സന്ദേശ്ഖലി പീഡനക്കേസ് ബി.ജെ.പി കെട്ടിച്ചമച്ചതെന്ന് ഇരകള്‍; കേസ് പിന്‍വലിച്ചു
കൊല്‍ക്കത്ത: പശ്ചിമബംഗാളിലെ സന്ദേശ്ഖലി പീഡനക്കേസ് വ്യാജമെന്ന് വെളിപ്പെടുത്തല്‍. പരാതിക്കാരിയായ യുവതി തന്നെയാണ് സംഭവം കെട്ടിച്ചമച്ചതാണെന്ന് വെളിപ്പെടുത്തി രംഗത്തെത്തിയത്. തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കളുടെ പേരിലുള്ള ബലാത്സംഗക്കേസ് പരാതിക്കാരി പിന്‍വലിക്കുകയും ചെയ്തു.
തന്നെ തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കള്‍ പീഡിപ്പിച്ചിട്ടില്ലെന്നും ബിജെപി നേതാക്കള്‍ വെള്ളക്കടലാസില്‍ തന്റെ ഒപ്പിട്ട് വാങ്ങിയശേഷം പരാതി കെട്ടിച്ചമയ്ക്കുകയായിരുന്നെന്നും യുവതി വെളിപ്പെടുത്തുന്ന വീഡിയോ പുറത്തുവന്നിട്ടുണ്ട്. സന്ദേശ്ഖലിയില്‍ ബലാത്സംഗമോ ലൈംഗികാതിക്രമമോ നടന്നിട്ടില്ലെന്നും അധികാരിയുടെ നിര്‍ദേശപ്രകാരമാണ് സ്ത്രീകള്‍ പരാതികള്‍ നല്‍കിയതെന്നുമുള്ള ബിജെപി നേതാവ് ഗംഗാധര്‍ കോയലിന്റെ വീഡിയോ പുറത്തുവന്നിരുന്നു. ഇതിനു പിന്നാലെയാണ് പുതിയ വഴിത്തിരിവ്.
'ബിജെപിയുടെ പ്രാദേശിക വനിതാ നേതാവ് പിയാലി ദാസും പ്രവര്‍ത്തകരും വീട്ടിലെത്തി എന്നോട് വെള്ളപ്പേപ്പറില്‍ ഒപ്പിടാന്‍ പറഞ്ഞു. പിന്നാലെ പൊലിസ് സ്റ്റേഷനിലെത്തിച്ച് പരാതി കൊടുപ്പിക്കുകയായിരുന്നു. ബലാത്സംഗം ചെയ്തതായി ആരോപിക്കുന്ന സ്ത്രീകളുടെ പട്ടികയില്‍ ഞാനും ഉണ്ടെന്ന് പിന്നീടാണ് അറിയുന്നത്. വനിതാ നേതാവിനെതിരേ നടപടിയെടുക്കണം.' യുവതി വീഡിയോയില്‍ പറയുന്നു.
പിയാലി ആസൂത്രണംചെയ്ത പദ്ധതിയില്‍ തങ്ങളും ഇരകളായതാണെന്ന് കേസിലെ പരാതിക്കാരായ മറ്റു രണ്ട് യുവതികളും പറഞ്ഞു. പിയാലിക്കെതിരേ രംഗത്തുവന്നതിന് ഭീഷണികള്‍ നേരിടുന്നുണ്ടെന്നും യുവതികള്‍ പറഞ്ഞു.
ബംഗാളിലെ നോര്‍ത്ത് 24 പര്‍ഗാനാസ് ജില്ലയിലാണ് സന്ദേശ്ഖലി. തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് ഷാജഹാന്‍ ഷെയ്ഖും അനുയായികളും തങ്ങളെ ബലാത്സംഗം ചെയ്തതായി ആരോപിച്ച് സന്ദേശ്ഖലിയിലെ സ്ത്രീകള്‍ രംഗത്തെത്തിയതാണ് സംഭവങ്ങളുടെ തുടക്കം. ഇത് വലിയ ചര്‍ച്ചകള്‍ക്കും വിവാദങ്ങള്‍ക്കും കാരണമായി. ഷാജഹാന്‍ ഷെയ്ഖിനെ ആദ്യം പിന്തുണച്ച തൃണമൂല്‍ കോണ്‍ഗ്രസ് പിന്നീട് ശക്തമായ പ്രതിഷേധത്തെ തുടര്‍ന്ന് അദ്ദേഹത്തിനെതിരെ നടപടിയെടുക്കുന്ന സ്ഥിതിയുമുണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."