ബീഹാറിലെ എന്‍.ഡി.എയുടെ ഏക മുസ്ലിം എം.പി മുന്നണി വിട്ടു; ഇനി ആര്‍.ജെ.ഡിയില്‍ പ്രവര്‍ത്തിക്കും
ബീഹാറിലെ എന്‍.ഡി.എ മുന്നണിയിലെ ഏക മുസ്ലിം എം.പി ഇന്‍ഡ്യ സഖ്യത്തോടൊപ്പം ചേര്‍ന്നു. ലോക്ജനശക്തി(എല്‍.ജെ.പി) നേതാവും മുന്‍ ബിഹാര്‍ മന്ത്രിയുമായ ചൗധരി മെഹബൂബ് അലി കൈസര്‍ ആണ് പാര്‍ട്ടി വിട്ട് ആര്‍.ജെ.ഡിയില്‍ ചേര്‍ന്നത്. എല്‍.ജെ.പിയിലെ പിളര്‍പ്പില്‍ മുന്‍ കേന്ദ്രമന്ത്രി പശുപതി കുമാര്‍ പരസ് പക്ഷത്തിനൊപ്പം നിലയുറപ്പിച്ച നേതാവാണ് കൈസര്‍. എന്നാല്‍, ഇത്തവണ ലോക്സഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായി മറുവിഭാഗം നേതാവ് ചിരാഗ് പാസ്വാനുമായി അനുനയശ്രമങ്ങള്‍ നടത്തിയിരുന്നെങ്കിലും സീറ്റ് ലഭിച്ചില്ല. ഇതും കൂടുമാറ്റത്തിലേക്കു നയിച്ച പ്രധാന ഘടകമാണ്. പാട്നയില്‍ നടന്ന തെരഞ്ഞെടുപ്പ് റാലിയില്‍ തേജസ്വി യാദവ് തന്നെയാണ് മെഹബൂബ് അലി കൈസറിനെ പാര്‍ട്ടി അംഗത്വം നല്‍കി സ്വീകരിച്ചത്.
ആര്‍.ജെ.ഡി ആചാര്യന്‍ ലാലു പ്രസാദ് യാദവുമായി കൂടിക്കാഴ്ച നടത്തിയ ശേഷമാണ് കൈസര്‍ പാര്‍ട്ടിയില്‍ ചേരാന്‍ തീരുമാനിച്ചത്. കൈസറിന്റെ അനുഭവസമ്പത്ത് പാര്‍ട്ടിക്കു ഗുണമാകുമെന്ന് തേജസ്വി പറഞ്ഞു. മുന്‍ ബീഹാര്‍ മന്ത്രി അന്തരിച്ച ചൗധരി സലാഹുദ്ദീന്റെ മകനാണ് മെഹബൂബ് അലി കൈസര്‍. പഴയ രാജഭരണ പ്രദേശമായ സിമ്രി ബക്തിയാര്‍പൂരിലെ മുന്‍ ഭരണാധികാരി നവാബ് നസീറുല്‍ ഹസന്റെ പേരമകന്‍ കൂടിയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."