ദുബൈ ജുഡിഷ്യൽ ഇൻസ്പെക്ഷൻ അതോറിറ്റി അംഗങ്ങൾ സ്ഥാനമേറ്റു
ദുബൈ: ദുബൈ ജുഡിഷ്യൽ ഇൻസ്പെക്ഷൻ അതോറിറ്റിയിലെ മൂന്നു പുതിയ അംഗങ്ങളുടെ സത്യപ്രതിജ്ഞാ ചടങ്ങ് യു.എ .ഇ വൈസ് പ്രസിഡന്റും പ്രധാന മന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ അധ്യക്ഷതയിൽ നടന്നു. ദുബൈയിലെ യൂനിയൻ ഹൗസിൽ നടന്ന ചടങ്ങിൽ ദുബൈ ഒന്നാം ഉപ ഭരണാധികാരിയും യു.എ.ഇ ഉപ പ്രധാനമന്ത്രിയും ധനകാര്യ മന്ത്രിയും ദുബൈ ജുഡിഷ്യൽ കൗൺസിൽ ചെയർമാനുമായ ശൈഖ് മക്തൂം ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമും പങ്കെടുത്തു. ദുബൈയുടെ ജുഡിഷ്യൽ കാര്യക്ഷമത വർധിപ്പിക്കുന്നതിൽ അവരുടെ നിർണായക പങ്ക് ഊന്നിപ്പറഞ്ഞ് പുതിയ ജഡ്ജിമാർ അവരുടെ സ്ഥാനങ്ങളിൽ വിജയിക്കട്ടെയെന്ന് ശൈഖ് മുഹമ്മദ് ആശംസിച്ചു. ന്യായം ഉയർത്തിപ്പിടിക്കുന്നതിലും സമൂഹത്തെ സംരക്ഷിക്കുന്നതിലും നിയമവാഴ്ച നില നിർത്തുന്നതിലും ജഡ്ജിമാർ വഹിക്കുന്ന പ്രധാന പങ്കും അദ്ദേഹം എടുത്തുകാട്ടി.
സത്യപ്രതിജ്ഞ ചെയ്ത ജുഡിഷ്യൽ ഇൻസ്പെക്ഷൻ അതോറിറ്റി അംഗങ്ങളിൽ ഡോ. മുസ്തഫഅലി ഖലഫ് മുഹമ്മദ് അമീൻ, ഡോ. ഹുസൈൻ അലി സാലിഹ് അൽ അംരി, ഡോ. നാസർ മുഹമ്മദ് സബീതൻ അൽ ഹലാമ എന്നിവരും ഉൾപ്പെടുന്നു. ചടങ്ങിൽ ദുബൈജുഡിഷ്യൽ കൗൺസിൽ വൈസ് ചെയർമാൻ മുഹമ്മദ് ഇബ്രാഹിം അൽ ഷൈബാനി, ചാൻസലർ എസ്സാം ഈസ അൽ ഹുമൈദാൻ, ദുബൈ അറ്റോർണി ജനറൽ സെയ്‌ഫ് ഗാനേം അൽ സുവൈദി, ദുബൈ കോടതികളുടെ ഡയരക്ടർ ജനറൽ ഡോ. ജഡ്ജി മുഹമ്മദ് മുബാറക് അൽ സബൂസി എന്നിവരും പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."