ജാതിയധിക്ഷേപം: സത്യഭാമയ്ക്ക് ജാമ്യം; സമാനമായ കുറ്റം ആവര്‍ത്തിക്കരുതെന്ന് കോടതിയുടെ താക്കീത്
തിരുവനന്തപുരം: നര്ത്തകന് ആര്‍എല്‍വി രാമകൃഷ്ണനെ ജാതീയമായി അധിക്ഷേപിച്ച കേസില്‍ മോഹിനിയാട്ട നര്‍ത്തകി കലാമണ്ഡലം സത്യഭാമയ്ക്ക് ജാമ്യം. നെടുമങ്ങാട് എസ്സി/ -എസ്ടി കോടതിയാണ് ജാമ്യം അനുവദിച്ചത്. പൊലീസ് ആവശ്യപ്പെടുമ്പോഴെല്ലാം ഹാജരാകണമെന്നതുള്‍പ്പെടെയുള്ള ഉപാധികളോടെയാണ് ജാമ്യം.
സമാനമായ കുറ്റം ആവര്‍ത്തിക്കരുതെന്നും കോടതി താക്കീത് ചെയ്തു. ആര്‍എല്‍വി രാമകൃഷ്ണനെതിരെ മനഃപൂര്‍വം അധിക്ഷേപ പരാമര്‍ശം നടത്തിയിട്ടില്ലെന്നാണ് സത്യഭാമ കോടതിയെ അറിയിച്ചത്. കറുത്തകുട്ടി എന്ന പരാമര്‍ശം എങ്ങനെ എസ് സി/ -എസ് ടി നിയമത്തിന്റെ പരിധിയില്‍ വരുമെന്നും വടക്കേ ഇന്ത്യയില്‍ വെളുത്ത ആളുകളും എസ് സി/ -എസ് ടി വിഭാഗത്തില്‍ ഉണ്ടെന്നും സത്യഭാമയ്ക്കുവേണ്ടി കോടതിയില്‍ ഹാജരായ അഭിഭാഷകന് ആളൂര്‍ വാദിച്ചു. വിവാദത്തെ തുടര്‍ന്ന് തനിക്ക് വിദ്യാര്‍ത്ഥികളെ നഷ്ടമായെന്നും ജീവിതമാര്‍ഗം വഴിമുട്ടിയെന്നും സത്യഭാമ കോടതിയില്‍ അറിയിച്ചു.
സത്യഭാമയുടെ ജാമ്യ ഹര്‍ജിയെ രാമകൃഷ്ണനും പ്രോസിക്യൂഷനും എതിര്‍ത്തു. പറഞ്ഞ വാക്കുകളില്‍ സത്യഭാമ ഉറച്ചുനില്‍ക്കുകയും വിവാദമായതിനു ശേഷവും മാധ്യമങ്ങളിലൂടെയും മറ്റും സമാനമായ പ്രതികരണം ആവര്‍ത്തിക്കുകയും പ്രതി അധ്യാപികയാണെന്നും മകനെപ്പോലെ സംരക്ഷിക്കേണ്ട ആളായിരുന്നുവെന്നും രാമകൃഷ്ണന് പറഞ്ഞു. പ്രതിയെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യേണ്ടത് അനിവാര്യമാണെന്ന പ്രോസിക്യൂഷന്റെ വാദം തള്ളിയാണ് കോടതി ജാമ്യം നല്‍കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."