പഠനസമയം കവര്‍ന്ന് പരീക്ഷകള്‍ നട്ടംതിരിഞ്ഞ് ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ഥികള്‍
നിലമ്പൂര്‍: ഹയര്‍ സെക്കന്‍ഡറി രണ്ടാം വര്‍ഷ വിദ്യാര്‍ഥികളുടെ പഠനസമയം കവര്‍ന്നെടുക്കുന്നതാണ് പ്രഖ്യാപിച്ച പരീക്ഷാ തീയതികളെന്ന് പരാതി.
ക്രിസ്മസ് അവധിക്കു ശേഷം ജനുവരി മൂന്നിന് ക്ലാസുകള്‍ ആരംഭിച്ചാല്‍ കേവലം പത്തുദിവസത്തെ അധ്യയനത്തിനു ശേഷം തുടര്‍ച്ചയായി പരീക്ഷകള്‍ വരികയാണ്. ജനുവരി 31 മുതല്‍ പ്ലസ് വണ്‍ ഇംപ്രൂവ്‌മെന്റ് പരീക്ഷയും, ഫെബ്രുവരി 21 മുതല്‍ രണ്ടാം വര്‍ഷ പ്രായോഗിക പരീക്ഷകളും മാര്‍ച്ച് 16 മുതല്‍ രണ്ടാം വര്‍ഷ മാതൃകാ പരീക്ഷകളും തുടര്‍ന്ന് മാര്‍ച്ച് 30 മുതല്‍ പ്ലസ്ടു പൊതു പരീക്ഷയും നടത്താനാണ് വിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനം.
ഒക്ടോബര്‍ 18ന് ഒന്നാം വര്‍ഷ പരീക്ഷ കഴിഞ്ഞ് നവംബര്‍ ഒന്നിന് മാത്രം രണ്ടാം വര്‍ഷ ക്ലാസുകള്‍ ആരംഭിച്ച പ്ലസ്ടു വിദ്യാര്‍ഥികള്‍ക്ക് ആഴ്ചയില്‍ മൂന്ന് ദിവസം ഉച്ചവരെയുള്ള ക്രമത്തില്‍ മാത്രമാണ് ഇതുവരെ അധ്യയനം നടന്നത്. ശരാശരി ഒരു വിദ്യാര്‍ഥിക്ക് ഇതുവരെ പതിനഞ്ചില്‍ താഴെ മാത്രം ദിവസമാണ് സ്‌കൂളില്‍ ഹാജരാകാനായത്. അധ്യയനം ആരംഭിച്ച് ഒന്നരമാസത്തിനു ശേഷം ഹയര്‍സെക്കന്‍ഡറി അധ്യാപക സംഘടനകളുടെ മുറവിളിക്കൊടുവിലാണ് ക്രിസ്മസ് അവധിക്കാലത്ത് പഠന മേഖലയിലെ ഫോക്കസ് ഏരിയ പ്രസിദ്ധീകരിച്ചത്. മുന്‍വര്‍ഷത്തെ 40ശതമാനത്തില്‍ നിന്നും വ്യത്യസ്തമായി ഇത്തവണ സിലബസിന്റെ 60ശതമാനമായി ഫോക്കസ് ഏരിയ ഉയര്‍ത്തിയിട്ടുണ്ട്. ഇതു പ്രകാരമുള്ള പാഠഭാഗങ്ങള്‍ ആസ്പദമാക്കി രണ്ടാം വര്‍ഷ പൊതു പരീക്ഷ മാര്‍ച്ച് 30 മുതല്‍ ഏപ്രില്‍ 22 വരെ നടക്കുമെന്നാണ് വിദ്യാഭ്യാസവകുപ്പ് അറിയിച്ചിരിക്കുന്നത്.
എന്നാല്‍ പൊതു പരീക്ഷക്കു മുമ്പായി തുടരെ വരുന്ന പരീക്ഷകളാണ് കുട്ടികളെ കാത്തിരിക്കുന്നത്. ജനുവരി 30 മുതല്‍ ഫെബ്രുവരി നാല് വരെയുള്ള പ്ലസ് വണ്‍ ഇംപ്രൂവ്‌മെന്റ് പരീക്ഷക്ക് ഏതാണ്ട് മുഴുവന്‍ കുട്ടികളും ഹാജരാവും. ശേഷം അധ്യാപകര്‍ ഈ പരീക്ഷയുടെ മൂല്യനിര്‍ണയത്തിനു പോകേണ്ടിവരും. അത്രയും ദിവസം കുട്ടികള്‍ക്ക് അധ്യയനം തടസപ്പെടും.
വി.എച്ച്.എസ് വിഭാഗത്തിന് ഫെബ്രുവരി 16 മുതലും ഹയര്‍ സെക്കന്‍ഡറിയില്‍ 21 മുതലും രണ്ടാം വര്‍ഷ പ്രായോഗിക പരീക്ഷകള്‍ ആരംഭിക്കുമെന്നാണ് വിദ്യാഭ്യാസ വകുപ്പ് പറയുന്നത്. പ്രാക്ടിക്കല്‍ പരീക്ഷയുടെ സ്‌കീമോ പരീക്ഷാ രീതിയോ ഇതുവരെയും തീരുമാനിച്ചിട്ടില്ല. സയന്‍സ്, കൊമേഴ്‌സ്, ഹ്യുമാനിറ്റീസ് വിഷയങ്ങളിലെല്ലാം പ്രായോഗിക പരീക്ഷകളുണ്ട്. പ്രായോഗിക പരീക്ഷകള്‍ കഴിയുന്നതോടെ മാര്‍ച്ച് മാസം പകുതിയില്‍ രണ്ടാം വര്‍ഷ മോഡല്‍ പരീക്ഷക്കും മാര്‍ച്ച് 30 മുതല്‍ രണ്ടാം വര്‍ഷ പൊതു പരീക്ഷക്കും കുട്ടികള്‍ ഹാജരാവേണ്ടി വരും. ഇതിനിടയില്‍ എങ്ങനെ പഠനം നടക്കുമെന്ന് കുട്ടികളും അധ്യാപകരും രക്ഷിതാക്കളും ചോദിക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."