ഓടയില്‍ യുവാവിന്റെ മൃതദേഹം; ഹെല്‍മറ്റിട്ടിട്ടും തലയ്ക്ക് ഗുരുതരമായ പരുക്ക്
കോട്ടയം: പുതുപ്പള്ളി ചാലുങ്കല്‍പ്പടിയില്‍ യുവാവിന്റെ മൃതദേഹം ഓടയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹത ആരോപിച്ച് കുടുംബാംഗങ്ങള്‍. കുറിച്ചി ഇത്തിത്താനത്ത് ചേക്കേപ്പറമ്പില്‍ രഘൂത്തമന്റെ മകന്‍ വിഷ്ണു രാജിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
പരുമലയില്‍ ജോലിചെയ്യുകയായിരുന്ന വിഷ്ണുരാജിന്റെ മൃതദേഹം പുതുപ്പള്ളി ഭാഗത്ത് കണ്ടെത്തിയതില്‍ തന്നെ ദുരൂഹതയുണ്ടെന്നാണ് ബന്ധുക്കളുടെ ആരോപണം. ബൈക്കില്‍ സഞ്ചരിച്ചിരുന്ന വിഷ്ണു ഹെല്‍മെറ്റ് ധരിച്ചിട്ടുണ്ടായിരുന്നു. എന്നിട്ടും തലയ്ക്ക് ഗുരുതര പരുക്കേറ്റതും സംശയമുളവാക്കുന്നുവെന്ന് കുടുംബം പറയുന്നു.
പുലര്‍ച്ചെ നടക്കാന്‍ ഇറങ്ങിയവരാണു ചാലുങ്കല്‍പടിക്കും തറയില്‍പാലത്തിനും ഇടയില്‍ പലചരക്കുകടയുടെ സമീപത്ത് ബൈക്ക് മറിഞ്ഞുകിടക്കുന്നതു കാണുന്നത്. തുടര്‍ന്നു നടത്തിയ പരിശോധനയിലാണ് ഓടയില്‍ കമിഴ്ന്നു കിടക്കുന്ന നിലയില്‍ വിഷ്ണുവിന്റെ മൃതദേഹം കണ്ടെത്തിയത്. തുടര്‍ന്ന് നാട്ടുകാര്‍ കോട്ടയം ഈസ്റ്റ് പൊലീസില്‍ വിവരം അറിയിച്ചു. പൊലീസ് സംഘം സ്ഥലത്തെത്തി പരിശോധിക്കുന്നുണ്ട്. വിഷ്ണുരാജിന്റെ ബുള്ളറ്റിന്റെ പിന്‍ഭാഗത്ത് ക്രാഷ് ഗാര്‍ഡുകള്‍ ചളുങ്ങിയതായും കണ്ടെത്തിയിട്ടുണ്ട്.
മറ്റേതെങ്കിലും വാഹനം ഇടിച്ച് ഓടയില്‍ വീണതാണോയെന്നതും പരിശോധിക്കുമെന്ന് ഈസ്റ്റ് പൊലിസ് അറിയിച്ചു. തലക്കേറ്റ ഗുരുതരമായ പരുക്കാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. പുറമേക്ക് കാണാവുന്ന തരത്തില്‍ മുറിവുകളൊന്നുമില്ലെങ്കിലും തലയോട്ടി തകരുന്നതിന് കാരണമായ ക്ഷതം ഏറ്റിട്ടുള്ളതിനാല്‍ സംഭവത്തില്‍ കേസെടുത്ത് പൊലീസ് അന്വേഷണം ആരംഭിച്ചു. മൃതദേഹം ഇന്‍ക്വസ്റ്റും പോസ്റ്റുമോര്‍ട്ടവും അടക്കമുള്ള നടപടികള്‍ പൂര്‍ത്തിയാക്കി ബന്ധുക്കള്‍ക്ക് വിട്ടു നല്‍കുന്നതാണ്. മൃതദേഹം ഇന്ന് ഉച്ചക്ക് രണ്ട് മണിക്ക് സംസ്‌കരിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."