സംസ്ഥാനത്ത് ഇന്നും മഴ തുടരും; അഞ്ച് ജില്ലകളിൽ യെല്ലോ, മലങ്കര ഡാമിന്റെ ഷട്ടർ ഉയർത്തും
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും വ്യാപക മഴയ്ക്ക് സാധ്യത. അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. എറണാകുളം, ഇടുക്കി, മലപ്പുറം, കോഴിക്കോട് വയനാട് ജില്ലകളിലാണ് മഴ മുന്നറിയിപ്പുള്ളത്. ഇടിയോടും കാറ്റോടും കൂടിയ മഴയാണ് പ്രവചിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ ശക്തമായ മഴ ലഭിച്ച മലയോരമേഖലകളിൽ അതീവ ജാഗ്രത വേണമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ നിർദ്ദേശം. കേരളാ തീരത്ത് മത്സ്യബന്ധനത്തിന് വിലക്കുണ്ട്. മിക്ക ഇടത്തും ഉയർന്ന തിരമാലകൾക്ക് സാധ്യതയുണ്ട്.
കാലാവസ്ഥ വകുപ്പിന്റെ പുലർച്ചെ വന്ന മുന്നറിയിപ്പിൽ അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ എറണാകുളം, തൃശ്ശൂർ ജില്ലയിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ നേരിയതോ മിതമായതോ ആയ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ട്. കോട്ടയം, ഇടുക്കി ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ മിതമായ മഴ, തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
കേരളാ തീരത്ത് പടിഞ്ഞാറൻ കാറ്റ് ശക്തമാണ്. തെക്ക് - കിഴക്കൻ അറബിക്കടലിൽ കേരള തീരത്തിന് അരികെയായി ഒരു ചക്രവാതച്ചുഴിയും നിലനിൽക്കുന്നുണ്ട്. ഇതിന്റെ സ്വാധീനഫലമായാണ് കേരളത്തിൽ മഴ തുടരുന്നത്.
അതേസമയം, മലങ്കര ഡാമിന്റെ 4 ഷട്ടറുകൾ രണ്ട് മീറ്റർ വരെ ഉയർത്തും. പരമാവധി ജലനിരപ്പായ 41.50 മീറ്റർ എത്തുന്ന സാഹചര്യം ഉണ്ടായാൽ രണ്ടു മീറ്റർ വരെ ഷട്ടറുകൾ ഉയർത്താനാണ് അനുമതി ലഭിച്ചിരിക്കുന്നത്. തൊടുപുഴ, മൂവാറ്റുപുഴ നദികളുടെ തീരത്ത് താമസിക്കുന്നവർ ജാഗ്രത പുലർത്തണമെന്നും ജില്ലാ കളക്ടർ നിർദേശം നൽകി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."