മാലിക്കിന്റെ കുട വാങ്ങൂ; അതിജീവനത്തിന് തണലാകാം
കോഴിക്കോട്: ശരീരം തളര്‍ന്നിട്ടും തളരാത്ത മനസുമായി ജീവിതത്തില്‍ വര്‍ണം നിറയ്ക്കാന്‍ പലവര്‍ണത്തിലുള്ള കുടകള്‍ നിര്‍മിക്കുകയാണ് പെരുവയല്‍ സ്വദേശി മാലിക്ക്. പ്രവാസിയായിരുന്ന മാലിക്ക് സുഹൃത്തുക്കളോടൊപ്പം ഉംറക്ക് പോയി തിരിച്ചുവരുന്ന വഴിയില്‍ വാഹനാപകടത്തില്‍ പെടുകയായിരുന്നു. നട്ടെല്ലിന് ക്ഷതമേല്‍ക്കുകയും ശരീരം തളര്‍ന്നുപോകുകയും ചെയ്തെങ്കിലും മാലിക്കിന്റെ മനസിനെ തളര്‍ത്താന്‍ അപകടങ്ങള്‍ക്കായില്ല.
ജീവിതം വീല്‍ചെയറിലേക്ക് മാറിയെങ്കിലും തന്നാലാവുന്ന പണി ചെയ്ത് ജീവിതം കെട്ടിപ്പടുക്കാന്‍ ശ്രമം തുടങ്ങി.
ഭിന്നശേഷിക്കാരനായതുകൊണ്ട് സര്‍ക്കാര്‍ നല്‍കുന്ന പെന്‍ഷനല്ലാതെ മറ്റോരു വരുമാനമാര്‍ഗവുമില്ലാത്ത മാലിക്ക് ഉപജീവനത്തിനായാണ് കുട നിര്‍മാണമാരംഭിച്ചത്. പെരുവയല്‍ ഗ്രാമപഞ്ചായത്ത് സംഘടിപ്പിച്ച കുട നിര്‍മാണ ക്യാംപില്‍ പങ്കെടുത്ത് കുടനിര്‍മാണത്തില്‍ പരിശീലനം നേടി. തന്നെ ആശ്രയിച്ചുകഴിയുന്ന കുടുംബത്തിന് താങ്ങാവാന്‍ ദിവസം മണിക്കൂറുകള്‍ ചെലവഴിച്ച് പല രീതിയിലും വലിപ്പത്തിലും വര്‍ണത്തിലുള്ള മനോഹരമായ കുടകള്‍ നിര്‍മിക്കാന്‍ മാലിക്കിന് കഴിയുന്നുണ്ട്.
കുട്ടികള്‍ക്കുള്ള കുടകളും വിവിധ മടക്കുകളുള്ള കുടകളും ഉള്‍പ്പെടെ വിവിധതരം കുടകള്‍ നിര്‍മിക്കുന്നു. മാലിക്കിന്റെ ജീവിതത്തില്‍ വര്‍ണം നിറക്കാന്‍ ആ കുടകള്‍ക്ക് കഴിയുന്നുണ്ട്. ഗുണമേന്മയില്‍ മികച്ചതാണ് മാലിക്കിന്റെ കുടകള്‍. പുറത്തുനിന്നും ആവശ്യമായ സാധനങ്ങള്‍ വരുത്തി വീട്ടില്‍ നിന്നാണ് നിര്‍മാണം. സഹായത്തിനായി ഭാര്യയും ആത്മവിശ്വാസം പകര്‍ന്ന് മാതാവും കൂടെയുണ്ട്. മിതമായ നിരക്കില്‍ അതിമനോഹരമായ കുടകള്‍ ആളുകളുടെ ആവശ്യപ്രകാരം നിര്‍മിച്ച് നല്‍കും. നേരിട്ടോ കൊറിയര്‍ വഴിയോ കുടകള്‍ വാങ്ങാവുന്നതാണ്.
മഴയും വെയിലും മാറിമാറി വരുമെങ്കിലും ഒരു കുട കൈയിലുള്ളത് നല്ലതാണ്. അതിനായി പ്രമുഖ ബ്രാന്റുകളെ തേടിപോകാതെ അതിജീവനത്തിനായി പോരാടുന്നവരെ ചേര്‍ത്ത് പിടിക്കാം. മഴക്കാലവും സ്‌കൂളുകളും തുറക്കുന്നത് മൂലം കുടകള്‍ക്ക് ആവശ്യക്കാരേറും എന്ന പ്രതീക്ഷയിലാണ് മാലിക്ക്. വാട്സ്ആപ്പ് വഴി ബന്ധപ്പെട്ടാല്‍ ഏത് ജില്ലയിലെ ആവശ്യക്കാര്‍ക്കും കുടകള്‍ എത്തിക്കാന്‍ തയാറാണെന്നും മാലിക്ക് പറഞ്ഞു. കുടകള്‍ ആവശ്യമുള്ളവര്‍ക്ക് 8907236410 എന്ന നമ്പറില്‍ ബന്ധപ്പെടാം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."