വിമാനത്താവളത്തില്‍ പൊതുദര്‍ശനം; ആദരാജ്ഞലി അര്‍പ്പിച്ച് മുഖ്യമന്ത്രിയും നേതാക്കളും
കൊച്ചി: കുവൈത്തിലെ തീപിടിത്തത്തില്‍ മരിച്ച 23 മലയാളികള്‍ക്ക് നാടിന്‍റെ അന്ത്യാഞ്ജലി. നെടുമ്പാശ്ശേരി വിമാനത്താവളത്തിന് പുറത്ത് പ്രത്യേകം സജ്ജമാക്കിയ സ്ഥലത്ത് 23 മൃതദേഹങ്ങളും പൊതുദര്‍ശനത്തിനുവെച്ചു. മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും റീത്ത് സമര്‍പ്പിച്ച് അന്തിമോപചാരമര്‍പ്പിച്ചു. തുടര്‍ന്ന് മരിച്ചവരുടെ കുടുംബാംഗങ്ങളും ബന്ധുക്കളും അന്തിമോപചാരമര്‍പ്പിച്ചു. പൊലീസിന്‍റെ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു അന്തിമോപചാരം.
പൊതുദര്‍ശനത്തിനുശേഷം ഉച്ചയ്ക്ക് 12.30ഓടെ ആംബുലന്‍സുകളില്‍ അതാത് സ്ഥലങ്ങളിലേക്ക് മൃതദേഹങ്ങള്‍ കൊണ്ടുപോയി തുടങ്ങി. ഓരോ ആംബുലന്‍സുകളെയും ഒരു അകമ്പടി വാഹനവും അനുഗമിക്കുന്നുണ്ട്.
രാവിലെ 10.35ഓടെയാണ് മൃതദേഹങ്ങളുമായി കൊച്ചി നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ വിമാനം ലാന്‍ഡ് ചെയ്തത്. മുഖ്യമന്ത്രി പിണറായി വിജയന്‍, പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍, കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി, മന്ത്രിമാര്‍ തുടങ്ങിയവര്‍ വിമാനത്താവളത്തില്‍ മൃതദേഹങ്ങള്‍ ഏറ്റുവാങ്ങി. മൃതദേഹങ്ങള്‍ ഏറ്റുവാങ്ങാന്‍ മരിച്ചവരുടെ കുടുംബാംഗങ്ങളും ബന്ധുക്കളും വിമാനത്താവളത്തിലെത്തിയിരുന്നു.
ഇന്ത്യന്‍ സമയം 6.20ഓടെയാണ് വിമാനം കുവൈത്തില്‍ നിന്ന് പുറപ്പെട്ടത്. വ്യോമസേനയുടെ സി130 ജെ വിമാനത്തിലാണ് മൃതദേഹങ്ങള്‍ എത്തിച്ചത്.
വിമാനത്താവളത്തില്‍ ഓരോ മൃതദേഹങ്ങളും പൊതുദര്‍ശനത്തിന് വെക്കുന്നതിനായി പ്രത്യേകം ടേബിളുകള്‍ സജ്ജീകരിച്ചിട്ടുണ്ട്. ഓരോ ടേബിളിലും മരിച്ചവരുടെ ഫോട്ടോ പ്രത്യേകം പതിച്ചിട്ടുണ്ട്. ഓരോ ആളുകളുടെയും വീടുകളിലേക്ക് എത്തിക്കുന്നതിനായി ആംബുലന്‍സുകളും സജ്ജമാക്കിയിട്ടുണ്ട്. തമിഴ്‌നാട്ടിലേക്ക് മൃതദേഹങ്ങള്‍ കൊണ്ട് പോകുന്നതിനുള്ള ആംബുലന്‍സുകള്‍ തമിഴ്‌നാട് സര്‍ക്കാര്‍ അയച്ചിട്ടുണ്ട്.
45 ഇന്ത്യക്കാര്‍ മരിച്ചെന്നാണ് ഇതുവരെ സ്ഥിരീകരിച്ചിട്ടുള്ളതെന്നും അപകട വിവരം അറിഞ്ഞ സമയം മുതല്‍ കേന്ദ്ര സര്‍ക്കാരും സംസ്ഥാന സര്‍ക്കാരും ആവശ്യമായ നടപടികള്‍ ആരംഭിച്ചിരുന്നുവെന്നും മന്ത്രി കെ. രാജന്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."