആര്‍ പരിശോധനാ ഫലം ഹാജരാക്കണം . മാതാപിതാക്കള്‍ക്കും ഇത് ആവശ്യമാണ്.
സ്‌കൂളുകളില്‍ പ്രവേശിക്കാന്‍ അവരുടെ അല്‍ ഹൊന്‍ ആപ്പില്‍ പച്ച പാസ്സ് ഉണ്ടാകണം . ഏറ്റവും പുതിയ സംഭവവികാസങ്ങളെ അടിസ്ഥാനമാക്കിയാണ് വിദ്യാഭ്യാസ സമ്പ്രദായത്തിലെ മാറ്റങ്ങളും അപ്‌ഡേറ്റുകളും സ്വീകരിക്കുന്നതെന്ന് സര്‍ക്കാര്‍ വക്താവ് പറഞ്ഞു. എമിറേറ്റുകളിലുടനീളമുള്ള ദുരന്ത നിവാരണ സമിതികളുമായി ഏകോപിപ്പിച്ചാണ് തീരുമാനങ്ങള്‍ കൈക്കൊള്ളുന്നത്. സ്‌കൂള്‍ അധികൃതര്‍ രക്ഷിതാക്കളുമായി നേരിട്ട് ആശയവിനിമയം നടത്തുകയും പഠന മാതൃകയെക്കുറിച്ചുള്ള എല്ലാ അപ്‌ഡേറ്റുകളും നല്‍കുകയും ചെയ്യും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."