എസ്. രാജേന്ദ്രന് സി.പി.എം വിടുന്നു
തൊടുപുഴ: ദേവികുളം മുന്‍ എം.എല്‍.എ. എസ്. രാജേന്ദ്രനെതിരേ നടപടി സ്വീകരിക്കാനുള്ള സി.പി.എമ്മിന്റെ നീക്കം പുരോഗമിക്കുന്നതിനിടയില്‍ അദ്ദേഹം പാര്‍ട്ടി വിടുന്നു. സി.പി.എമ്മുമായുള്ള എല്ലാ ബന്ധവും ഉപേക്ഷിക്കുന്നു എന്ന് രാജേന്ദ്രന് ഒരു വാര്‍ത്താചാനലിനോടു പറഞ്ഞു.
തന്നെ അപമാനിച്ച് പുറത്താക്കുകയാണ് പാര്‍ട്ടി ചെയ്തതെന്ന് അദ്ദേഹം പറഞ്ഞു.
ആരോപണങ്ങളില്‍ താന്‍ വിശദീകരണം നല്‍കിയിരുന്നു. വിശദീകരണം അംഗീകരിച്ച് അംഗത്വത്തില്‍ നിലനിര്‍ത്താം. നിലവിലെ ദേവികുളം എം.എല്‍.എ. എ. രാജയെ തോല്‍പ്പിക്കാന്‍ ചായക്കടയില്‍വച്ച് ഗൂഢാലോചന നടത്തിയെന്ന പാര്‍ട്ടി കമ്മിഷന്റെ കണ്ടെത്തല്‍ അടിസ്ഥാനരഹിതമാണ്. വിശദീകരണം ചോദിച്ചിട്ട് കൊടുത്തില്ല എന്ന ആരോപണം തെറ്റാണ്. മറുപടിക്കത്ത് കൊടുത്തു. അതിന്റെ അക്നോളജ്മെന്റ് രേഖ കൈവശമുണ്ട്. രജിസ്റ്റേര്‍ഡ് പോസ്റ്റ് ആയി ജില്ലാ കമ്മിറ്റിക്കാണ് അയച്ചത്.
ചായക്കടയില്‍വച്ച് ആരെങ്കിലും ഗൂഢാലോചന നടത്തുമോ എന്ന് രാജേന്ദ്രന് ചോദിച്ചു. സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് സ്വാഗതം ചെയ്തിട്ടുണ്ടല്ലോ എന്ന ചോദ്യത്തിന്, സി.പി.ഐ മോശം പാര്‍ട്ടിയൊന്നുമല്ലല്ലോ എന്നായിരുന്നു രാജേന്ദ്രന്റെ മറുപടി. താന്‍ 40 വര്‍ഷം അദ്ധ്വാനിച്ചത് ഒരു പാര്‍ട്ടിക്കു വേണ്ടിയാണ്. ഇവിടെ അദ്ധ്വാനിച്ചിട്ട് വേറൊരു ഓഫിസില്‍ പോയിട്ടാണോ ആനുകൂല്യം പറ്റുക? ജീവിക്കാന്‍ വേണ്ടി പാര്‍ട്ടിയില്‍ വന്നയാളല്ല താന്‍. ഗവണ്മെന്റ് ജോലിയില്‍നിന്ന് പാര്‍ട്ടിയില്‍ പ്രവര്‍ത്തിക്കാന്‍ വന്നയാളാണെന്നും അദ്ദേഹം വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."