നൊമ്പരത്തിലും പുഞ്ചിരിച്ച്, പ്രാർഥനയോടെ ബലി പെരുന്നാളിനെ വരവേറ്റ് ഗസ്സ
ബലി പെരുന്നാൾ അഥവാ ഈദുൽ അദ്ഹ എന്നാൽ ത്യാഗത്തിന്റെ ഓർമ പുതുക്കലാണ്. ഗസ്സയിലെ അനേകായിരങ്ങളെ സംബന്ധിച്ച് ത്യാഗത്തിന്റെ പരകോടിയിലാണ് അവർ ഇത്തവണത്തെ ബലി പെരുന്നാൾ ആഘോഷിക്കുന്നത്. ജീവനറ്റ ഉറ്റവരുടെ ഓർമയിൽ, തകർന്ന സ്വപ്നങ്ങളുടെ നെടുവീർപ്പുകളിൽ, നഷ്ടപ്പെട്ട സമ്പാദ്യത്തിന്റെ കണ്ണീരിൽ ഗസ്സയിലെ മനുഷ്യർ പെരുന്നാൾ ആഘോഷിക്കുകയാണ്.
ഇല്ലായ്മകളിലും നഷ്ടപ്പെടലുകളിലും പുഞ്ചിരിക്കാൻ പഠിച്ചവരാണ് ഗസ്സയിലെ മനുഷ്യർ. മുതിർന്നവരായാലും കുട്ടികളായാലും അതിൽ മാറ്റമില്ല. പുത്തൻ വസ്ത്രങ്ങളും ആഘോഷങ്ങളുമില്ലാതെയാണ് മിക്കവരും പെരുന്നാളിനെ വരവേൽക്കുന്നത്. പട്ടിണിയുടെ ദിനങ്ങളിൽ കഴിയുന്ന മനുഷ്യർക്ക് വയറുനിറച്ചൊരു ഭക്ഷണം എന്നത് പോലും ഈ പെരുന്നാളിലെ അത്യാഡംബരമാണ്. ഭക്ഷണം പാകം ചെയ്യാൻ നല്ലൊരു പാത്രം പോലും ശേഷിക്കാത്ത വിധം വീടുകൾ കോൺക്രീറ്റ് പൊടിക്കടിയിൽ നഷ്ടമായ മനുഷ്യരാണ് അവർ.
ബൈത്തുകൾ കൊണ്ട് മുഖരിതമാകേണ്ട ഗസ്സയിലെ തെരുവകൾ പോലും ഇന്നില്ല. വെള്ള വസ്ത്രമണിഞ്ഞ്, കഫിയ ധരിച്ച് മസ്ജിദുകളിലേക്ക് നടന്ന് നീങ്ങിയിരുന്ന മനുഷ്യർക്ക് ഇന്ന് പോകാൻ ഗസ്സയുടെ തെരുവുകളിൽ പള്ളികൾ ഇല്ല. അവരുടെ ഏറ്റവും വലിയ ആരാധന കേന്ദ്രമായിരുന്ന ബൈത്തുൽ മുഖദ്ദസ് ഇന്ന് അവരുടെ കണ്ണുകളിൽ നിന്ന് അകലെയാണ്. സയണിസ്റ്റ് ക്രൂരതയുടെ തെളിവ് കണ്ണില്ലാത്ത ലോകത്തിന് കാണിച്ച് നൽകുകയാണ് ഫലസ്തീൻ ഇപ്പോൾ. ജീവൻ അടർന്നുപോയ അനേകായിരം മനുഷ്യരും പിഞ്ചുകുഞ്ഞുങ്ങളും തുറപ്പിക്കാത്ത ലോകത്തിന്റെ കണ്ണിൽ ഫലസ്തീനിലെ, ഗസ്സയിലെ, റഫയിലെ കാഴ്ചകൾ പതിയില്ലായിരിക്കാം. പക്ഷെ അവരുടെ വിശ്വാസത്തിൽ, തങ്ങളുടെ നൊമ്പരം കാണാൻ ആളുണ്ടെന്ന ഉറപ്പിന്മേലാണ് ഈ പെരുന്നാൾ അവർ ആഘോഷിക്കുന്നത്.
ഗസ്സയിൽ ഇസ്‌റാഈൽ നടത്തിയ ആക്രമണത്തിൽ 15,517 കുട്ടികളും 10,279 സ്ത്രീകളും ഉൾപ്പെടെ 37,232 ഫലസ്തീനികൾ കൊല്ലപ്പെടുകയും 85,037 ഇരകൾക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. ആയിരക്കണക്കിന് മൃതദേഹങ്ങൾ ഇപ്പോഴും തകർന്ന കെട്ടിടങ്ങളുടെയും ആശുപത്രികളും സ്കൂളുകളും ഉൾപ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങളുടെ അവശിഷ്ടങ്ങൾക്കടിയിലാണ്.
പെരുന്നാളിനിടെ വെസ്റ്റ്ബാങ്കിൽ 80,000 ഫലസ്തീനികൾക്കുള്ള വർക്ക് പെർമിറ്റുകൾ ഇസ്‌റാഈൽ മരവിപ്പിച്ചു. സംഘർഷത്തിന് മുമ്പ്, ഫലസ്തീൻ സമ്പദ്‌വ്യവസ്ഥയുടെ നിർണായക വരുമാന സ്രോതസ്സായ ഇസ്‌റാഈലിൽ 170,000 ഫലസ്തീനികൾ ജോലി ചെയ്തിരുന്നു.
ഈദ് അൽ-അദ്ഹയ്ക്ക് മുന്നോടിയായി, സെൻട്രൽ വെസ്റ്റ് ബാങ്കിലെ റമല്ലയിലെയും എൽ-ബിരെയിലെയും ഷോപ്പുകൾ, കന്നുകാലി ചന്തകൾ തുടങ്ങി എല്ലാം സ്തംഭനാവസ്ഥയിലാണ്.
"ഈ വർഷം ഞങ്ങൾക്ക് സന്തോഷമില്ല." - നാദിർ അബു അറബ് പറയുന്നു. "ഞങ്ങൾക്ക് സന്തോഷമൊന്നും ബാക്കിയില്ല. എല്ലാ വീട്ടിലും വിലാപമുണ്ട്. ദിവസവും ഡസൻ കണക്കിന് ആളുകൾ കൊല്ലപ്പെടുന്നു. 1948 ലെ നക്ബയെക്കാൾ മോശമാണ് ഞങ്ങളുടെ അവസ്ഥ. ഞങ്ങളെ സംബന്ധിച്ചിടത്തോളം ഈ പെരുന്നാൾ രക്തസാക്ഷികൾക്കും നാടുകടത്തപ്പെട്ടവർക്കും വേണ്ടി പ്രാർഥിക്കാനും പെരുന്നാൾ കർമ്മങ്ങൾ ചെയ്യാനും കുടുംബങ്ങളെ സഹായിക്കാനും മാത്രമായി പരിമിതപ്പെടുത്തിയിരിക്കുന്നു. " നാദിർ അബു അറബ് പറയുന്നു.
"നമ്മുടെ ആളുകൾ അനുദിനം കൊല്ലപ്പെടുകയും കൂട്ടക്കൊലകൾ നടക്കുകയും ചെയ്യുമ്പോൾ സന്തോഷത്തിന് ഇടമില്ല. കുടിയൊഴിപ്പിക്കപ്പെട്ട കുടുംബങ്ങളെയും അന്നദാതാക്കളെ നഷ്ടപ്പെട്ടവരെയും സഹായിക്കാൻ ഈദ് ചെലവഴിക്കുന്നതാണ് നല്ലത്." മുസ്തഫ സെമീർ എന്ന യുവാവ് അഭിപ്രായപ്പെടുന്നു.
"യുദ്ധത്തിൻ്റെ നിഴലിൽ ഇത് രണ്ടാം പെരുന്നാളാണ്. ഞങ്ങൾക്ക് സന്തോഷമൊന്നും അവശേഷിക്കുന്നില്ല. യുദ്ധം, നാശം, വിലാപം, വർദ്ധിച്ചുവരുന്ന സാമ്പത്തിക സ്ഥിതി എന്നിവ കാരണം വളരെ കുറച്ച് ആളുകൾ ഈദിന് ഷോപ്പിംഗ് നടത്തുകയും പുതിയ വസ്ത്രങ്ങൾ വാങ്ങുകയും ചെയ്യുന്നു" റാമല്ലയിൽ ഒരു തുണിക്കടയുടെ ഉടമയായ ഒസാമ അബ്ബൂദ് പറഞ്ഞു.
"ഞങ്ങൾ ഇപ്പോഴും റമദാൻ മാസത്തിലെ ഉൽപ്പന്നങ്ങൾ പ്രദർശിപ്പിക്കുന്നു. വിപണിയിൽ ഒരു പ്രവർത്തനവുമില്ല. ആളുകൾ വരുന്നത് അത്യാവശ്യമുള്ളത് വാങ്ങാൻ മാത്രമാണ്. എല്ലാം ഉണ്ടായിരുന്നിട്ടും ഞങ്ങൾ അല്ലാഹുവിന് നന്ദി പറയുന്നു." ബിലാൽ കാസിം എന്ന വ്യാപാരി പറഞ്ഞു.
അല്ലാഹുവിന്റെ കൽപന അനുസരിച്ച് പ്രവാചകനായ ഇബ്രാഹിം നബി സ്വന്തം മകനായ ഇസ്മായിൽ നബിയെ ബലിയർപ്പിക്കാൻ തുനിഞ്ഞതിന്റെ ഓർമ പുതുക്കിയാണ് ലോകമാകെയുള്ള മുസ്‌ലിം സമൂഹം ബലി പെരുന്നാൾ അഥവാ ഈദുൽ അദ്ഹ ആഘോഷിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."