ചൈനയില്‍ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തിയ മേഖലകളില്‍ ഭക്ഷ്യക്ഷാമം
ബെയ്ജിങ്: ഒമിക്രോണ്‍ ഭീതിക്കിടെ കൊവിഡ് കേസുകളിലുണ്ടായ വര്‍ധനവിനെ തുടര്‍ന്ന് ചൈനയില്‍ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തിയ മേഖലകളില്‍ ഭക്ഷ്യക്ഷാമമെന്ന് റിപ്പോര്‍ട്ട്.
1.30 കോടിയിലധികം ആളുകള്‍ താമസിക്കുന്ന ഷ്യാന്‍ പ്രവിശ്യയില്‍ വേണ്ടത്ര ഭക്ഷ്യവസ്തുക്കളുടെ ലഭ്യതയില്ലെന്നാണ് വിവിധ അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്.
കൊവിഡ് ബാധിതര്‍ വര്‍ധിച്ചതിനെ തുടര്‍ന്ന് എട്ടു ദിവസം മുമ്പാണ് പ്രദേശത്ത് അധികൃതര്‍ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തിയത്. അതേസമയം ഷ്യാന്‍ പ്രവിശ്യയിലെ ജനങ്ങള്‍ക്ക് മതിയായ ഭക്ഷ്യസാധനങ്ങള്‍ എത്തിച്ചതായി ചൈനീസ് വാണിജ്യ മന്ത്രാലയം വ്യക്തമാക്കി. സംഭവം വിവാദമായതിനു പിന്നാലെ ലോക്ക്ഡൗണ്‍ പ്രദേശങ്ങളില്‍ വിതരണം ചെയ്യാനുള്ള മുട്ട, മാംസം, പച്ചക്കറി തുടങ്ങിയ ഭക്ഷ്യവസ്തുക്കള്‍ തൊഴിലാളികള്‍ പ്ലാസ്റ്റിക് ബാഗുകളില്‍ നിറയ്ക്കുന്ന ദൃശ്യങ്ങള്‍ ചൈനീസ് ദേശീയ ടി.വി പുറത്തുവിട്ടു.
ഇന്നലെ മാത്രം ഷ്യാന്‍ പ്രവിശ്യയില്‍ 155 പുതിയ കൊവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്.
ഇതോടെ പ്രദേശത്ത് ഈ മാസം ഒമ്പത് മുതല്‍ കൊവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 1,100 ആയി. പ്രാഥമിക ഘട്ടത്തില്‍ രോഗബാധിതരെ കണ്ടെത്തുന്നതിന് അധികൃതര്‍ മേഖലയില്‍ പരിശോധന കര്‍ശനമാക്കിയിട്ടുണ്ട്. കൊവിഡ് പരിശോധനയുടെ ആറാം ഘട്ടത്തിന് ഇന്നലെ തുടക്കംകുറിച്ചിരുന്നു. ലോക്ക്ഡൗണ്‍ നിലനില്‍ക്കുന്നതിനാല്‍ കൊവിഡ് പരിശോധനയ്ക്കു വേണ്ടിയോ പ്രാദേശിക ഭരണകൂടം അംഗീകരിച്ച പരിപാടികളില്‍ പങ്കെടുക്കുന്നതിനായോ മാത്രമേ പ്രദേശവാസികള്‍ക്ക് പുറത്തിറങ്ങാനാവൂ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."