ആദ്യമായി ഹിന്ദി റേഡിയോ പ്രക്ഷേപണം ആരംഭിച്ച് കുവൈത്ത്
കുവൈത്ത് സിറ്റി: കുവൈത്തില്‍ ആദ്യമായി ഹിന്ദി റേഡിയോ പ്രക്ഷേപണം ആരംഭിച്ചു. FM 93.3, AM 96.3 എന്നീ കുവൈത്ത് റേഡിയോയില്‍ എല്ലാ ഞായറാഴ്ചയും രാത്രി 8:30 മുതല്‍ 9:00 വരെയാണ് പരിപാടി. ഏപ്രില്‍ 21 മുതലാണ് ഹിന്ദി സംപ്രേക്ഷണം തുടങ്ങിയത്.
കുവൈത്ത് റേഡിയോയില്‍ ഹിന്ദി റേഡിയോ പ്രക്ഷേപണം ആരംഭിച്ച കുവൈത്ത് ഇന്‍ഫോര്‍മേഷന്‍ മന്ത്രാലയത്തെ ഇന്ത്യന്‍ എംബസി അഭിനന്ദിച്ചു. ഈ നടപടി ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതല്‍ ശക്തിപ്പെടുത്തുമെന്നാണ് കുവൈത്തിലെ ഇന്ത്യന്‍ എംബസിയുടെ അഭിപ്രായം.
രാജ്യത്ത് ഏകദേശം 10 ലക്ഷം വരുന്ന ഇന്ത്യക്കാര്‍ കുവൈത്തിലെ ഏറ്റവും വലിയ പ്രവാസി സമൂഹമാണ്. എഞ്ചിനീയര്‍മാര്‍, ഡോക്ടര്‍മാര്‍, ചാര്‍ട്ടേഡ് അക്കൗണ്ടന്റുമാര്‍, ശാസ്ത്രജ്ഞര്‍, സോഫ്റ്റ് വെയര്‍ വിദഗ്ധര്‍, മാനേജ്‌മെന്റ് കണ്‍സള്‍ട്ടന്റുകള്‍, ആര്‍ക്കിടെക്റ്റുകള്‍, ടെക്‌നീഷ്യന്‍മാര്‍, നഴ്‌സുമാര്‍, ചില്ലറ വ്യാപാരികള്‍, ബിസിനസുകാര്‍ തുടങ്ങിയ പ്രൊഫഷണലുകള്‍ ഇന്ത്യന്‍ പ്രവാസികളുടെ കൂട്ടത്തിലുണ്ട്.
കുവൈത്തിലെ പ്രാദേശിക വിപണിയില്‍, പ്രത്യേകിച്ച് റീട്ടെയില്‍ വിതരണ മേഖലകളില്‍ ഇന്ത്യന്‍ ബിസിനസ്സ് സമൂഹത്തിന്റെ വലിയ സാന്നിധ്യമുണ്ട്. ചരിത്രപരമായി ഇന്ത്യ കുവൈത്തിന്റെ പ്രധാന വ്യാപാര പങ്കാളിയാണ്. 1961 വരെ ഇന്ത്യന്‍ രൂപ കുവൈത്തില്‍ നിയമവിധേയമായിരുന്നു. 2021-22 വര്‍ഷത്തില്‍ ഇരു രാജ്യങ്ങളും നയതന്ത്ര ബന്ധത്തിന്റെ 60-ാം വാര്‍ഷികം ആചരിച്ചിരുന്നു.
ഏപ്രില്‍ 17 ന് കുവൈത്തിലെ ഇന്ത്യന്‍ അംബാസഡര്‍ ആദര്‍ശ് സൈ്വക കുവൈത്ത് ഉപപ്രധാനമന്ത്രി, പ്രതിരോധ മന്ത്രി, ആക്ടിങ്ആഭ്യന്തര മന്ത്രി ഷെയ്ഖ് ഫഹദ് അല്‍ യൂസഫ് അസ്സബാഹുമായി കൂടിക്കാഴ്ച നടത്തി. ഇന്ത്യന്‍ സമൂഹത്തിനുള്ളിലെ സമീപകാല സംഭവവികാസങ്ങളെക്കുറിച്ചും അംബാസഡര്‍ സൈ്വക അദ്ദേഹത്തോട് വിശദീകരിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."