ചേതനയറ്റ് പ്രിയപ്പെട്ടവർ കേരളത്തിൽ; കുവൈത്ത് ദുരന്തത്തിൽ മരിച്ചവരുടെ മൃതദേഹം വഹിച്ചുള്ള വിമാനം കൊച്ചിയിലെത്തി
കൊച്ചി: കുവൈത്തിൽ തീപിടുത്ത ദുരന്തത്തിൽ മരിച്ച 45 ഇന്ത്യക്കാരുടെ മൃതദേഹങ്ങളുമായുള്ള വ്യോമസേനയുടെ വിമാനം കൊച്ചി വിമാനത്താവളത്തിലെത്തി. രാവിലെ 10.35ഓടെ കൊച്ചി നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ വിമാനം ലാൻഡ് ചെയ്‌തു. മുഖ്യമന്ത്രി പിണറായി വിജയൻ, പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ, കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി, മന്ത്രിമാർ തുടങ്ങിയവർ വിമാനത്താവളത്തിൽ മൃതദേഹങ്ങൾ ഏറ്റുവാങ്ങും. മൃതദേഹങ്ങൾ ഏറ്റുവാങ്ങാൻ മരിച്ചവരുടെ കുടുംബാംഗങ്ങളും ബന്ധുക്കളും വിമാനത്താവളത്തിലെത്തിയിട്ടുണ്ട്.
ഇന്ത്യൻ സമയം 6.20-ഓടെയാണ് വിമാനം കുവൈത്തിൽ നിന്ന് പുറപ്പെട്ടത്. വ്യോമസേനയുടെ സി130 ജെ വിമാനത്തിലാണ് മൃതദേഹങ്ങൾ എത്തിച്ചത്. സംസ്ഥാന സർക്കാരിനെ പ്രതിനിധീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും എന്നിവർ നെടുമ്പാശ്ശേരിയിൽ ഉണ്ട്. ഉടൻ പുറത്തേക്ക് എത്തിക്കുന്ന മൃതദേഹങ്ങൾ നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ പ്രത്യേകം സജ്ജമാക്കിയ സ്ഥലത്ത് പൊതുദർശനമുണ്ടാകും. തുടർന്ന് ആംബുലൻസുകളിൽ മരിച്ചവരുടെ വീടുകളിൽ എത്തിക്കും.
വിമാനത്താവളത്തിൽ ഓരോ മൃതദേഹങ്ങളും പൊതുദർശനത്തിന് വെക്കുന്നതിനായി പ്രത്യേകം ടേബിളുകൾ സജ്ജീകരിച്ചിട്ടുണ്ട്. ഓരോ ടേബിളിലും മരിച്ചവരുടെ ഫോട്ടോ പ്രത്യേകം പതിച്ചിട്ടുണ്ട്. ഓരോ ആളുകളുടെയും വീടുകളിലേക്ക് എത്തിക്കുന്നതിനായി ആംബുലൻസുകളും സജ്ജമാക്കിയിട്ടുണ്ട്. തമിഴ്‌നാട്ടിലേക്ക് മൃതദേഹങ്ങൾ കൊണ്ട് പോകുന്നതിനുള്ള ആംബുലൻസുകൾ തമിഴ്‌നാട് സർക്കാർ അയച്ചിട്ടുണ്ട്.
മൃതദേഹങ്ങൾ ഏറ്റുവാങ്ങാനുള്ള ക്രമീകരണങ്ങൾ പൂർത്തിയായെന്ന് മന്ത്രിമാരായ പി. രാജീവ്, കെ. രാജൻ, വീണ ജോർജ് എന്നിവർ പറഞ്ഞു. 45 ഇന്ത്യക്കാർ മരിച്ചെന്നാണ് ഇതുവരെ സ്ഥിരീകരിച്ചിട്ടുള്ളതെന്നും അപകട വിവരം അറിഞ്ഞ സമയം മുതൽ കേന്ദ്ര സർക്കാരും സംസ്ഥാന സർക്കാരും ആവശ്യമായ നടപടികൾ ആരംഭിച്ചിരുന്നുവെന്നും മന്ത്രി കെ. രാജൻ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."