കോടതി 'തള്ളി'യവരെ ജനം ഏറ്റെടുത്തു; ചിത്രങ്ങള്‍ മാറ്റി വരച്ച മഹാരാഷ്ട്ര
സംഭവബഹുലമായിരുന്നു കഴിഞ്ഞ മഹാരാഷ്ട്രീയന്‍ ഭരണ കാലം. കൂടുമാറ്റങ്ങളും സഖ്യം ചേരലുകളും പിളര്‍പ്പുകളും. വെട്ടലും വെട്ടി വീഴ്ത്തലും കാലുവാരലും. കളിച്ച കളികളുടെ ബലത്തില്‍ എന്തൊക്കെ സംഭവിച്ചാലവും മറാത്ത മണ്ണ് കൈവിടില്ലെന്ന എന്‍.ഡി.യുടെ അഹങ്കാരത്തിനു മേല്‍ കൊടും വെട്ട് വെട്ടിയിരിക്കുകയാണ് മഹാ വികാസ് അഘാഡി സഖ്യം.
പാര്‍ട്ടിയുടെ പേരും ചിഹ്നവും വരെ നഷ്ടമായ സാഹചര്യത്തില്‍ നിന്നു കൊണ്ടാണ് ഉദ്ധവും ശരദ് പവാറും ഇത്തവണ തെരഞ്ഞെടുപ്പിനെ നേരിട്ടത്. തെരഞ്ഞെടുപ്പ് കമ്മീഷനും സുപ്രിം കോടതിയും പോലും തള്ളിയതാണ് ഇവരെ. യഥാര്‍ഥ ശിവസേനയും എന്‍സിപിയും തങ്ങളാണെന്ന് അവകാശമുന്നയിച്ച് തെരഞ്ഞെടുപ്പ് കമ്മീഷനെയും സുപ്രിം കോടതിയെയും സമീപിച്ച ഉദ്ധവിനും ശരദ് പവാറിനും തിരിച്ചടിയാണ് നേരിട്ടത്. എന്‍സിപിയുടെ ക്ലോക്ക് ചിഹ്നത്തില്‍ ഇക്കുറി അജിത് പവാര്‍ പക്ഷവും ശിവസേനയുടെ അമ്പും വില്ലും ചിഹ്നത്തില്‍ ഷിന്‍ഡെ പക്ഷവുമാണ് മത്സരിച്ചത്. ശരദ്പവാര്‍ വിഭാഗം എന്‍സിപിക്ക് ഇത്തവണ കാഹളം മുഴക്കുന്ന മനുഷ്യന്‍ ചിഹ്നത്തിലും ഉദ്ധവ് വിഭാഗം ശിവസേന ദീപശിഖ ചിഹ്നത്തിലുമാണ് മത്സരിച്ചത്.
എന്നാല്‍ ശിവസേനയെ പിളര്‍ത്തി എന്‍ഡിഎയ്ക്ക് ഒപ്പം പോയ ഏക്‌നാഥ് ഷിന്‍ഡെ വിഭാഗത്തെയും എന്‍സിപി പിളര്‍ത്തി എന്‍ഡിഎയില്‍ എത്തിയ അജിത് പവാര്‍ പക്ഷത്തെയും ജനം തള്ളിക്കളഞ്ഞു. ഇതോടെ മഹാരാഷ്ട്രയില്‍ യഥാര്‍ഥ ശിവസേനയും എന്‍സിപിയും തങ്ങളാണെന്നു തെളിയിച്ചിരിക്കുകയാണ് ഉദ്ധവും ശരദ് പവാറും.
സംസ്ഥാനത്തെ 48 മണ്ഡലങ്ങളിലെയും ഫലസൂചനകള്‍ ലഭ്യമാകുമ്പോള്‍ 29 സീറ്റുകളിലും 'ഇന്‍ഡ്യ' മുന്നണിയുടെ ഭാഗമായ മഹാ വികാസ് അഘാഡി സഖ്യം ലീഡ് ചെയ്യുകയാണ്. 18 സീറ്റുകളില്‍ മാത്രമാണ് എന്‍ഡിഎയ്ക്ക് ലീഡ് നിലനിര്‍ത്താനായത്. ഒരു സീറ്റില്‍ രണ്ടു മുന്നണികളെയും പിന്നിലാക്കി സ്വതന്ത്ര സ്ഥാനാര്‍ഥിയാണ് മുന്നിട്ടുനില്‍ക്കുന്നത്.
മഹാവികാസ് അഘാഡി സഖ്യത്തില്‍ കോണ്‍ഗ്രസ് 11 സീറ്റുകളില്‍ ലീഡ് ചെയ്യുമ്പോള്‍ ശിവസേന ഉദ്ധവ് താക്കറെ വിഭാഗം 10 സീറ്റുകളിലും എന്‍സിപി ശരദ് പവാര്‍ വിഭാഗം എട്ടു സീറ്റുകളിലും ലീഡ് ചെയ്യുന്നുണ്ട്. നിലനില്‍പ്പിന്റെ പോരാട്ടത്തില്‍ ഉദ്ധവും ശരദ് പവാറും കരുത്തുകാട്ടുന്ന ചിത്രമാണ് മഹാരാഷ്ട്രയില്‍ തെളിയുന്നത്. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ശ്രദ്ധേയ പ്രകടനം കാഴ്ചവയ്ക്കാനായതോടെ കൂറുമാറ്റ രാഷ്ട്രീയത്തിന് മറാത്ത മണ്ണില്‍ സ്ഥാനമില്ലെന്നും തങ്ങളുടെ സ്ഥാനം ജനഹൃദയങ്ങളിലാണെന്നും തെളിയിക്കാന്‍ ഇരുവര്‍ക്കും കഴിഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."