അണ്ടര്‍ 19 ഏഷ്യാ കപ്പ് ബംഗ്ലാദേശിനെ തകര്‍ത്ത് ഇന്ത്യ ഫൈനലില്‍
ഷാര്‍ജ: അണ്ടര്‍ 19 ഏഷ്യാ കപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ ഇന്ത്യ ഹാട്രിക്ക് കിരീടത്തിനു തൊട്ടരികെ. സെമി ഫൈനലില്‍ ബംഗ്ലാദേശിനെ തകര്‍ത്താണ് യഷ് ധൂല്‍ നയിച്ച ഇന്ത്യയുടെ ഫൈനല്‍ പ്രവേശനം. ഇന്നലെ നടന്ന സെമിയില്‍ 103 റണ്‍സിനാണ് ബംഗ്ലാദേശിനെ ഇന്ത്യ പരാജയപ്പെടുത്തിയത്.
മറ്റൊരു സെമിയില്‍ പാകിസ്താനെ 22 റണ്‍സിനു തോല്‍പ്പിച്ച് ശ്രീലങ്കയും ഫൈനലിലേക്കു ടിക്കറ്റെുത്തു. ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള കലാശപ്പോരാട്ടം ഇന്ന് നടക്കും. ദുബായ് അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ ഇന്ത്യന്‍ സമയം രാവിലെ 11 മണിക്കാണ് ഫൈനല്‍. ടോസ് നേടിയ ബംഗ്ലാദേശ് ഇന്ത്യയെ ബാറ്റിങിന് അയക്കുകയായിരുന്നു.
നിശ്ചിത ഓവറില്‍ എട്ടു വിക്കറ്റിന് 243 റണ്‍സാണ് ഇന്ത്യക്കു നേടാനായത്. ബാറ്റിങ് തകര്‍ച്ച നേരിട്ട ഇന്ത്യയെ രക്ഷിച്ചത് മൂന്നാമനായി ഇറങ്ങിയ ഷെയ്ഖ് റഷീദാണ്. പുറത്താവാതെ 90 റണ്‍സാണ് അദ്ദേഹം നേടിയത്. 108 ബോളില്‍ മൂന്നു ബൗണ്ടറികളും ഒരു സിക്‌സറും താരത്തിന്റെ ഇന്നിങ്‌സിലുണ്ടായിരുന്നു. ക്രീസിന്റെ മറുവശത്ത് വിക്കറ്റുകള്‍ വീണുകൊണ്ടിരുന്നെങ്കിലും റഷീദ് കുലുങ്ങിയില്ല. മാച്ച് വിന്നിങ് പ്രകടനവുമായി അദ്ദേഹം ടീമിനെ രക്ഷിക്കുകയായിരുന്നു. ബംഗ്ലാദേശിനു വേണ്ടി ക്യാപ്റ്റന്‍ റാക്വിബുല്‍ ഹസന്‍ മൂന്നു വിക്കറ്റുകളെടുത്തു.
ക്യാപ്റ്റന്‍ യഷ് ധൂല്‍ 26ഉം രാജ് ബവ 23 റണ്‍സും നേടി. ഗ്രൂപ്പുഘട്ടത്തിലെ മൂന്നു മല്‍സരങ്ങളിലും തകര്‍പ്പന്‍ പ്രകടനം നടത്തിയ ഓപ്പണര്‍ ഹര്‍നൂര്‍ സിങിന് സെമിയില്‍ തിളങ്ങാനായില്ല. 15 റണ്‍സെടുക്കാനെ താരത്തിനായുള്ളൂ. റണ്‍ചേസില്‍ ബംഗ്ലാദേശ് പൊരുതാന്‍ പോലുമാവാതെയാണ് കീഴടങ്ങിയത്. 38.2 ഓവറില്‍ വെറും 140 റണ്‍സിന് ബംഗ്ലാദേശ് ഓള്‍ഔട്ടായി. 42 റണ്‍സെടുത്ത ആരിഫുല്‍ ഇസ്‌ലാമാണ് ബംഗ്ലാദശ് നിരയില്‍ അല്‍പ്പമെങ്കിലും പിടിച്ചുനിന്നത്. 77 ബോളില്‍ ഒരു ബൗണ്ടറിയോടെയാണ് താരം 42 റണ്‍സെടുത്തത്.
ഓപ്പണര്‍ മഹ്ഫിജുല്‍ ഇസ്‌ലാമാണ് 20ന് മുകളില്‍ സ്‌കോര്‍ ചെയ്ത മറ്റൊരാള്‍. ഭേദപ്പെട്ട തുടക്കമായിരുന്നു ബംഗ്ലാദേശിന്റേത്. ആദ്യ വിക്കറ്റില്‍ അവര്‍ 31 റണ്‍സെടുത്തിരുന്നു. പിന്നീടായിരുന്നു ബംഗ്ലാദേശിന്റെ കൂട്ടത്തകര്‍ച്ച. ഏഴു വിക്കറ്റിന് 87 റണ്‍സിലേക്കു കൂപ്പുകുത്തിയ ബംഗ്ലാദേശിന് പിന്നീടൊരു തിരിച്ചുവരവുണ്ടായില്ല. ബൗളര്‍മാര്‍ മിന്നിച്ചു ഇന്ത്യക്കു വേണ്ടി ബൗള്‍ ചെയ്തവരെല്ലാം തകര്‍പ്പന്‍ പ്രകടനമാണ് നടത്തിയത്. ആറു പേരെയാണ് ഇന്ത്യന്‍ നായകന്‍ ധൂല്‍ ഈ മല്‍സരത്തില്‍ പരീക്ഷിച്ചത്. എല്ലാവര്‍ക്കും വിക്കറ്റ് ലഭിക്കുകയും ചെയ്തു.
രാജ്‌വര്‍ധന്‍ ഹംഗര്‍ഗേക്കര്‍, രവി കുമാര്‍, രാജ് ബവ, വിക്കി ഓസ്ത്വാല്‍ എന്നിവര്‍ രണ്ടു വിക്കറ്റുകള്‍ വീതം പങ്കിടുകയായിരുന്നു. നിഷാന്ത് സിന്ധുവും കൗശല്‍ താംബെയും ഓരോ വിക്കറ്റ് വീതം നേടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."