പായതുരുത്ത് തൂക്കുപാലം അപകടാവസ്ഥയില്‍
മാള: കുണ്ടൂര്‍ പായതുരുത്ത് തൂക്കുപാലം അപകടാവസ്ഥയില്‍. ഒരു വര്‍ഷത്തിലേറെയായി തൂക്കുപാലത്തിലൂടെയുള്ള യാത്ര ജീവന്‍ പണയം വച്ചെന്ന പോലെയാണ്. തൂക്കുപാലം നിര്‍മിച്ചതിന് ശേഷം ഇന്നേ വരെ ബന്ധപ്പെട്ട ആരുംതന്നെ തിരിഞ്ഞ് നോക്കാത്തതിനാല്‍ പാലം അപകട ഭീഷണി സൃഷ്ടിക്കുകയാണ്. തൂക്കുപാലങ്ങള്‍ രണ്ടു വര്‍ഷം കൂടുമ്പോഴെങ്കിലും അറ്റകുറ്റ പണികള്‍ ചെയ്യുകയും പെയിന്റ് ചെയ്യുകയും ചെയ്യേണ്ടതാണെങ്കിലും ഈ തൂക്കുപാലം നിര്‍മാണം കഴിഞ്ഞ് നാലു വര്‍ഷവും നാലു മാസവും പിന്നിട്ടിട്ടും ഒരിക്കല്‍ പോലും അറ്റകുറ്റ പണികളും പെയിന്റിങും നടത്തിയിട്ടില്ല.
2012 ഏപ്രില്‍ രണ്ടാം തിയ്യതിയാണ് നിര്‍മാണം പൂര്‍ത്തീകരിച്ച തൂക്കുപാലം ഉദ്ഘാടനം ചെയ്തത്. പൊതുമേഖലാ സ്ഥാപനമായ കൊച്ചി മാമലയിലെ കേരള ഇലക്ട്രിക്കല്‍ ആന്‍ഡ് അല്ലീഡ് എന്‍ജിനീയറിങ് കമ്പനി ലിമിറ്റഡാണ് തൂക്കുപാലം നിര്‍മിച്ചത്. ഓരോ തൂക്കുപാലവും നിര്‍മാണം കഴിഞ്ഞ ശേഷം ജില്ലാ ഭരണ കൂടത്തിനാണ് കമ്പനി ഇവ കൈമാറുന്നത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ജില്ലാ കലക്ടറുമായോ എ.ഡി.എമ്മുമായോ ബന്ധപ്പെട്ടാല്‍ ഇവയുടെ അറ്റകുറ്റ പണികള്‍ക്കായുള്ള അനുമതി ലഭിക്കും. അതേ സമയം തൂക്കുപാലം നിര്‍മാണം നടത്തിയ കെല്‍ തന്നെ രണ്ടു വര്‍ഷം മുന്‍പ് കുഴൂര്‍ ഗ്രാമപഞ്ചായത്തിന് ഇതുമായി ബന്ധപ്പെട്ട് കത്ത് നല്‍കിയിരുന്നെങ്കിലും ആ കത്തിന്‍മേല്‍ ഇന്നേവരെ യാതൊരു നീക്കവും ഉണ്ടായിട്ടില്ല. തൂക്കുപാലത്തിലൂടെ ബൈക്ക് ഓടിക്കരുതെന്ന് നിര്‍ദേശമുണ്ടെങ്കിലും അത് പാലിക്കപ്പെടുന്നില്ല.
ബൈക്ക് കയറ്റാതിരിക്കാന്‍ തടസ്സം വച്ചെങ്കിലും അവ മാറ്റപ്പെട്ടു. അറ്റകുറ്റ പണിയോ പെയിന്റിങോ നടത്താത്തത് കാരണം തൂക്കുപാലം അപകടാവസ്ത്ഥയിലായിരിക്കുകയാണ്. മഴയും മഞ്ഞും വെയിലുമേറ്റ് തൂക്കുപാലത്തിന്റെ പല ഭാഗങ്ങളും നശിച്ചു കൊണ്ടിരിക്കയാണ്. സംരക്ഷണ മറയുടെ ഭാഗങ്ങള്‍ തുരുമ്പെടുത്ത് നശിച്ചിട്ടുണ്ട്. സംരക്ഷണ മറ താങ്ങി നിര്‍ത്തുന്ന ഇരുമ്പ് പൈപ്പുകളില്‍ പലതും ബന്ധം വേര്‍പ്പെട്ട നിലയിലാണ്. ഇതുമായി ബന്ധപ്പെട്ട ഇരുമ്പ് പട്ടകളില്‍ പലതും തുരുമ്പെടുത്ത് ഒടിഞ്ഞ് പോയിട്ടുണ്ട്.
ഇതുമൂലം പല ഭാഗത്തും മറയില്ലാത്തത് പാലത്തിലൂടെ സഞ്ചരിക്കുന്നവര്‍ക്ക് ഭീഷണിയാണ്. ബാലന്‍സ് തെറ്റിയാല്‍ ഒരുപക്ഷേ പുഴയിലേക്ക് വീഴാവുന്ന അവസ്ഥയാണ്.
പ്ലാറ്റ് ഫോമിന്റെ ഭാഗവും തുരുമ്പെടുത്ത് നശിച്ചുകൊണ്ടിരിക്കയാണ്. ആളുകള്‍ തൂക്കുപാലത്തിലൂടെ സഞ്ചരിക്കുമ്പോ അതിശക്തമായ ആട്ടമാണ് പാലത്തില്‍ അനുഭവപ്പെടുന്നത്. വാര്‍ഷിക അറ്റകുറ്റ പണികള്‍ ചെയ്യാത്തതിനാലും പാലത്തിലൂടെ ബൈക്കുകള്‍ പോകുന്നതിനാലും നെട്ട് ബോള്‍ട്ടുകളില്‍ അയവ് വരുന്നതിനാലാണ് വലിയ തോതിലുള്ള ആട്ടം അനുഭവപ്പെടുന്നത്. പായ്തുരുത്തുകാര്‍ക്ക് കുണ്ടൂരിലെ പള്ളിയിലും വ്യാപാര സ്ഥാപനങ്ങളിലും പഞ്ചായത്ത് ഓഫിസടക്കമുള്ള വിവിധ സ്ഥാപനങ്ങളിലേക്കും എത്താനുള്ള ഏക മാര്‍ഗമാണിത്. കുഴൂര്‍ ഗ്രാമപഞ്ചായത്തിന്റെ 2016,17 വാര്‍ഷിക പദ്ധതിയില്‍ തൂക്കുപാലത്തിന്റെ അറ്റകുറ്റ പണികള്‍ക്കായി നാല് ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ടെങ്കിലും പഞ്ചായത്തിന് തൂക്കുപാലം വിട്ടു കിട്ടാത്തതിനാല്‍ സാങ്കേതിക തടസ്സം ഉണ്ടെന്നാണ് പഞ്ചായത്ത് അധികൃതര്‍ പറയുന്നത്.
എന്നാല്‍ ഗ്രാമപഞ്ചായത്ത് ജില്ലാ കലക്ടര്‍ക്ക് ഒരു കത്ത് നല്‍കിയാല്‍ പണികള്‍ ചെയ്യാനുള്ള അനുമതി പത്രം ജില്ലാ കലക്ടര്‍ നല്‍കുമെന്നാണ് കെല്‍ ഉദ്യോഗസ്ഥര്‍ പറയുന്നത്.
തൂക്കുപാലം പഞ്ചായത്തിന് വിട്ട് നല്‍കണമെന്നും അല്ലാത്തപക്ഷം അറ്റകുറ്റ പണികള്‍ നടത്തി ജനങ്ങളുടെ ദുരിതവും ആശങ്കയും അകറ്റാന്‍ ജില്ലാ ഭരണകൂടം തയാറാവണമെന്നും വാര്‍ഡംഗം മുഹമ്മദ് ഫൗസീര്‍ ആവശ്യപ്പെട്ടു. രണ്ട് വര്‍ഷം മുന്‍പ് കെല്‍ കത്ത് നല്‍കിയിട്ടും അതിന്‍മേല്‍ നടപടി സ്വീകരിക്കാത്ത ഗ്രാമപഞ്ചായത്ത് സമീപനം സംശയമുളവാക്കുന്നതാണെന്ന് ആക്ഷേപം ഉയരുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."