മലബാറിലെ വിദ്യാഭ്യാസ പ്രതിസന്ധി; മുഖ്യമന്ത്രിക്ക് നിവേദനം നല്‍കി എസ്.കെ.എസ്.എസ്.എഫ്
തിരുവനന്തപുരം: മലബാര്‍ മേഖലയിലെ വിദ്യാഭ്യാസ പ്രതിസന്ധിക്ക് പരിഹാരം തേടി എസ്‌കെഎസ്എസ്എഫ് നേതാക്കള്‍ മുഖ്യമന്ത്രിയെ കണ്ടു. പ്ലസ് വണ്‍ സീറ്റുകളുടെ കുറവ് എത്രയും പെട്ടെന്ന് നികത്തണമെന്നും താല്‍ക്കാലികമായ മാര്‍ജിനല്‍ സീറ്റ് വര്‍ദ്ധനവിന് പകരം ആവശ്യമായ അത്രയും ബാച്ചുകള്‍ വര്‍ധിപ്പിക്കണമെന്നും നേതാക്കള്‍ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു.
ഇതോടൊപ്പം വിദ്യാഭ്യാസരംഗത്ത് മലബാര്‍ ജില്ലകള്‍ നേരിടുന്ന മറ്റ് പ്രതിസന്ധികളും മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തി. സയന്‍സ് വിഷയങ്ങളിലെ വൈവിധ്യമാര്‍ന്ന കോമ്പിനേഷനുകള്‍ മലബാര്‍ ജില്ലകളിലും ലഭ്യമാക്കുക, ഉന്നത വിദ്യാഭ്യാസ മേഖലകളില്‍ തൊഴില്‍ അധിഷ്ഠിതമായ പുതിയ ബിരുദ കോഴ്‌സുകള്‍ മലബാറിലെ ആര്‍ട്‌സ് ആന്റ് സയന്‍സ് കോളജുകളില്‍ ആരംഭിക്കാന്‍ നടപടി സ്വീകരിക്കുക, എല്ലാ സര്‍ക്കാര്‍ കോളജുകളിലും ഓണേഴ്‌സ് ബിരുദം ആരംഭിക്കുക, മലപ്പുറം ജില്ലയില്‍ സര്‍ക്കാര്‍ എഞ്ചിനിയിറിങ് കോളജ് തുടങ്ങുക, ഓപ്പണ്‍ സ്‌കൂള്‍ ഹെഡ്ക്വാര്‍ട്ടേഴ്‌സ് മലബാറില്‍ തിരികെ കൊണ്ടുവരാന്‍ നടപടി സ്വീകരിക്കുക, ശ്രീനാരായണ ഓപ്പണ്‍ സര്‍വകലാശാല ഫീസ് നിരക്ക് കുറയ്ക്കുക എന്നീ ആവശ്യങ്ങളും നേതാക്കള്‍ ഉന്നയിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി ഒ.പി അഷ്‌റഫ് കുറ്റിക്കടവ് നിവേദനം കൈമാറി. മലബാറിലെ പ്ലസ് ടു പ്രതിസന്ധി ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ പരിശോധിച്ച് ആവശ്യമായ പരിഹാരം കാണുമെന്നും വിദ്യാര്‍ത്ഥികള്‍ക്ക് പഠിക്കാനുള്ള അവസരം നഷ്ടമാകില്ലെന്നും മുഖ്യമന്ത്രി എസ്‌കെഎസ്എസ്എഫ് നേതാക്കളെ അറിയിച്ചു.
പ്രതിനിധി സംഘത്തില്‍ ട്രഷറര്‍ അയ്യൂബ് മുട്ടില്‍, സെക്രട്ടറി സി.ടി. ജലീല്‍. പട്ടര്‍കുളം, തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് ഡോ. ഷമീര്‍ ഹംസ, ജില്ലാ സെക്രട്ടറി അന്‍സിഫ് അലി തുടങ്ങിയവരും അംഗങ്ങളായിരുന്നു.
മലബാറിലെ വിദ്യാഭ്യാസ പ്രതിസന്ധിക്ക് ശാശ്വത പരിഹാരമുണ്ടാക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് നിവേദനം എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന ജനറല്‍ സെക്രട്ടറി ഒ.പി അഷ്‌റഫ് കുറ്റിക്കടവ് നിവേദനം നല്‍കുന്നു. ട്രഷറര്‍ അയ്യൂബ് മുട്ടില്‍, സെക്രട്ടറി സി.ടി. ജലീല്‍. പട്ടര്‍കുളം, തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് ഡോ. ഷമീര്‍ ഹംസ, ജില്ലാ സെക്രട്ടറി അന്‍സിഫ് അലി തുടങ്ങിയവര്‍ സമീപം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."