'ഇന്ത്യ ഒരു രാജ്യം ഒരു മതേതര സിവില്‍ കോഡ്' രീതിയിലേക്ക്' പ്രധാനമന്ത്രി
അഹമ്മദാബാദ്: ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്, ഏക സിവില്‍ കോഡ് എന്നീ രീതികളിലേക്ക് രാജ്യം മാറുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. സെക്കുലര്‍ സിവില്‍ കോഡാണ് ഇതെന്നും മോദി അവകാശപ്പെട്ടു. ഇത് രാജ്യത്തെ ശക്തിപ്പെടുത്തുമെന്നും മോദി കൂട്ടിച്ചേര്‍ത്തു. ഏകതാ ദിനത്തില്‍ സര്‍ദാര്‍ പട്ടേല്‍ പ്രതിമയില്‍ ആദരമര്‍പ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രതിപക്ഷ പാര്‍ട്ടികള്‍ക്കെതിരെ പരോക്ഷമായി രൂക്ഷ വിമര്‍ശനങ്ങളും പ്രധാനമന്ത്രി ഉന്നയിച്ചു. ചിലര്‍ രാജ്യത്തിന് വെല്ലുവിളി ഉയര്‍ത്തുന്നുണ്ട്. രാജ്യത്തിന്റെ ഐക്യത്തെ തകര്‍ക്കാന്‍ ലക്ഷ്യമിടുന്ന ഇത്തരക്കാരെ എല്ലാ രാജ്യസ്നേഹികളും തിരിച്ചറിയണം. അവരെ പ്രതിരോധിക്കുകയും വേണം. ഇവര്‍ രാജ്യത്ത് ഭിന്നത സൃഷ്ടിക്കാനാണ് ശ്രമിക്കുന്നതെന്നും അതിന് അനുവദിക്കരുതെന്നും പ്രധാനമന്ത്രി പറഞ്ഞു.
70 വര്‍ഷമായി നടക്കുന്ന കുപ്രചാരണങ്ങളെ തങ്ങളുടെ വോട്ടുകൊണ്ട് അവസാനിപ്പിച്ചിരിക്കുകയാണ് ജമ്മു കശ്മീരിലെ ജനത. ജമ്മു കശ്മീരില്‍ വിഘടനവാദവും ഭീകരവാദവുമാണ് ഉള്ളതെന്ന ആശയത്തെ മാറ്റിയെഴുതാനും അവര്‍ക്ക് സാധിച്ചു. മോദി പറഞ്ഞു.
ഇന്ത്യ അതിവേഗം വളര്‍ന്നുകൊണ്ടിരിക്കുകയാണ്. അതിവേഗം വികസിക്കുക എന്നത് ഒരു രാജ്യത്തെ സംബന്ധിച്ച് ഒരു ചെറിയ കാര്യമല്ലെന്ന് ചൂണ്ടിക്കാട്ടിയ മോദി രണ്ട് രാജ്യങ്ങള്‍ തമ്മില്‍ അകലം വര്‍ധിക്കുമ്പോള്‍ ലോക രാജ്യങ്ങളും ഇന്ത്യയും തമ്മിലുള്ള അകലം കുറഞ്ഞു കുറഞ്ഞു വരികയാണെന്നും കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."