'തെരഞ്ഞെടുപ്പ് ഫലം വരും മുൻപേ എംപിയായ വിജയരാഘവൻ യഥാർത്ഥ ഫലം വന്നപ്പോൾ തോറ്റു'. പാലക്കാട്ടെ പാർട്ടി ഫ്ലക്സ് വീണ്ടും കുത്തിപ്പൊക്കി സോഷ്യൽ മീഡിയ
വോട്ടെടുപ്പ് ഫലം പുറത്തുവരും മുൻപേ എ വിജയരാഘവന് അഭിവാദ്യമർപ്പിച്ച് സ്ഥാപിച്ച പാർട്ടി ഫ്ലക്സ് വീണ്ടും കുത്തിപ്പൊക്കി സോഷ്യൽ മീഡിയ. പാലക്കാട് എടത്തനാട്ടുകര പൊൻപാറയിലെ ഫ്ലക്സായിരുന്നു അന്ന് ചർച്ചയായത്. 'പാലക്കാടിന്റെ നിയുക്ത എംപിക്ക് അഭിവാദ്യങ്ങൾ' എന്നാണ് ഫ്ലക്സ് ബോർഡിന്റെ ഉള്ളടക്കം. സിപിഐഎം പൊൻപാറ ബൂത്ത് 2,3 എന്നും ഫ്ലക്സിൽ നൽകിയിട്ടുണ്ട്. എന്നാൽ ഇപ്പോഴിതാ വിജയരാഘവൻ പാലക്കാട് വൻ തോൽവി ഏറ്റുവാങ്ങിയ തോടെ അന്ന് സിപിഎമ്മുകാർ വച്ച് ഫ്ലക്സ് വീണ്ടും കുത്തിപ്പൊക്കിയിരിക്കുകയാണ് സോഷ്യൽ മീഡിയ ട്രോളേഴ്സ്.
തെരഞ്ഞെടുപ്പ് ഫലം വരും മുൻപേ എംപിയായ വിജയരാഘവൻ യഥാർത്ഥ ഫലം വന്നപ്പോൾ തോറ്റത് കഷ്ടമായി എന്നാണ് സോഷ്യൽ മീഡിയ പറയുന്നത്. ഇലക്ഷനു ശേഷം തിരുവനന്തപുരത്ത് നടന്ന പാർട്ടി യോഗത്തിൽ കേരളത്തിൽ വിജയസാധ്യതയുള്ള 12 മണ്ഡലങ്ങളെ പരിഗണിച്ചപ്പോൾ പാലക്കാടും ഉൾപ്പെട്ടിരുന്നു.
ഇതിന്റെ പശ്ചാത്തലത്തിലാണ് അന്ന് അണികൾ ഫ്ലക്സ് തയ്യാറാക്കിയത്. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ ഫല പ്രഖ്യാപനത്തിന് മുൻപ് തന്നെ എംബി രാജേഷിന്റെ പേരിൽ ഗാനം ഇറക്കിയതും തെരഞ്ഞെടുപ്പ് ഫലം വന്നപ്പോൾ അദ്ദേഹം പരാജയപ്പെട്ടതും വൻതോതിൽ ചർച്ച ചെയ്യപ്പെട്ടിരുന്നു. അക്കൂട്ടത്തിൽ വിജയരാഘവനേയും ചേർത്തു വയ്ക്കുകയാണിപ്പോൾ സോഷ്യൽ മീഡിയ ട്രോൾ ഗ്രൂപ്പുകൾ. 'എന്നാലും വിജയേട്ടാ നിങ്ങൾക്ക് ഈ ഗതി വന്നല്ലോ', 'അല്ലേലും പാലക്കാട്ടെ അണികൾക്ക് ഇച്ചിരി ആവേശം കൂടുതലാ' തുടങ്ങി നീളുന്നു കമൻറുകൾ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."