ജീവനെടുക്കുന്ന നൈട്രജന്‍ സ്‌മോക്ക് ബിസ്‌കറ്റുകള്‍ക്കെതിരേ മുന്നറിയിപ്പുമായി ആരോഗ്യവകുപ്പ്
ചെന്നൈ: കുട്ടികളെയും മുതിര്‍ന്നവരെയും ഒരുപോലെ കൊതിപ്പിക്കുന്നതാണ് സ്മോക്ക് ബിസ്‌ക്കറ്റുകള്‍. വായില്‍വയ്ക്കുമ്പോള്‍ പുകവരുന്ന സ്‌മോക്ക് ബിസ്‌ക്കറ്റുകള്‍ നിരോധിക്കാനൊരുങ്ങി തമിഴ്‌നാട്. ഇത് മനുഷ്യജീവനു തന്നെ ഭീഷണിയാകുമെന്ന മുന്നറിയിപ്പാണ് തമിഴ്‌നാട് ആരോഗ്യവകുപ്പ് നല്‍കിയിരിക്കുന്നത്. കുട്ടികള്‍ ഇത് കഴിക്കുന്നത് ജീവന്‍ അപകടത്തിലാകാന്‍ കാരണമാകുമെന്നും ആരോഗ്യവിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. സ്‌മോക്ക് ബിസ്‌ക്കറ്റുകള്‍ക്ക് പുറമെ നൈട്രജന്‍ ഐസ് കലര്‍ന്ന ഭക്ഷണങ്ങളും വില്‍ക്കാന്‍ പാടില്ലെന്ന നിര്‍ദേശവും ആരോഗ്യവകുപ്പ് നല്‍കി.
ശാരീരത്തിലെ കോശങ്ങളെ മരവിപ്പിക്കുകയും അന്നനാളത്തെയും ശ്വാസനാളത്തെയും ഗുരുതരമായി ഇത് ബാധിക്കുകയും ചെയ്യുമെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് സ്മോക്ക് ബിസ്‌ക്കറ്റുകള്‍ ഉപയോഗിക്കുന്നതിന് വിലക്കേര്‍പ്പെടുത്തിയത്. ഭക്ഷണത്തില്‍ ഡ്രൈ ഐസ്‌ക്രീം ഉപയോഗിക്കുന്നവര്‍ക്ക് 10 വര്‍ഷം തടവും 10 ലക്ഷം രൂപ പിഴയും ശിക്ഷ നല്‍കുമെന്നും ഭക്ഷ്യ സുരക്ഷാ വകുപ്പ് അറിയിച്ചു. സ്മോക്ക് ബിസ്‌ക്കറ്റുകള്‍ നിര്‍മിക്കുന്നയിടങ്ങളില്‍ പരിശോധന നടത്താന്‍ തീരുമാനിച്ചു. തുടര്‍ന്ന് നിരോധനം ഏര്‍പ്പെടുത്താനാണ് ആരോഗ്യവകുപ്പിന്റെ തീരുമാനം.
ലബോറട്ടറികളിലെ തണുത്ത അന്തരീക്ഷത്തില്‍ വസ്തുക്കള്‍ പ്രൊസസ് ചെയ്‌തെടുക്കുന്നതിനു വേണ്ടി ഉപയോഗിക്കുന്ന ഇത്തരം വസ്തുക്കള്‍ ആളുകളെ ആകര്‍ഷിക്കാന്‍ സ്മോക്ക് ബിസ്‌ക്കറ്റുകള്‍, സ്‌മോക്കിങ് പാനുകള്‍ തുടങ്ങിയ പേരുകളില്‍ വില്‍ക്കുകയാണ്. നൈട്രജന്‍ സ്മോക്ക് ബിസ്‌ക്കറ്റുകള്‍ കഴിച്ചതിനു ശേഷം കടുത്ത വേദന അനുഭവിക്കുന്ന കുട്ടിയുടെ വിഡിയോ പുറത്തുവന്നതിനു ശേഷമാണ് തമിഴ്നാട് മുന്നറിയിപ്പ് നല്‍കിയത്.
പ്രദേശത്തു നടന്ന ഒരു പരിപാടിയില്‍ കുട്ടി ഇത് കഴിക്കുകയും ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയുമായിരുന്നു. പിന്നീട് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയിലിരിക്കെ കുട്ടി മരിക്കുകയും ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."