നഗരത്തിലും സമീപപ്രദേശങ്ങളിലും മോഷണ പരമ്പര
പെരഡാല ഉദിനീശ്വര ക്ഷേത്രത്തില്‍ ഓടിളക്കി ആറു ഭണ്ഡാരങ്ങള്‍ കവര്‍ന്നു
ബേനൂരില്‍ വീടു കുത്തിത്തുറന്ന് അഞ്ചു പവന് കവര്‍ന്നു
കുഡ്ലുവില് പോസ്റ്റോഫീസിലും ആശുപത്രിയിലും മോഷണശ്രമം
കാസര്‍കോട്: നഗരത്തിലും സമീപപ്രദേശങ്ങളിലും കവര്‍ച്ചയും മോഷണശ്രമവും അരങ്ങേറി. വിദ്യാനഗര്‍ ബേനൂരില്‍ വീടു കുത്തിത്തുറന്ന് അഞ്ചു പവന് സ്വര്‍ണ്ണവും പണവും കവര്‍ച്ച നടത്തി.
ബദിയടുക്കക്കു സമീപം പെരഡാല ഉദിനീശ്വര ക്ഷേത്രത്തില്‍ ഓടിളക്കി അകത്തു കടന്ന സംഘം ആറു ഭണ്ഡാരങ്ങള്‍ കുത്തിത്തുറന്ന് കവര്‍ച്ച നടത്തി. കുഡ്ലുവില് പോസ്റ്റോഫീസിലും ആയുര്‍വേദ ഡിസ്പെന്‍സറിയിലും കവര്‍ച്ചാശ്രമം നടന്നു. സംഭവങ്ങള്‍ സംബന്ധിച്ച് പൊലിസ് അന്വേഷണം തുടങ്ങി.ബദിയടുക്ക: ബദിയടുക്കക്ക് സമീപം പെരഡാല ഉദിനീശ്വര ക്ഷേത്രത്തില്‍ ഓടിളക്കി മാറ്റിയാണ് കവര്‍ച്ച നടത്തിയത്. ക്ഷേത്രത്തിനകത്തെ ആറു ഭണ്ഡാരപ്പെട്ടികളിലെ പണം നഷ്ടപ്പെട്ടിട്ടുണ്ട്. ഇന്നലെ പുലര്‍ച്ചെ അഞ്ചരയോടെ ക്ഷേത്ര പൂജാരി എത്തിയപ്പോഴാണ് ക്ഷേത്രത്തിനു പിറകു വശത്തെ ഓടുകള്‍ ഇളക്കി മാറ്റിയത് ശ്രദ്ധയില്‍പ്പെട്ടത്. അകത്ത് പരിശോധിച്ചപ്പോഴാണ് ഭണ്ഡാരപ്പെട്ടികള്‍ മോഷണം പോയതായി അറിയുന്നത്.
ശ്രീകോവിലിന് പുറത്തെ ചുറ്റമ്പലത്തിലുണ്ടായിരുന്ന ഭണ്ഡാരപ്പെട്ടികളാണ് മോഷണം പോയത്. ഭണ്ഡാരപ്പെട്ടികള്‍ ക്ഷേത്രത്തിന് സമീപത്തെ പറമ്പില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. ഭണ്ഡാരങ്ങള്‍ കുത്തിത്തുറന്ന് പണം കവര്‍ന്ന ശേഷമാണ് ഭണ്ഡാരങ്ങള്‍ ഉപേക്ഷിച്ചത്. ഞായറാഴ്ച്ച രാത്രി ഒന്‍പതു മണിക്കാണ് ചുറ്റമ്പലം അടച്ചത്. ക്ഷേത്ര ട്രസ്റ്റിമാരായ വെങ്കടകൃഷ്ണഭട്ട്, പി.ജി ചന്ദ്രഹാസ റൈ എന്നിവര്‍ നല്കിയ പരാതിയില്‍ ബദിയടുക്ക പൊലിസ് അന്വേഷണം ആരംഭിച്ചു. വിരലടയാള വിദഗ്ധര്‍ ഉച്ചയോടെ ക്ഷേത്രത്തിലെത്തി പരിശോധന നടത്തി.
വിദ്യാനഗര്‍: ബേനൂരില്‍ വീടു കുത്തിത്തുറന്ന് സ്വര്‍ണ്ണവും പണവും കവര്‍ന്നു. ബേനൂര്‍ കുണ്ടടുക്കയിലെ മുഹമ്മദ് കുഞ്ഞിയുടെ വീട്ടിലാണ് കവര്‍ച്ച നടന്നത്. അലമാരയില്‍ സൂക്ഷിച്ചിരുന്ന അഞ്ചു പവന് സ്വര്‍ണ്ണവും 3000 രൂപയും 250 യു.എ.ഇ ദിര്‍ഹവുമാണ് കവര്‍ന്നത്.
ഞായറാഴ്ച്ച ഉച്ചയോടെ വീട്ടുകാര്‍ വീടുപൂട്ടി ബന്ധുവീട്ടില്‍ പോയതായിരുന്നു. രാത്രി എട്ടുമണിയോടെ തിരിച്ചെത്തിയപ്പോഴാണ് കവര്‍ച്ച നടന്ന വിവരം അറിയുന്നത്. വീടിന്റെ അടുക്കളഭാഗത്തെ ഗ്രില്‍സ് തകര്‍ത്താണ് മോഷ്ടാക്കള്‍ വീടിനകത്ത് കയറിയത്. വിദ്യാനഗര്‍ എസ്.ഐ അജിത് കുമാറിന്റെ നേതൃത്വത്തിലുള്ള പൊലിസ് സംഘം സ്ഥലത്തെത്തി അന്വേഷണം തുടങ്ങി.കുഡ്ലു: കുഡ്ലുവില് പോസ്റ്റ് ഓഫിസിലും ആയുര്‍വേദ ഡിസ്പെന്‍സറിയിലും കവര്‍ച്ചാശ്രമം. ആര്.ഡി നഗറില്‍ പ്രവര്‍ത്തിക്കുന്ന പോസ്റ്റോഫിസില്‍ കവര്‍ച്ചാശ്രമം നടന്ന വിവരം ഇന്നലെ കാലത്താണ് പുറത്തറിയുന്നത്. പോസ്റ്റോഫിസിന്റെ വാതില്‍ പൊളിച്ച നിലയിലാണ്. പോസ്റ്റുമാസ്റ്റര്‍ കെ.കസ്തൂരി നല്കിയ പരാതിയെ തുടര്‍ന്ന് കാസര്‍കോട് ടൗണ്‍ പൊലിസ് അന്വേഷണം തുടങ്ങി.കുഡ്ലു ആയുര്‍വേദ ആശുപത്രിയുടെ മുന്‍ഭാഗം തകര്‍ത്ത നിലയിലാണ്. ഇന്നലെ രാവിലെ ആശുപത്രിയിലെത്തിയ ജീവനക്കാരാണ് കവര്‍ച്ചാ ശ്രമത്തിന്റെ വിവരം അറിയുന്നത്. ഡോക്ടര്‍ ഗീത നല്കിയ പരാതിയില്‍ കാസര്‍കോട് ടൗണ്‍ പൊലിസ് അന്വേഷണം തുടങ്ങി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."